നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിൽ ആർഎസ്പിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആർഎസ്പി നേതാവ് യുഡിഎഫ് പഞ്ചായത്ത് കൺവീനർ സ്ഥാനം രാജിവച്ചു. ആർഎസ്പി മുൻ ജില്ലാ കമ്മിറ്റി അംഗവും നിലവിൽ അരുവിക്കര മണ്ഡലം കമ്മിറ്റി അംഗവുമായ കെ.ജി.രവീന്ദ്രൻനായരാണ് യുഡിഎഫ് പഞ്ചായത്ത് കൺവീനർ സ്ഥാനം രാജിവെച്ചത്.
യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ ഘടകകക്ഷിയായ ആർഎസ്പിക്ക് വെളിയന്നൂർ വാർഡിൽ സീറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആർഎസ്പിയിലെ കെ.മണികണ്ഠൻ നായരെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങളും ആർഎസ്പി തുടങ്ങിയിരുന്നു.
ഇതിനിടെ ധാരണയ്ക്ക് വിപരീതമായി വെളിയന്നൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന വെള്ളനാട് ശ്രീകണ്ഠനെ ഏകപക്ഷീയമായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കെ.ജി.രവീന്ദ്രൻ നായർ കൺവീനർ സ്ഥാനം രാജിവെച്ചത്.
വെളിയന്നൂരിൽ വെള്ളനാട് ശ്രീകണ്ഠനെതിരെ ആർഎസ്പി സ്ഥാനാർത്ഥിയായ കെ.മണികണ്ഠൻ നായർ മത്സരിക്കുമെന്ന് കെ.ജി.രവീന്ദ്രൻനായർ അറിയിച്ചു.
Tags : RSP Local News Nattuvishesham Thiruvananthapuram