ഇ20 ഇന്ധനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന തെഹ്സീൻ പൂനാവാല
ന്യൂഡൽഹി: രാജ്യത്ത് എഥനോൾ കലർത്തിയ ഇ20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള 'ടീം ഭാരത്' സംഘടനയുടെ നേതാവും സാമൂഹിക പ്രവർത്തകനുമായ തെഹ്സീൻ പൂനാവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. കേന്ദ്ര സർക്കാറിനും ഇ20 നയങ്ങൾക്കുമെതിരെ സത്യം വിളിച്ചുപറഞ്ഞതിനാണ് തന്റെ അക്കൗണ്ട് വിലക്കിയതെന്ന് പൂനാവാല ആരോപിച്ചു.
എഥനോൾ ചേർത്ത ഇ20 പെട്രോൾ ഉപയോഗിച്ച് വാഹനം കേടായ ഒരൊറ്റ സംഭവമെങ്കിലും കാണിച്ചുതരാൻ വെല്ലുവിളിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മറുപടിയുമായി പൂനാവാല രംഗത്തെത്തിയിരുന്നു. ഒന്നല്ല, ഇ20 ഇന്ധനം മൂലം വാഹനം കേടായ ആറ് വാഹന ഉടമകളെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്നും, എന്നാൽ ഈ കൂടിക്കാഴ്ച മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് റദ്ദാക്കപ്പെട്ടത്.
നേരത്തെ ഡൽഹി ജന്തർ മന്തറിലും ഇ20 പെട്രോളിനെതിരെ ടീം ഭാരതിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. വിഷയം ഉന്നയിച്ച് നാളെ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് നടപടി.
Tags : TehseenPoonawalla NitinGadkari LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash