നൂറനാട് ലെപ്രസി സാനിറ്റോറിയത്തിനു സമീപം കെപി റോഡരികിൽ കഴിഞ്ഞദിവസം പുലർച്ചെ കാട്ടുപോത്തിനെ കണ്ടപ്പോൾ.
ചാരുംമൂട്: കാട്ടുപന്നി ശല്യം രൂക്ഷമായ നൂറനാട് ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ്കാട്ടുപോത്തിനെ കഴിഞ്ഞദിവസം കണ്ടെത്തിയത്. പറയംകുളത്തിന് കിഴക്ക് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്ത് കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി.
സാനിറ്റോറിയത്തിന്റെ പരിസരപ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനംവകുപ്പിനെയും റാപ്പിട് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു . ഇതേത്തുടർന്ന് ഇവർ സ്ഥലത്ത് പരിശോധനകൾ നടത്തി കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലായി.
നൂറനാട്, ചാരുംമൂട്, താമരക്കുളം, വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷിനശിപ്പിക്കുന്നത്. കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
പന്നി ശല്യത്തിനെതിരേ കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്റെ പ്രതിഷേധത്തിലാണ് കർഷകർ.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാസഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് കൃഷിവകുപ്പിൽനിന്നും സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷിവകുപ്പിൽനിന്നും പറയുന്നതെന്നാണ് കർഷകർ പറയുന്നത്. ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്ക് മാത്രമാണ് സഹായധനം ലഭിക്കുന്നത്.
Tags : buffalo nattuvishesham local news