District News
ഇരിട്ടി: ആറളം വന്യജീവി സങ്കേതം പശ്ചിമഘട്ടമലനിരകളിലെ കൂൺ വൈവിധ്യകേന്ദ്രമെന്ന പദവിയിലേക്കും. ആറളം വൈൽഡ് ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ മാംക്രോ ഫംഗൽ സർവേയിൽ 215 ഇനം കൂണുകളെയാണ് കണ്ടെത്തിയത്. ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി നടത്തിയ സർവേയിലാണ് അപൂർവ കൂണുകൾ ഉൾപ്പടെയുള്ളവയെ കണ്ടെത്തിയത്. ഇതോടെ കൂൺ വൈവിധ്യത്തിലെ സംസ്ഥാനത്തെ പ്രധാന ഹോട്ട് സ്പോട്ടായി ആറളം മാറിയിരിക്കുകയാണ്.
മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ണൻ , ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മൂന്നു ദിവസങ്ങളായി നടന്ന സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൈക്രോ ബയോളജിസ്റ്റുകൾ , ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഫോട്ടോഗ്രാഫർമാർ, കൂൺ പ്രേമികൾ എന്നിവരുൾപ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ വാക്ക് വിത്ത് വിസി എൻജിഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇല്ല്യാസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.
ഫംഗസ് വൈവിധ്യത്തെക്കുറിച്ചുള്ള മികച്ച അവബോധം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് സർവേ വേദിയായി. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീൽഡ് സർവേ നടത്തിയത്. 2025-ൽ നടന്ന പ്രഥമ സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആറളത്ത് തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ വാർഷിക ഫംഗസ് സർവേയാണിത്.
പവിഴപ്പുറ്റുകളോട് സാമ്യമുള്ള കൂണുകളും
വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോടുകൂടിയ "കോറൽ ഫംഗസുകൾ", നിരവധി "ബോലെറ്റുകൾ", "പോളിപോറുകൾ" എന്നിവ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. പ്രാണികളെയും മറ്റ് ആർത്രോപോഡുകളെയും ബാധിക്കുന്ന ഒട്ടനവധി "എന്റമോപാത്തോജെനിക് വിഭാഗത്തെയും (ശലഭങ്ങൾ, ചിലന്തികൾ, ഉറുമ്പുകൾ, ലെപിഡോപ്റ്ററൻ ലാർവകൾ എന്നിവയിൽ വളരുന്നവ) കണ്ടെത്തി. ഇത് വന ആവാസവ്യവസ്ഥയുടെ സങ്കീർണതയെയും ആരോഗ്യത്തെയുമാണ് കാണിക്കുന്നത്. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവിക കീടനിയന്ത്രണത്തിലുള്ള ഇവയുടെ സാധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താത്പര്യമുള്ളവയാണ് ഇവയെന്ന് ഗവേഷകർ പറഞ്ഞു.
ഭക്ഷ്യയോഗ്യമായവയുംമാരക വിഷമുള്ളവയും
സർവേയിൽ ഭക്ഷ്യയോഗ്യവും പോഷക സന്പന്നവും ഔഷധ ഗുണങ്ങളടങ്ങിയതുമായ 25 ഓളം ഇനങ്ങളാണ് ആറളത്ത് കണ്ടെത്തിയത്. ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല , ഫ്ളെബോപസ് , ഓറിക്കുലേറിയ തുടങ്ങിയവയാണ് ഭക്ഷ്യയോഗ്യമായവ.
ഗാനോഡെർമട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ടവയാണ് ഔഷധഗുണമുള്ള കൂണുകൾ. ഇരുട്ടിൽ നേരിയ വെളിച്ചം പുറപ്പെടുവിക്കുന്ന ഫിലോബോലെറ്റസ് ഇനത്തിൽപ്പെട്ട അപൂർവമായ "ബയോലുമിനസെന്റ്" (സ്വയം പ്രകാശിക്കുന്ന) കൂണുകളും ഇവിടെയുണ്ട്.
ക്ലാർക്കിൻഡ, ക്ലോറോഫില്ലം, ഗാലറിന, ഇനോസിബി എന്നീ ഇനങ്ങളിൽപ്പെട്ട മാരകമായ വിഷക്കൂണുകളാണ് സർവേയിൽ കണ്ടെത്തിയത്. ഇവ ഭക്ഷണമാക്കിയാൽ കടുത്ത വിഷബാധയേൽക്കും.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.
ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലിയെ കൂട് സ്ഥാപിച്ച് പിടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പ്പള്ളി സെക്ഷനിലെ ജീവനക്കാർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി.കേളപ്പന്റെ വീട്ടിൽ നിന്നാണ് അതിസാഹസികമായി രാജവെമ്പാലയെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെ കട്ടിലിനടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാലയെ കണ്ടത്. നേരത്തെയും ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയിരുന്നില്ല.
പിന്നീട് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പിനെ പിടികൂടുകയായിരുന്നു.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ കല്ലറയിൽ ബിഎൽഒയെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. പേരാവൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് 89 എസ്ഐആർ ഫോമുകൾ വിതരണം നടത്തിക്കൊണ്ടിരുന്ന ബിഎൽഒ ചെടിക്കുളം സ്വദേശി അജയ്, സുഹൃത്ത് സുബിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. വാഹനം നിർത്തി അജയ്യും സുഹൃത്തും ഫോം വാങ്ങാനായി സമീപത്തെ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ വഴിയിൽ നിന്നിരുന്ന മുൻപരിചയം ഇല്ലാത്ത വ്യക്തി വാഹനം നിർത്തിയതിനെ ചോദ്യം ചെയ്യുകയും തടഞ്ഞുനിർത്തി ആക്രമിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.
സർക്കാർ ജോലിക്കാരാണെന്നും ബിഎൽഒ ആണെന്നും ഡ്യൂട്ടിയുടെ ഭാഗമായി എത്തിയതാണെന്നും പറഞ്ഞിട്ടും ഇയാൾ മർദിക്കുകയായിരുന്നുവെന്നാണ് ആറളം ഇരിട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കൃത്യനിർവഹണം ഉൾപ്പെടെ തടസപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ആറളം പോലീസ് കേസെടുത്തു. കളരിക്കാട് സ്വദേശിയായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Kerala
ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്.
ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു.
ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി.
ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി . രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മൺറോഡിൽ വച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.
District News
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: ചരിത്രപരമായ ഹരിത വിപ്ലവവത്തിന്റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ അലയൊലികൾക്ക് ശേഷം രാജ്യത്ത് നേരിട്ട ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി ഇന്ത്യ-സോവിയറ്റ് യൂണിയൻ സൗഹൃദത്തിന്റെ ഉറച്ച കാൽവയ്പായിരുന്നു ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം.
റഷ്യൻ സാങ്കേതിക സഹായത്തോടെ 1970 ൽ ആറളം കാർഷിക ഫാം രൂപീകരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം വന്നപ്പോൾ തെരഞ്ഞെടുത്ത സ്ഥലം പുഴകളാൽ ചുറ്റപ്പെട്ട് ആറുകളുടെ അളമായ ആറളമായിരുന്നു. സ്ഥാപിതമായതുമുതൽ പതിറ്റാണ്ടുകളോളം കൃഷിയുടെയും കാർഷിക വിളകളുടെയും കേന്ദ്രമായിരുന്നു സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം. കാർഷിക വിപ്ലവത്തിന് തന്നെ തുടക്കംകുറിച്ച് കാലഘട്ടത്തിലെ ഏറ്റവും ഗുണമേന്മ കൂടിയതും അത്യുത്പാദന ശേഷിയുള്ള കാർഷികവിളകളും വിത്തുകളും ഇവിടെ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, മാറി മാറി വരുന്ന സർക്കാരുകളും അവർ നിയമിക്കുന്ന ഉദ്യോഗസ്ഥരും ആറളം ഫാമിനെ മറ്റൊരു രീതിയിലേക്ക് മാറ്റുകയായിരുന്നു.
വികസനത്തിന്റെ പേരിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളിൽ പലതും കാടുപിടിച്ചു കിടക്കുകയാണ്. ലക്ഷ്യബോധമില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ആറളം ഫാമിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നു, നിലവിലുള്ള അവസ്ഥ എന്താണ് എന്നതിലേക്ക് ദീപിക നടത്തുന്ന അന്വേഷണം.
സെൻട്രൽ സ്റ്റേറ്റ് ഫാം ആറളം
ഫാമിലെ അന്നത്തെ താമസക്കാരായിരുന്ന 535 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുകൊണ്ട് 1972ൽ ആണ് ഫാം ആരംഭിച്ചത്. 7000 ഏക്കർ സ്ഥലങ്ങളെ 13 ബ്ലോക്കുകളാക്കി തിരിച്ച് വിവിധതരം ഭക്ഷ്യ, നാണ്യ വിളകളാണ് കൃഷി ചെയ്തിരുന്നത്. ഓരോ വിളകൾക്കും പറ്റിയ പ്രദേശം ഏതൊക്കെയെന്ന് പഠനം നടത്തിയാണ് ഫാമിൽ കൃഷി ഇറക്കിയത്. വിളകളുടെ മികവിന്റെ അടയാളമായി രണ്ട് തവണ നാഷണൽ പ്രൊഡക്ടിവിറ്റി അവാർഡും ലഭിച്ചു.
ദക്ഷ്യണേന്ത്യയിലെ ഏറ്റവും മികച്ച നടീൽ വസ്തു വിപണന കേന്ദ്രമെന്ന ഖ്യാതിയും ആറളം ഫാമിന് സ്വന്തമായിരുന്നു. ഏഷ്യയിലെ എല്ലാം തെങ്ങുകളും ഫാമിന്റെ മണ്ണിൽ തഴച്ചുവളർന്നു. രാജ്യാന്തര കാർഷിക പ്രദർശനങ്ങളിൽ ആറളം ഫാമിന്റെ കാർഷിക ഉത്പന്നങ്ങൾ പെരുമ നേടി.
പേരിന് മാത്രമൊരു കമ്പനി
ഭൂരഹിതരായ ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൽ നിന്നു ആറളം ഫാം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും വിട്ടു നൽകാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചത്. 2004 ൽ ഫാമിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം ആറളം പുനരധിവാസ കേന്ദ്രവും ബാക്കി ഭാഗം കാർഷിക ഫാമുമായി നില നിർത്തുകയും ചെയ്തു. ഫാം കൃഷിയിടത്തിന്റെ പ്രവർത്തനത്തിനായി 2010 ൽ ആറളം ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ച് പ്രവർത്തനം കമ്പനിയുടെ കീഴിലാക്കി.
കമ്പനിയാക്കി മാറ്റിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും കമ്പനി എന്ന രീതിയുള്ള അധികാരങ്ങൾ ഇല്ലാതെയാണ് ഇപ്പോഴത്തെ പ്രവർത്തനം. ഫാമിന്റെ സ്ഥാപകജംഗമ സ്വത്തുക്കൾ കമ്പനിക്ക് കൈമാറിയിട്ടില്ല. ഫാം പട്ടികവർഗ വകുപ്പിന് കീഴിലും ഫാം ഓഫീസ് വന്യജീവി സങ്കേതത്തിന്റെ കൈവശമുള്ള ഭൂമിയിലുമാണ് ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.
കമ്പനിയെന്ന നിലയിൽ നിയമനം നടത്തുന്നതിനോ പുനരുദ്ധാരണത്തിനുള്ള ഫണ്ട് സ്വന്തം നിലയിൽ നടത്തുന്നതിനോ സാധ്യമല്ല. പട്ടികവർഗ വകുപ്പ് ഡയറക്ടറാണ് ഫാമിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഓരോ ഫയലുകളും നീങ്ങണമെങ്കിൽ പട്ടികവർഗ വകുപ്പ് കനിയണം. 2006ൽ ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം എന്നാണോ ആറളം ഫാം കമ്പനിയാക്കി മാറ്റുന്നത് അന്നുമുതൽ ഫാമിന്റെ മൂലധനവും ബാധ്യതകളും കമ്പനിയിലേക്കു മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടി ആയില്ല.
പരാധീനതകൾക്ക് നടുവിൽ മുടന്തി നീങ്ങുന്ന ഫാമിനെ കടലാസിൽ ഒരു കമ്പിനി ആക്കിയിട്ടുണ്ടെങ്കിലും ഒന്നും നടപ്പിലാക്കിട്ടില്ല. ഇതു കാരണം തൊഴിലാളികളെ നിയമിക്കുന്നതിനൊ കമ്പനി എന്ന നിലയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊ സാധ്യമല്ല.
പിരിഞ്ഞു പോയ ജീവനക്കാർക്ക് പകരം വിദഗ്ധരായ ജോലിക്കാരെ നിയമിക്കാനും സാധിക്കില്ല. ഇത് ഫാമിന്റെ വികസന പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഓരോ കാര്യത്തിനു സർക്കാരിലേക്കു കൈനീട്ടേണ്ട അവസ്ഥയാണുള്ള
ത്. ആറളം ഫാമിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധികളും വികസന പ്രവർത്തനങ്ങൾക്ക് തടസമാണ്. ആറളം ഫാമിംഗ് കോർപറേഷൻ ഓഫീസ് പോലും പ്രവർത്തിക്കുന്നത് വന്യജീവി സങ്കേതത്തിന്റെ കൈവശമുള്ള സ്ഥലത്താണ്.
പ്രശ്നം പരിഹരിക്കാൻ
ആര് മുൻകൈ എടുക്കും
ആറളം ഫാമിനുള്ളിൽ അഞ്ചുമുതൽ 10 ഏക്കർ വരെയുള്ള എട്ട് ഫോറസ്റ്റ് ബിറ്റുകളാണ് ഉള്ളത്. ഈ ഫോറസ്റ്റു ബിറ്റുകളിൽ ഫാമിനു യാതൊരു നിയന്ത്രണവുമില്ല. 1935 ൽ നിർമിച്ച ഫാം ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നതും ഇത്തരമൊരു ഫോറസ്റ്റ് ബിറ്റിലാണ്. ഈ ബിറ്റുകളും വന്യജീവി സങ്കേതവും തമ്മിൽ കിലോമീറ്ററുകളുടെ അകലമുണ്ട്. ഫോറസ്റ്റ് ബിറ്റുകൾ ഫാമിനോട് ചേർക്കുകയും പകരമായി വന്യജീവി സങ്കേത്തിനോട് ചേർന്ന ഫാമിംഗ് കോർപറേഷന്റെ കൈവശമുള്ള 60 ഏക്കർ ഭൂമി വന്യജീവി സങ്കേതത്തിനു നൽകുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നമാണ്. പക്ഷേ, ആര് മുൻകൈ എടുക്കും എന്നതാണ് പ്രശ്നം. മുന്പ് കെ. രാധാകൃഷ്ണൻ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള നീക്കം നടത്തിയെങ്കിലും തീരുമാനം ആയില്ല.
ഫാമിംഗ് കോർപറേഷൻ ഓഫീസിൽ കയറി ജോലി ചെയ്യുന്നവരെ ആനയോ കടുവയോ ആക്രമിച്ചാൽ വന്യജീവി സങ്കേതത്തിൽ വച്ചുള്ള ആക്രമമായി വ്യാഖ്യാനിക്കപ്പെടും. ശമ്പള കുടിശിക ഉൾപ്പെടെ 12 കോടിയോളം രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുകയും പുതിയ വരുമാന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഫാം കമ്പനിക്ക് " ഒരു കമ്പനി 'യുടേതായ അധികാരങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ ഇക്കാര്യങ്ങൾ നടക്കും. പക്ഷേ അധികാരപ്പെട്ടവർ എപ്പോൾ ഈ ചിന്തയിലേക്കു വരുമെന്ന് കണ്ടറിയണം.
പാളിപ്പോയ പുനരധിവാസം
ആസൂത്രണമില്ലാത്ത പുനരധിവാസം തകർത്തത് ആറളം കാർഷിക ഫാമിന്റെ നട്ടെല്ലിനെയാണ്. 2004ൽ ആറളം ഫാം വിഭജിച്ച് ആദിവാസികളെ പുനധിവസിപ്പിക്കാൻ എടുത്ത തീരുമാനം ചരിത്രപരം ആയിരുന്നെങ്കിലം തുടർനടപടികൾ മുതൽ ആസൂത്രണമില്ലായ്മ എല്ലാം വെള്ളത്തിൽ വരച്ച വരയായി. കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന ഫാം നട്ടു വളർത്തിയ 98 ഏക്കർ മാതൃവൃക്ഷത്തോട്ടം പുനഃരധിവാസ കേന്ദ്രത്തോടൊപ്പം ചേർത്തത് ആറളം ഫാം നഴ്സറിയുടെയും അപൂർവ മാതൃ വ്യക്ഷങ്ങളുടെ നാശത്തിനും വഴിവച്ചു. ഇതോടെ മികച്ചയിനം നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ചിരുന്ന ഫാമിന്റെ സാധ്യതയും പെരുമയും ഇല്ലാതാക്കി. വന്യജീവി സങ്കേതത്തോടു ചേർന്ന് ജനവാസ മേഖല രൂപപ്പെട്ടാൽ ഭാവിയിൽ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് കാരണമാവുമെന്ന അന്നത്തെ ആറളം വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഉത്തമൻ നൽകിയ റിപ്പോർട്ട് മേലധികാരികൾ ആരും പരിഗണിച്ചില്ല.
2010 ൽ ആറളം ഫാം ആറളം ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡ് എന്ന കമ്പനിയായി മാറിയതോടെ ഇവിടെ എത്തിയ ചില ഉദ്യോഗസ്ഥർ വന്യജീവികളെ തുരത്തൽ തങ്ങളുടെ ജോലിയല്ലെന്നും അത് വനംവകുപ്പ് ചെയ്യേണ്ടതാണെന്ന നിലപാടുകൂടി എടുത്തതോടെ കൃഷി ഭൂമി പൂർണമായും വന്യജീവികളുടെ പിടിയിലായി.
ജീവിത മാർഗത്തിന് പകരം
കോൺക്രീറ്റ് കെട്ടിടങ്ങൾ
ഒരു കുടുംബത്തിന് ഒരേക്കർ വച്ച് 3,500 കുടുംബങ്ങൾക്കാണ് ആറളം പുനരധിവാസ മേഖലയിൽ ഭൂമി വകയിരുത്തിയത്. ഇന്ന് 1300 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിനേക്കാൾ എല്ലാം ഭയപ്പെടുത്തുന്ന കണക്കുകളാണ് ഓരോ മേഖലയും പരിശോധിച്ചാൽ ലഭിക്കുന്നത്. പുനരധിവാസ സമയത്ത് അനുവദിച്ചത് 2381 വീടുകൾ ആയിരുന്നു. ഇതിൽ 2108 വീടുകൾക്കാണ് കരാർ ഉറപ്പിച്ചത്. ഇതിൽ നിർമാണം പൂർത്തീകരിച്ചത് 1875 വീടുകൾ ആണെന്നാണ് കണക്ക്.
1300 താമസക്കാർ മാത്രമുള്ളയിടത്ത് അധികമുള്ള 575 വീടുകൾ ആർക്ക് വേണ്ടി നിർമിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. നബാർഡിന്റെ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ സഹായത്തോടെ പുനരധിവാസ മേഖലക്കുള്ളിൽ പല കാര്യങ്ങൾക്കായി നിർമിച്ച 22 ൽ അധികം കോൺക്രീറ്റ് കെട്ടിടങ്ങൾ ഏകദേശ തുക കണക്കാക്കിയാൽ 60 - 80 കോടി രൂപയിൽ അധികം വരും. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലെന്നാണ് വാസ്തവം. വകുപ്പുകൾ കെട്ടിടങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം കെട്ടിടങ്ങളിൽ അധികവും കാടുകയറി നായകൾക്കും കുറുനരികൾക്കും പാമ്പുക ൾക്കും താവളം ആയിരിക്കുകയാണ്.
കെട്ടിടങ്ങളുടെ ശവപ്പറന്പ്
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി17.50 കോടിയോളം രൂപ മുതൽ മുടക്കി നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമാണം പൂർത്തിയാക്കിയിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. 2021 ൽ പൂർത്തിയായ കെട്ടിടം താത്കാലികമായി തിരുനെല്ലി ആശ്രമം സ്കൂളിനായി ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനന്തമായി നീളുകയാണ്. ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്ന് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
രണ്ട് അങ്കണവാടികൾ, രണ്ട് സ്കൂളുകൾ, കമ്യൂണിറ്റി ഹാൾ, മൃഗാശുപത്രി, പാൽ സൊസൈറ്റി, സപ്ലൈകോ, കൃഷി ഭവൻ, ബോയ്സ് ഹോസ്റ്റൽ തുടങ്ങിയ കോടികളുടെ കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്. ആശുപത്രിക്കായി നിർമിച്ച കെട്ടിടം തങ്ങൾക്ക് വേണ്ടെന്ന് ആരോഗ്യവിഭാഗം രേഖാമൂലം എഴുതി കൊടുത്തിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നേരിട്ട് ഇടപെട്ടിട്ടും ആദ്യ അലോട്ട്മെന്റിൽ വകുപ്പുകൾ ആരുംതന്നെ കെട്ടിടങ്ങൾ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ടിആർഡിഎമ്മിന്റെ നിർബന്ധത്തിന് വഴങ്ങി പലരും ഏറ്റെടുത്തെങ്കിലും കെട്ടിടങ്ങൾ എന്തുചെയ്യണം എന്നറിയാതെ ത്രിശങ്കുവിലാണ് വകുപ്പുകൾ.
ഫാം തിരിച്ചുപിടിക്കാൻ സാധ്യമോ ?
122 ജീവനക്കാരും 630 സ്ഥിരം തൊഴിലാളികളുമായി രൂപീകൃതമായ ഫാം ഇന്ന് ജീവനക്കാരും തൊഴിലാളികളുമായി 304 ജീവനക്കാരാണ് ഉള്ളത്. 131 കാർഷിക തൊഴിലാളികൾ, 17 പ്ലാന്റേഷൻ തൊഴിലാളികൾ, 129 കാഷ്വൽ തൊഴിലാളികൾ, 14 സ്ഥിരം ജീവനക്കാർ 14 കരാർ ജീവനക്കാർ എന്നിവരാണ് ഉള്ളത്. പിരിഞ്ഞു പോയ 36 തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചിരിക്കുകാണ്. 1935 ൽ നിർമിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്നന്ന ഫാം ഓഫീസ് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. ആറളം ഫാമിനെ രണ്ടായി വിഭജിച്ചെങ്കിലും ഫാമിന്റെ വികസനത്തിലൂടെ മാത്രമേ ആദിവാസികളുടെ തൊഴിലും ജീവിത നിലവാരവും വർധിക്കുകയുള്ളൂ. ഫാമിൽ തൊഴിൽ ഇല്ലാതായാൽ ആദിവാസി കുടുംബങ്ങൾ പട്ടിണിയകുമെന്നതിൽ സംശയമില്ല.
District News
ഇരിട്ടി: കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവച്ച ആറളത്തെ ആനമതിൽ നിർമാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം അറിയിച്ചു. ഫാമിലെ ആന മതിലിന്റെ നിർമാണ പുരോഗതിയും കാട്ടാന പ്രശ്നവും അവലോകനം ചെയ്യാൻ ചേർന്ന നിരീക്ഷണസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കിയിരുന്നു. പുതിയ കരാറുകാരെ കണ്ടെത്തി സൈറ്റ് കൈമാറാനുള്ള പ്രവർത്തനം നടക്കുകയായിരുന്നു. ഇതിനിടയിൽ പഴയ കരാറുകാരൻ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചതോടെയാണ് നിർമാണം പ്രതിസന്ധിയിലായത്.
പുതിയ ടെൻഡർ ക്ഷണിക്കുന്നതിനും മറ്റും കോടതി അനുവാദം നൽകിയെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നത് കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം കേസ് വിശദമായി കേട്ട കോടതി കരാറുകാരന്റെ സ്റ്റേ നീക്കികൊണ്ട് നിർമാണത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.
കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയ ഉടൻ നിർമാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിജീഷ്കുമാർ യോഗത്തെ അറിയിച്ചു. ഫാമിൽ മാത്രം പത്തിലധികം ആനകൾ ഉണ്ടെന്ന് ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ യോഗത്തിൽ പറഞ്ഞു. പുനരധിവാസ മേഖലയിലെ പൊന്തക്കാടുകളിൽ ഉൾപ്പെടെ ആനകൾ താവളമാക്കിയിട്ടുണ്ട്. ആറ് ആനകളുടെ ഒരു കൂട്ടം മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട് . ആനകളെ തുരത്തുന്നതിന്റെ ഭാഗമായി ആദിവാസി പുരധിവാസ മിഷന്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കൽ നടന്നുവരികയാണ്.
കോട്ടപ്പാറ, താളിപ്പാറ ഭാഗങ്ങളിൽ കാടുവെട്ടൽ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും. ഓപ്പറേഷൻ ഗജമുക്തി ഫലപ്രദമാണെന്ന് പറയണമെങ്കിൽ തുരത്തിയ ആനകൾ തിരികെ പ്രവേശിക്കാതിരിക്കണം. ഇതിന് വനാതിർത്തിയിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആറളം ഫാം എംഡി എസ്. സുജീഷ് പറഞ്ഞു.
പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്തുകൂടിയാണ് ആന തിരികെ പ്രവേശിക്കുന്നത്. ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാൻ അനർട്ടിന്റെ സഹായത്തോടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എംഎൽഎയുടെ പ്രതിനിധി പി.എ. മുഹമ്മദ് ജസീർ, വനം ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ വനംവകുപ്പിലെ മറ്റ് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇനിയൊരു
ദുരന്തം ഉണ്ടായാൽ...
‘ ഫാമിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ എന്തായിരിക്കും കോടതി സ്വീകരിക്കുകയെന്ന് പറയാൻ കഴിയില്ല . ഒരുപക്ഷേ നമ്മളിൽ ഒരാളെയും കോടതി വെറുതെ വിടില്ലെന്ന ധാരണ എപ്പോഴും ഉണ്ടാകണം.
ഫാമിലെ 1,2,4,5 ബ്ലോക്കുകളിലെ കൃഷിയിടങ്ങളും പുരധിവാസ മേഖലയിലെ പൊന്തക്കാടുകളിലുമാണ് ഇപ്പോൾ ആനകൾ. ഇവ പുനരധിവാസ മേഖലയിൽ ഇറങ്ങിയാലുണ്ടാകുന്ന സാഹചര്യം വളരെ വലുതായിരിക്കും. തുരത്തിയ ആനകൾ തിരികെയെത്തി ഫാമിൽ ഒരു ദിവസം മാത്രം 145 തെങ്ങുകൾ കുത്തിവാഴ്ത്തിയ സാഹചര്യം വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ആനയെ ഇവിടെനിന്ന് പൂർണമായും തുരത്തുക മാത്രമാണ് ഏക പരിഹാരം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്ന് ആവശ്യമായ സഹായവും നേടിയെടുക്കണം’.
-എസ്. സുജീഷ്-
ആറളം ഫാം എംഡി
Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്പതിൽ രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ. ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.
ആദിത്തിനുനേരെ ആന ചിന്നംവിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിന്നംവിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു.
ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.