International
കാഠ്മണ്ഡു: നേപ്പാളിൽ അധികാരം പിടിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് (ആർഎസ്പി) 182 സീറ്റ്. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റിൽ 125 എണ്ണം ആർഎസ്പി നേടിയിരുന്നു.
ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള 110 സീറ്റുകളിൽ 57 എണ്ണംകൂടി ആർഎസ്പി നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 138 പേരുടെ പിന്തുണയാണ്.
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമെന്ന് ആർഎസ്പി പാർട്ടി നേതൃത്വം നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
Kerala
ആറ്റിങ്ങൽ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ആർഎസ്പി നേതാവ് സന്തോഷ് ഭദ്രൻ ആണ് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയുടെ വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സന്തോഷ് ഭദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
മുന്നണി ധാരണ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിൽ ആർഎസ്പിയുടേതാണ് ആറ്റിങ്ങൽ സീറ്റ്. ഇവിടെ നമുക്കൊരു യുഡിഎഫ് എംഎൽഎയുണ്ടാകണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സന്തോഷ് ഭദ്രനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആറ്റിങ്ങൽ ആരുടെയും കോട്ടയല്ലെന്ന് പറഞ്ഞ വി.ഡി.സതീശൻ ജനപിന്തുണയോടെ യുഡിഎഫ് നടത്തുന്ന തേരോട്ടത്തിൽ ആ കോട്ട ഇടിഞ്ഞുവീഴുമെന്നും അഭിപ്രായപ്പെട്ടു.
ഇവിടെ നമുക്കൊരു യുഡിഎഫ് എംഎൽഎയുണ്ടാകണം. ആറ്റിങ്ങൽ ഗവ. കോളജ് യൂണിയൻ ചെയർമാനായിരുന്ന സന്തോഷ് തന്നെ അസൂയപ്പെടുത്തിയ മികച്ച പ്രാസംഗികനാണെന്നും സതീശൻ പറഞ്ഞു.
നിലവിൽ സിപിഎമ്മിന്റെ ഒ.എസ്. അംബികയാണ് ആറ്റിങ്ങൽ എംഎൽഎ. 2001ൽ വക്കം പുരുഷോത്തമൻ ആയിരുന്നു നിയമസഭയിലേക്കെത്തിയ അവസാനത്തെ യുഡിഎഫ് അംഗം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 36,398 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ആർഎസ്പി സ്ഥാനാർഥി എ. ശ്രീധരൻ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സന്തോഷ് ഭദ്രൻ ആറ്റിങ്ങൽ ഗവ. കോളജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു.
Kerala
കോട്ടയം: ആര്എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്ട്ടി വിട്ടത്.
എന് കെ പ്രേമചന്ദ്രന് എംപിയുടെ മകന് കാര്ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്എസ്പിയില് കലഹം രൂക്ഷമായിരുന്നു. കാര്ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ് നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമര്ശനം.
ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകന് ജയിച്ചാല് കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്. കാര്ത്തിക് ജയിച്ച് എങ്ങാന് മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.
രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ് മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില് പരീക്ഷിച്ചാല് ജയിക്കും. നേര്ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്ത്തിച്ചാലും ആര്എസ്പിക്കാരനായി പ്രവര്ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള്ക്കിടെ ആര്എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില് സ്ഥാനാര്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്എസ്പിയില് കടുത്ത പോരിന് ഇടയാക്കിയത്.
Kerala
കൊല്ലം: ഇരവിപുരത്തെ സ്ഥാനാര്ഥി നിർണയവുമായി ബന്ധപ്പെട്ട് ആര്എസ്പിയില് പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എന്. നൗഷാദ് രാജിവച്ചു. സ്ഥാനാർഥി ചർച്ചയിൽ ഇരവിപുരത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളാണ് നൗഷാദ്.
ഇരവിപുരത്തെ സ്ഥാനാർഥി നിർണയം വിജയ സാധ്യത പരിശോധിക്കാതെയാണ്. ഇതിൽ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് നൗഷാദ് വ്യക്തമാക്കി. ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹനെയാണ് ഇരവിപുരത്തെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ താൽപര്യപ്രകാരമാണ് സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചത്. സ്വന്തം മകന് സീറ്റ് നൽകണമെന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കിയത്.
ആർഎസ്പി എന്നത് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നാണെന്നും അല്ലാതെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടിയെന്നല്ലെന്നും നൗഷാദ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ആര്എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പാര്ട്ടിയുടെ പരമ്പരാഗത മണ്ഡലമായ ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്ക്കം മുറുകുന്നു. ചേരി തിരിഞ്ഞുള്ള തര്ക്കമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് ഇന്ന് നടന്നത്. ആര്എസ്പിയിലെ മുതിര്ന്ന നേതാവും എംപിയുമായ എന്.കെ. പ്രേമചന്ദ്രന്റെ മകന് കാര്ത്തിക് പ്രമേചന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള് ആവശ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഭൂരിപക്ഷമാളുകള് ഇതിനെ പിന്തുണച്ചെങ്കിലും പാര്ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ് ആ തീരുമാനത്തെ എതിര്ത്തു.
അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം കോര്പ്പറേഷന് കൗണ്സിലറുമായ എം.എസ്. ഗോപകുമാറിന്റെ പേരാണ് ഷിബു ബേബി ജോണ് മുന്നോട്ടുവെച്ചത്. തര്ക്കമുണ്ടായ സാഹചര്യത്തില് കൊല്ലം ഇരവിപുരം സീറ്റില് നിന്നും ആര്എസ്പിയുടെ യുവജനസംഘടനയായ ആര്വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സമവായ സ്ഥാനാര്ഥിയായി മത്സരിപ്പക്കാനുള്ള നീക്കവും ശക്തമാണ്. എന്നാല് ഇക്കാര്യത്തില് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
കൊല്ലത്ത് ചവറ, കുന്നത്തൂര്, ഇരവിപുരം മണ്ഡലങ്ങളിലാണ് ആര്എസ്പി സ്ഥാനാര്ഥികള് മത്സരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന്റെ എം.നൗഷാദാണ് സിറ്റിംഗ് എംഎല്എ. ഇത്തവണയും ഇരവിപുരത്ത് സിപിഎം എം. നൗഷാദിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചവറയില് നിന്നും പാര്ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ് തന്നെയാണ് സ്ഥാനാര്ഥി, കുന്നത്തൂരില് ആര്വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരാണ് മത്സരിക്കുന്നത്.
Kerala
കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക.
അതേസമയം, സീറ്റുകൾ വച്ചു മാറുന്നതിൽ വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കാൾ തിങ്കളാഴ്ച ചർച്ച നടത്തും. ഇടുക്കിയിൽ വച്ചാണ് ചർച്ച.
ഇരവിപുരത്ത് എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് മത്സരിക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. സജി ഡി. ആനന്ദും പരിഗണനയിലുണ്ട്. ഈ മാസം 24ന് മണ്ഡലം കമ്മിറ്റികൾ ചേരാനും തീരുമാനമായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക്ക് സ്ഥാനാർഥിയാകും.
Kerala
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ "പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു.
അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ "പാവപ്പെട്ട' എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന.
ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ "പാവങ്ങൾ' എന്ന പദം ഉണ്ടാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം;
ഇന്നത്തെ പ്രസ്താവനയിൽ എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുന്നത് കണ്ടു. എന്നാൽ ഞാൻ മാഷിനൊപ്പമാണ്. അഞ്ചു വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാവില്ല, കാരണം എല്ലാവരും പട്ടിണി കാരണം മരണപ്പെടും.
അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കും. താത്വികാചര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസ്സിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുത്.
Kerala
തിരുവനന്തപുരം: കൊല്ലം സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ആർഎസ്പിയോട് കോണ്ഗ്രസ്. മട്ടന്നൂരിനു പകരം കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റും, ആറ്റിങ്ങലിനു പകരം വാമനപുരവും ഇന്നലെ വൈകുന്നേരം നടന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ലീഗ് അടക്കമുള്ള മറ്റ് ഘടകകക്ഷികളുമായി ആലോചിച്ചശേഷം രണ്ടു ദിവസത്തിനകം മറുപടി അറിയിക്കാമെന്നാണ് കോണ്ഗ്രസ് നേതൃത്വം അറിയിച്ചത്.
ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പി മത്സരിച്ചത്. ഇതിൽ മട്ടന്നൂരിൽ ആർഎസ്പി സ്ഥാനാർഥി വൻ പരാജയമാണു നേരിട്ടത്.
മട്ടന്നൂരിന് പകരം കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരു മണ്ഡലമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ നടന്ന രണ്ടാഘട്ട ഉഭയകകക്ഷി ചർച്ചയിൽ ഇതിനു പകരം ചടയമംഗലം ആവശ്യപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ഏറെ സ്വാധീനമുള്ള ചടയമംഗലത്ത് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, മുസ്ലിം ലീഗുമായുള്ള ചർച്ച കൂടി പൂർത്തിയാകുന്ന മുറയ്ക്കേ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ. ആർഎസ്പിക്കുവേണ്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, ബാബു ദിവാകരൻ, എ.എ. അസീസ് തുടങ്ങിയവർ പങ്കെടുത്തു.
യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കുമായും ചർച്ച നടത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സീറ്റാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടത്. ചാത്തന്നൂർ സീറ്റ് ലഭിച്ചാൽ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കും. അടുത്ത ദിവസങ്ങളിൽ കേരള കോണ്ഗ്രസ്- ജോസഫ് വിഭാഗം അടക്കമുള്ളവരുമായി ചർച്ച നടത്തും.
Kerala
കൊല്ലം: രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ 36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു. മുഖ്യമന്ത്രി-വെള്ളാപ്പള്ളി കാര് യാത്രയെ വിമര്ശിച്ചതിന്റെ പേരില് സിപിഎം താക്കീതു ചെയ്തിരുന്നു. ആര്എസ്പിയില് ചേരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില് പാര്ട്ടി അംഗത്വം സ്വീകരിക്കും. കേരളത്തില് വലതു വ്യതിയാനത്തിലേക്കാണ് സിപിഎം പോകുന്നതെന്നു ഹസ്കര് പറഞ്ഞു. ജീര്ണതയുടെ പടുകുഴിയിലേക്കു സിപിഎം എത്തിയിരിക്കുന്നു.
പാര്ട്ടിക്കും ഭരണകൂടത്തിനും മുകളിലായി ഒരു പുതിയ വര്ഗം രൂപപ്പെട്ടു. അവരാല് നിയന്ത്രിക്കപ്പെടുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പാര്ട്ടിയായി സിപിഎം മാറി. രക്തസാക്ഷികളുടെ ഫണ്ട് വെട്ടിച്ചതു സംബന്ധിച്ചു പറഞ്ഞവരെ പാര്ട്ടി പുറത്താക്കി.
ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിനു പുറത്താക്കുന്ന മനോഭാവമാണിത്. അവനവനുവേണ്ടിയല്ലാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവത്യാഗത്തെപോലും തട്ടിക്കുന്ന, ധനാപഹരണം നടത്തുന്ന നേതാക്കന്മാര്ക്കെതിരേ പാര്ട്ടി നടപടിയെടുത്തിട്ടില്ല. അത് ദൗര്ഭാഗ്യകരമാണ്.
36 വര്ഷമായി പാര്ട്ടി അംഗത്വമുണ്ടെന്നും അതിനു മുന്പ് എസ്എഫ്ഐയിലും സജീവമായിരുന്നുവെന്നും ഹസ്കര് പറഞ്ഞു. അടിമുടി പാര്ട്ടിക്കൊപ്പം നടന്ന ആളാണ്. ഇപ്പോള് നടക്കുന്ന കാര്യങ്ങള് ഉള്ക്കൊള്ളാന് കഴിയുന്നില്ല. ഇടതുവ്യതിയാനം സഹിക്കാന് കഴിയുന്നില്ല.
ഒരു മാര്ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയ്ക്കു മാത്രമേ എന്നെ ഉള്ക്കൊള്ളാന് കഴിയൂ. ഇടതുബദലായി പ്രവര്ത്തിക്കുന്നത് ദേശീയ തലത്തില് കോണ്ഗ്രസാണ്. കേരളത്തില് വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകള് ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്. അതാണ് ആര്എസ്പിയില് ചേരാന് തീരുമാനിച്ചതെന്നും ഹസ്കര് പറഞ്ഞു
Kerala
കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.
അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: ഇടത് നിരീക്ഷകനായ അഡ്വ. ബി.എൻ. ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. ഇന്ന് ഹസ്കർ ആർഎസ്പിയിൽ ചേരും.
സിപിഎമ്മിന്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് ഹസ്കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.
അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. ഹസ്കറിന് ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്നായിരുന്നു ഹസ്കർ യോഗത്തിൽ മറുപടി നൽകിയത്.
Kerala
തിരുവനന്തപുരം: ആർഎസ്പിക്ക് ഇരവിപുരത്തിനു പകരം ചടയമംഗലം നൽകിയേക്കും. സ്ഥാനാർഥിത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരിനാണു മുൻതൂക്കം. യുഡിഎഫിൽ കൊല്ലത്ത് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ടിടത്തും ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റത്തിനാണ് ആദ്യഘട്ട ചർച്ചയിൽ ധാരണ.
കൊല്ലം ജില്ലയിൽ ആർഎസ്പിയുടെ ഇരവിപുരം സീറ്റ് മുസ്ലിം ലീഗിനു നൽകി, ചടയമംഗലം സീറ്റ് ആർഎസ്പിക്കു നൽകാനാണ് ആലോചന. ലീഗിന്റെ പുനലൂർ സീറ്റ് കോണ്ഗ്രസ് ഏറ്റെടുത്തേക്കും. പുനലൂർ സീറ്റ് കോണ്ഗ്രസ് ഏറ്റെടുത്താൽ കെപിസിസി ജനറൽ സെക്രട്ടറി സൈമണ് അലക്സ്, യൂത്ത് കോണ്ഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ സഞ്ജയ് ഖാൻ എന്നിവരെയാണു മത്സരരംഗത്തേക്കു പരിഗണിക്കുന്നത്. നിലവിൽ ഈ മൂന്നു സീറ്റുകളും യുഡിഎഫിനു നഷ്ടമായവയാണ്.
സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു തിരുവനന്തപുരം സീറ്റിനു പകരം തിരുവന്പാടിയാണു പരിഗണിക്കുന്നത്. യുഡിഎഫ് പൊതുസ്ഥാനാർഥിയെന്ന നിലയിൽ കരുതി സി.പി. ജോണിനു മത്സരിക്കാൻ തിരുവന്പാടി നൽകാൻ ലീഗ് തയാറാകുമെന്നാണു സൂചന.
തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണ് മത്സരിക്കുന്നില്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, മുൻ എംഎൽഎയും നിലവിലെ കോർപറേഷൻ കൗണ്സിലറുമായ കെ.എസ്. ശബരീനാഥൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ എന്നിവരുടെ പേരിനാകും മുൻതൂക്കം.
കെ. മുരളീധരൻ തിരുവനന്തപുരത്തു മത്സരിച്ചാൽ, വട്ടിയൂർക്കാവിൽ കെ.എസ്. ശബരീനാഥനാണു മുൻതൂക്കം. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരാണ് നേരത്തേ മുതൽ പറഞ്ഞുകേട്ടിരുന്നത്.
ആർഎസ്പി മത്സരിച്ചിരുന്ന ആറ്റിങ്ങൽ മണ്ഡലം കോണ്ഗ്രസ് ഏറ്റെടുത്ത ശേഷം വാമനപുരം ആർഎസ്പിക്ക് നൽകാനാണ് പ്രാഥമിക ചർച്ചയിലെ ധാരണ. ആർഎസ്പിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സനൽകുമാറിന്റെ പേരിനാണ് വാമനപുരത്ത് മുൻതൂക്കം. സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ മുൻ മന്ത്രി പന്തളം സുധാകരന്റെ പേരിനാണു മുൻതൂക്കമുള്ളത്.
ഹൈക്കമാൻഡുമായുള്ള ഡൽഹി ചർച്ചയ്ക്കു ശേഷം മുതിർന്ന കോണ്ഗ്രസ് ഇന്നു മടങ്ങിയെത്തിയ ശേഷം യുഡിഎഫ് സീറ്റ് വിഭജന ഉഭയകകക്ഷി ചർച്ചകൾ തുടരും.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആർഎസ്പിയിൽ അഭിപ്രായഭിന്നത. സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ സാന്പത്തിക ആരോപണമുൾപ്പടെയുള്ള ഉന്നയിച്ച് ദേശീയ സമിതിയംഗത്തിന്റെ ശബ്ദസന്ദേശം പാർട്ടി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നു. ദേശീയ സമിതിയംഗവും മുതിർന്ന നേതാവുമായ കണ്ണൂരിലെ ഇല്ലിക്കൽ ആഗസ്തിയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മട്ടന്നൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാർട്ടി സാന്പത്തികമായി സഹായിച്ചില്ല. മാത്രമല്ല, കോൺഗ്രസ് അനുവദിച്ച പത്തുലക്ഷം രൂപ പാർട്ടി നേതൃത്വം കൈപ്പറ്റിയിട്ടും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയില്ലെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തന്റെ മണ്ഡലത്തിലേക്കു തിരിഞ്ഞു നോക്കിയില്ലെന്നും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ പാർട്ടിക്കു വേണ്ടെന്ന ഷിബു ബേബി ജോണിന്റെ പരാമർശത്തെയും ഇദ്ദേഹം വിമർശിക്കുന്നു. പാർട്ടിയെ കൊല്ലത്തെ മൂന്നു സീറ്റുകളിൽ ഒതുക്കാനുള്ള നീക്കമാണെതിനു പിന്നിലത്രേ. 13ന് സംസ്ഥാന സെക്രട്ടേറിയറ്റും 14ന് സംസ്ഥാന സമിതിയും ചേരാനിരിക്കെയാണ് ഇല്ലിക്കൽ ആഗസ്തി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
യുഡിഎഫിൽ എത്തിയ ശേഷം മൂന്നു തദ്ദേശ തെരഞ്ഞെടുപ്പുകളിലും രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ആര്എസ്പി വട്ടപ്പൂജ്യമായി. ഈ നിലയില് പോയാല് 2026 ല് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റമുണ്ടാകില്ല. ഒറ്റ രാത്രി കൊണ്ട് മുന്നണി മാറിയതിന്റെ ഫലമാണ് പരാജയങ്ങൾക്ക് കാരണം. ഇത് തിരുത്തപ്പെടണം.
കേരള കോൺഗ്രസ്-മാണി, ആർജെഡി എന്നീ പാർട്ടികൾ യുഡിഎഫ് വിട്ടപ്പോൾ കൂടുതൽ സീറ്റുകൾ ആർഎസ്പിക്ക് വാങ്ങിച്ചെടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. . രാജാവ് നഗ്നനാണ് എന്ന് പറയാൻ പാർട്ടിയിലുള്ളവർ തയാറാകണം. പാർട്ടിയിലെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കണമെന്നും ശബ്ദസന്ദേശത്തിൽ പാർട്ടിയിലെ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
District News
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിൽ ആർഎസ്പിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആർഎസ്പി നേതാവ് യുഡിഎഫ് പഞ്ചായത്ത് കൺവീനർ സ്ഥാനം രാജിവച്ചു. ആർഎസ്പി മുൻ ജില്ലാ കമ്മിറ്റി അംഗവും നിലവിൽ അരുവിക്കര മണ്ഡലം കമ്മിറ്റി അംഗവുമായ കെ.ജി.രവീന്ദ്രൻനായരാണ് യുഡിഎഫ് പഞ്ചായത്ത് കൺവീനർ സ്ഥാനം രാജിവെച്ചത്.
യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ ഘടകകക്ഷിയായ ആർഎസ്പിക്ക് വെളിയന്നൂർ വാർഡിൽ സീറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആർഎസ്പിയിലെ കെ.മണികണ്ഠൻ നായരെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങളും ആർഎസ്പി തുടങ്ങിയിരുന്നു.
ഇതിനിടെ ധാരണയ്ക്ക് വിപരീതമായി വെളിയന്നൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന വെള്ളനാട് ശ്രീകണ്ഠനെ ഏകപക്ഷീയമായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കെ.ജി.രവീന്ദ്രൻ നായർ കൺവീനർ സ്ഥാനം രാജിവെച്ചത്.
വെളിയന്നൂരിൽ വെള്ളനാട് ശ്രീകണ്ഠനെതിരെ ആർഎസ്പി സ്ഥാനാർത്ഥിയായ കെ.മണികണ്ഠൻ നായർ മത്സരിക്കുമെന്ന് കെ.ജി.രവീന്ദ്രൻനായർ അറിയിച്ചു.
District News
തിരുവനന്തപുരം: കോണ്ഗ്രസിനു പിന്നാലെ യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർഎസ്പി തിരുവനന്തപുരം കോർപറേഷനിലെ അഞ്ചു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറവൻകോണത്ത് ആർ.എസ്. മായ മത്സരിക്കും. വനിതാ സംവരണമായിരുന്ന നേരത്തെയും മായ ഇവിടെ നിന്നു വിജയിച്ചിട്ടുണ്ട്.
കരിക്കകത്ത് ദേവിക സുനിലും അന്പലത്തറയിൽ ബി. ഷീജയും പുഞ്ചക്കരയിൽ സിമി എസ്. ശിവനും ആറ്റിപ്രയിൽ എസ്. സത്യപാലും സ്ഥാനാർഥികളായി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗത്തും ഇവർ ഇന്നലെ വൈകുന്നേരം മുതൽ സജീവമായി. യുഡിഎഫിൽ നടന്ന ഉഭയകകക്ഷി ചർച്ചകളിലാണ് ആർഎസ്പിയുടെ സീറ്റുകളിൽ ധാരണയായത്.
കഴിഞ്ഞ തവണ ആർഎസ്പി മത്സരിച്ച അഞ്ചു സീറ്റുകളും ഇത്തവണയും ലഭിച്ചതായി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അറിയിച്ചു. ഇതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തവണ കോർപറേഷനിൽ അഞ്ചു സീറ്റുകളിൽ ആർഎസ്പി മത്സരിച്ചെങ്കിലും കവടിയാറിൽ മാത്രമാണ് ജയിക്കാനായത്. ഇത്തവണ അഞ്ചു സീറ്റിലും ജയിക്കുന്നതിനുള്ള തന്ത്രമാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. യുഡിഎഫിൽ ഇനി മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് സീറ്റു വിഭജനമാണ് പൂർത്തിയാക്കാനുള്ളത്. ഇന്ന് ഇതും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോണ്ഗ്രസ് കഴിഞ്ഞ ദിവസം 48 അംഗ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.