കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സാമൂഹ്യ പ്രവര്‍ത്തനവും പൊതുജനാരോഗ്യവും സംയുക്ത പാതകള്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.
എഡിന്ബ്റോ സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണല്‍ ചെയര്‍ പ്രഫ. ജോര്‍ജ് പാലാട്ടിയില്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക സമൂഹം നേരിടുന്ന സങ്കീര്‍ണമായ സാമൂഹിക-ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തനവും പൊതുജനാരോഗ്യവും തമ്മിലുള്ള ഏകോപിതമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും ആരോഗ്യപരിപാലനവും സാമൂഹികക്ഷേമവും പരസ്പരപൂരകങ്ങളായി ഒരേ പാതയിലൂടെ സഞ്ചരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രഫ.ജോര്‍ജ് പാലാട്ടിയില്‍ പറഞ്ഞു.
സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍, രാജഗിരി സ്ഥാപനങ്ങളുടെ മാനേജരും സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യലുമായ ഫാ. ബെന്നി നല്ക്കര, എഎച്ച്പിഐ, എന്‍ബിഎഐ, സിഎഎച്ച്ഒ എന്നീ ദേശീയ ആരോഗ്യ സംഘടനകളുടെ സ്ഥാപകനും രക്ഷാധികാരിയുമായ ഡോ. അലക്സാണ്ടര്‍ തോമസ്, രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. എം.ഡി. സാജു, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. കിരണ്‍ തമ്പി, സിസ്റ്റര്‍ ഡോ. സുനിറോസ്, അസി. പ്രഫ. മാത്യു ടി. ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.