ശബരിമല അവലോകനത്തിന് ചെങ്ങന്നൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ.
ചെങ്ങന്നൂർ: പരിസ്ഥിതിക്കും ആവാസവ്യവസ്ഥിതിക്കും കോട്ടംതട്ടാത്ത വിധത്തിൽ ശബരിപാത റെയിൽവേ ലൈൻ യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വൻ റെയിൽവേ വികസനമാണ് വരാനിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാർഷിക മേഖലയ്ക്കും മലയോര ജനതയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാകും ശബരിപാത രൂപകൽപ്പന ചെയ്യുക. ശബരിമല തീർഥാടന കാലത്തെ നൂറോളം ദിവസങ്ങൾക്കു പുറമേ, വർഷം മുഴുവൻ സാധാരണക്കാരുടെ യാത്രാവശ്യങ്ങൾക്കും ജനജീവിതത്തിനും തടസമില്ലാത്ത രീതിയിൽ ഈ പാത ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായുള്ള തുക പുതിയ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വികസനപ്രവർത്തനങ്ങൾ ഘട്ടങ്ങളായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews