Kerala
കണ്ണൂർ: എരുമയുടെ വളഞ്ഞു കിടക്കുന്ന കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവ് കണ്ണീർക്കാഴ്ചയായി. എരുമയും കിടാവും പലരീതിയിൽ ശ്രമിച്ചിട്ടും കൊമ്പിനുള്ളിൽനിന്നു രക്ഷപ്പെട്ടു പോകാനാവാത്ത രീതിയിൽ കുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ് കൊമ്പു മുറിച്ചു കിടാവിനെ രക്ഷിച്ചത്.
ഇന്നു രാവിലെ കണ്ണൂർ ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. നാട്ടുകാരാണ് എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള കിടാവിനെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് കെ.നസീർ, പി.വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോം ഗാർഡ് സുകേഷ് എന്നിവരെത്തി ഏറെ പരിശ്രമത്തിന് ശേഷം എരുമയുടെ കൊമ്പിന്റെ വളഞ്ഞു കിടന്ന ഭാഗം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കിടാവിനെ രക്ഷപ്പെടുത്തിയത്.
Kerala
പാലക്കാട്: പട്ടാമ്പിയില് മേയാന് വിട്ട പോത്തിനെ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ്(22) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ചന്തയിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് റഹ്നാസ് പിടിയിലായത്.
റഹ്നാസ് പോത്തിനെ കൊണ്ടുപോകുന്നത് കണ്ട് തിരിച്ചറിഞ്ഞ ഉടമ പോത്തിനെ തിരിച്ചറിയുകയും പിന്നാലെ ഓള് കേരള കാറ്റില് മര്ച്ചന്റ്സ് വെല്ഫെയര് അസോസിയേഷനെ വിവരമറിയിക്കുകയുമായിരുന്നു. അങ്ങനെ ചന്തയിലെ പോത്തിന്റെ വില്പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
Kerala
പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.
കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വര്ഗീസ് ഫിലിപ്പ് എന്ന ഫയര്ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര് പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്ന്ന് ഫയര്ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പോലീസും ഫയര്ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്.
നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര് കൊണ്ട് തന്നെ ഫയര്ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.
Kerala
കാസർഗോഡ്: സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ.
ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു.
ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്.
കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പോത്തുകളെ പരമാവധി നിയന്ത്രിച്ച് ദേശീയപാതയുടെ ഒരരികിലേക്കു മാറ്റി.
അണങ്കൂരിൽനിന്നു സർവീസ് റോഡിലേക്ക് ഇറക്കിയതിനു ശേഷം അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു മാറ്റി 12 പോത്തുകളെയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിയിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. പോത്തുകളെ അശ്രദ്ധമായി അഴിച്ചുവിട്ടതിനു പോലീസ് ഉടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
District News
വടശേരിക്കര: കുമ്പളത്താമണ്ണിൽ മേയാൻ കെട്ടിയിട്ടിരുന്ന പോത്ത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്തു. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഡെയറി ഫാമിലെ പോത്തിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
കടുവയാണ് കൊന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ മഴകാരണം വനൃമൃഗത്തിന്റെ കാൽപാദ അടയാളങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നാണ് വനപാലകർ പറയുന്നത്.
ഈഭാഗത്ത് രാത്രിയിൽ തന്നെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി റാന്നി ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു. പോത്തിന്റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ട്. കഴുത്തിലെ കയർ മുറുകിയ നിലയിലായിരുന്നു. കാട്ടാനക്കൂട്ടം പതിവായി ശല്യമുണ്ടാക്കിയിരുന്ന മേഖലയാണിത്. കടുവയുടെ സാന്നിധ്യം കൂടി സംശയിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.ഇന്നലെ വൈകുന്നേരം നാലോടെ കന്നുകാലികളെ തിരികെ ഫാമിലേക്ക് കൊണ്ടുപോകാനെത്തിയ ഫാം ജീവനക്കാരനാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.
പോത്തിന്റെ പിൻഭാഗത്ത് നഖങ്ങൾ കൊണ്ടുണ്ടായതുപോലെയുള്ള മുറിവുകളുണ്ടായിരുന്നു. സമീപത്തെല്ലാം ഏതോ ജീവിയുടെ കാൽപാദങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നി വെറ്ററിനറി പോളിക്ലിനിക്കിലെ നൈറ്റ് വെറ്റ് സർവീസലെ ഡോ.ദിവ്യലക്ഷ്മിയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാല് പോസ്റ്റുമോര്ട്ടം ഇന്നത്തേക്കു മാറ്റി.
ഫാമിലെ 13 പശുക്കിടാക്കളും നാലു പോത്തുകളുമാണ് മേയാനായി പാടത്ത് കെട്ടിയിരുന്നത്. ഇതിൽ ഏറ്റവും വലിപ്പമുള്ള പോത്തിനെയാണ് കൊന്നതെന്ന് ഫാം ഉടമ റെയ്സണ് ചാക്കോ കോമാട്ട് പറഞ്ഞു. കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമായതിനാൽ സന്ധ്യയോടെ നാട്ടുകാർ സ്ഥലത്തുനിന്നും വീടുകളിലേക്ക് മടങ്ങി.അല്പ സമയത്തിനുള്ളിൽ രണ്ട് കാട്ടാനകൾ ഇവിടെയിറങ്ങി. ഒന്നരവർഷം മുമ്പ് ഇതിനടുത്ത സ്ഥലത്ത് കടുവ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നിരുന്നു.