പൊൻകുന്നം-കോയിപ്പള്ളി റോഡ് തകർന്ന നിലയിൽ.
പൊൻകുന്നം: ദേശീയപാതയിൽനിന്ന് ആരംഭിച്ച് പൊൻകുന്നം ബസ് സ്റ്റാൻഡിലൂടെ കടന്നുവരുന്ന റോഡും കെഎസ്ഇബിയുടെ സമീപത്തുനിന്നാരംഭിക്കുന്ന റോഡും തകർന്നതോടെ പൊൻകുന്നം കോയിപ്പള്ളി നിവാസികൾ വലിയ ദുരിതമാണ് നേരിടുന്നത്.
ഇതിൽ ബസ് സ്റ്റാൻഡ് വഴിയുള്ള റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടയ്ക്ക് പ്രതിഷേധമുയർന്നപ്പോൾ രണ്ടിടങ്ങളിലായി മാത്രം കോൺക്രീറ്റിംഗ് നടത്തി. ബാക്കിയുള്ള ഭാഗത്തെല്ലാം കുഴികളാണ്. മഴ പെയ്താൽ വലിയ അപകട സാധ്യതയാണ് ഇവിടെ. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം സംഭവമാണ്.
മാന്തറ, തമ്പലക്കാട് തുടങ്ങിയ ഇടങ്ങളിലേക്ക് സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുന്ന വഴിയാണിത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത രീതിയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കെഎസ്ഇബി ഓഫിസ് പരിസരത്തുനിന്ന് കോയിപ്പള്ളിയിലേക്കുള്ള റോഡും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ജലവിഭവവകുപ്പ് പൈപ്പ് ലൈനുകൾ ഇടാനായി കുഴികൾ കൂടി എടുത്തതോടെയാണ് ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി മാറിയത്. ഇപ്പോൾ റോഡിന്റെ പല ഭാഗത്തും ടാറിംഗ് പോലും കാണാനില്ലാത്ത സ്ഥിതിയാണ്.
റോഡുകൾ തകർന്നത് ഏറെയും വലയ്ക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ്. കുഴിയിൽച്ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സ്ഥിരം സംഭവമായി മാറിയിരിക്കുന്നുവെന്ന് ഇവർ പറയുന്നു. ചുരുക്കത്തിൽ കോയിപ്പള്ളിയിലെത്തണമെങ്കിൽ വാഹനമോടിക്കാൻ മാത്രമല്ല സർക്കസ് കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ദുരിതയാത്രയ്ക്ക് അറുതിയില്ലെങ്കിൽ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണു ജനം. എന്നാൽ, ഉടൻ തന്നെ റോഡ് നിർമാണം ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Tags : NattuVishesham DistrictNews