District News
വടക്കഞ്ചേരി: പി.പി. സുമോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് 20 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് വർക്കുകൾ നടത്തി നവീകരിച്ച ആമകുളത്തെ സെമിത്തേരി റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചരയ്ക്ക് ആമക്കുളത്തു നടക്കുന്ന ചടങ്ങിൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിക്കും. ലൂർദ് മാതാ ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ മുഖ്യാതിഥിയാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല ടീച്ചർ മറ്റു ജനപ്രതിനിധികളായ കാർത്തിക്, ശ്രീനാഥ് വെട്ടത്ത്, ലൈല കാസിം, ടി. കണ്ണൻ മറ്റു നേതാക്കളായ എച്ച്.രതീഷ്, ഇല്യാസ് പടിഞ്ഞാറെക്കളം, കെ. രാമചന്ദ്രൻ, സണ്ണി നടയത്ത്, എം.സെയ്തലവി, റെജി ഉള്ളിരിക്കൽ, എ. സലിംകുട്ടി, എം.ശ്രീനാരായണൻ, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ എന്നിവർ പ്രസംഗിക്കും.
District News
ചിറ്റൂർ: കോട്ടക്കടവിൽ നിർമാണം പൂർത്തിയാകുന്നതിനു മുന്പ് ശ്മശാനം ഉദ്ഘാടനം നടത്തിയതിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധം.
തെക്കേഗ്രാമത്തു നിന്നും ശ്മശാനത്തേക്ക് സഞ്ചരിക്കാനുള്ള വഴിയും കലുങ്കുകളും സുരക്ഷിതമല്ലെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കിഷോർ ആരോപിച്ചു.
എന്നാൽ ശ്മശാനത്തിൽ നിർമാണ ജോലികൾ പൂർത്തിയായെന്നും സംസ്കാരചടങ്ങുകൾ നടന്നുവരുന്നതായും ചെയർപേഴ്സൺ കെ.എൽ. കവിത അറിയിച്ചു. കലുങ്കിനും റോഡ് നിർമാണത്തിനും പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ഈ ജോലികൾ പൂർത്തിയാക്കുമെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.
നഗരസഭാ ഓഡിറ്റോറിയങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ വിവേചന നയം കാട്ടുന്നതായി കോൺഗ്രസ് കൗൺസിലർ മധു ചൂണ്ടിക്കാട്ടി. മേട്ടുപ്പാളയം ഗുരുസ്വാമിയാർ കുളം നവീകരണം നടത്തുന്നതിൽ അനാസ്ഥ കാണിക്കുന്നതായി കൗൺസിലർ കെ.സി. പ്രീത് ആരോപിച്ചു. ഈ പ്രവൃത്തിക്കായി എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം അനുവദിച്ചത് സമയോചിതമായി തുടങ്ങുമെന്നും ചെയർപേഴ്സൻ മറുപടി നൽകി.
കൗൺസിലർമാരായ ബാബുദാസ്, ആർ. ബാബു, അച്യുതാനന്ദമേനോൻ, ഓമന കണ്ണൻകുട്ടി, മുഹമ്മദ് റാഫി, മുഹമ്മദ് സലീം, മുകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങൾ വഹിച്ച അന്തരിച്ച എൻ. ശങ്കരമേനോൻ, കൗൺസിലർ റോബിൻ ബാബു എന്നിവരുടെ ചിത്രങ്ങൾ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ അനാച്ഛാദനം ചെയ്തു.