കായംകുളം: കുപ്രസിദ്ധ ഗുണ്ടയും കഞ്ചാവ് വിൽപ്പനക്കേസിലെ പ്രതിയുമായ കായംകുളം ചേരാവള്ളി മുല്ലശേരിൽ ഷെമീറിനെ (മാങ്ങാണ്ടി ഷെമീർ-40) കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി കായംകുളം, നൂറനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനി പ്പെടുത്തൽ, അതിക്രമിച്ച് കയറൽ, കാപ്പാ നിയമലംഘനം മുതലായ കേസുകളിൽ മാങ്ങാണ്ടി ഷെമീർ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മൂന്നുതവണ നാടുകടത്തൽ ഉൾപ്പെടെ ഇയാൾക്കെതിരേ മുമ്പ് കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി കഞ്ചാവ് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയായ ഇയാളെ 2025 ജൂണിൽ താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരേ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
Tags : nattu vishesham Operation Toofan