മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിന്റെ പ്രവര്ത്തനം മാസങ്ങളായി തടസപ്പെട്ടിരിക്കുന്നതില് ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ച് വെള്ളൂര്ക്കുന്നം മഹാദേവ ക്ഷേത്രം ട്രസ്റ്റ്. ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ബോര്ഡ് മൂവാറ്റുപുഴ നഗരസഭാ ചെയര്പേഴ്സണ് കത്തുനല്കി.
ശ്മശാനത്തിന്റെ പ്രവര്ത്തനം കഴിഞ്ഞ കുറേ മാസങ്ങളായി തുടര്ച്ചയായി തടസപ്പെടുന്നത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നിലവിലുള്ള യൂണിറ്റിന്റെ അറ്റകുറ്റപ്പണികള് വൈകുന്നതും പണി പൂര്ത്തിയാകാതെ കിടക്കുന്ന രണ്ടാമത്തെ യൂണിറ്റിന്റെ നിര്മാണം അനിശ്ചിതമായി നീളുന്നതും അതീവ ഖേദകരമാണെന്ന് ട്രസ്റ്റ് നഗരസഭയെ അറിയിച്ചു.
നിലവിലുള്ള യൂണിറ്റിന്റെ പ്രവര്ത്തനം പുനസ്ഥാപിക്കുക, പാതിവഴിയില് നിലച്ച രണ്ടാം യൂണിറ്റിന്റെ നിര്മാണം അടിയന്തരമായി പൂര്ത്തിയാക്കുക, ശ്മശാനത്തിന്റെ പരിപാലനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചാണ് ട്രസ്റ്റ് സെക്രട്ടറി രഞ്ജിത് പി. കല്ലൂര് നഗരസഭയ്ക്ക് കത്ത് സമര്പ്പിച്ചത്. നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല് ഉണ്ടായില്ലെങ്കില് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ട്രസ്റ്റിന്റെ തീരുമാനം.