Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരം അറിന് സമാപനം കുറിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണം സമാപിക്കുന്നത്.
ഈ ഏഴു ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ഏഴു ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒമ്പതിന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. 11നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. 13നു ഫലം അറിയാനാകും.
സംസ്ഥാനത്താകെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം.
Kerala
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Kerala
തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. അമ്പലക്കള്ളന്മാര് കടക്ക് പുറത്ത് എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയായില്‍ ക്യാമ്പയിൻ ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശബരിമല സ്വർണക്കടത്ത് ഉപയോഗിച്ചാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രതിരോധം.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. കഴിഞ്ഞ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
64.46 ശതമാനമായിരുന്നു പോളിംഗ്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി.
ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
National
പാറ്റ്ന: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര്‍ തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.