പി. രാജീവ്
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ മന്ത്രി പി. രാജീവ്. തെരഞ്ഞെടുപ്പ് സമയത്ത് പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം അതേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
വാഗ്ദാനങ്ങൾ പറയാൻ മാത്രമല്ല, അത് നടപ്പാക്കാനുള്ള നട്ടെല്ലും ഭരണത്തിന് ആവശ്യമാണെന്നും രാജീവ് പറഞ്ഞു. എൽ ഡി എഫ് സർക്കാർ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നത്.
പദ്ധതിയിൽ ഒപ്പുവെച്ചതിന്റെ പേരിൽ ഒരു രൂപയുടെ ഫണ്ടും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് കെ ഫണ്ട് ലഭ്യമാക്കുന്നതിനായി മന്ത്രിസഭയുടെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും രാജീവ് അഭിപ്രായപ്പെട്ടു.
എൽഡിഎഫ് സർക്കാർ സ്വീകരിച്ച മാതൃകയിൽ പദ്ധതി നിർത്തിവെക്കാൻ യുഡിഎഫ് സർക്കാരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്നും പി. രാജീവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Tags : P.Rajeeve PM SHRI Scheme UDFGovernment Criticism