വടകര: ഊമയും ബധിരയുമായ സ്ത്രീ കടന്നല് കുത്തേറ്റു മരിച്ചു. മണിയൂര് തെരുവിനു സമീപം പൂക്കണ്ടി ചന്ദ്രിയാണ് (70) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിനോട് ചേര്ന്ന വഴിയില് കടന്നലിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തില് പരിക്കേൽക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
ആര്ക്കും അടുത്ത് ചെന്ന് രക്ഷപ്പെടുത്താനാകാത്ത വിധം കടന്നലുകള് പൊതിഞ്ഞിട്ടുണ്ടായിരുന്നു. പരിസരവാസികളും രക്ഷാമിത്ര റെസ്ക്യു ടീമും ഏറെ പരിശ്രമിച്ചാണ് ഇവരെ ആശുപത്രിയില് എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ പൂക്കണ്ടി ചാത്തപ്പന്റേയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങള്: ചന്ദ്രന്, ശൈലജ, പരേതരായ വിമല, സുഗത. സംഭവശേഷം മണിയൂര് പഞ്ചായത്തിന്റെ റെസ്ക്യൂടീം കടന്നല്കൂട് നശിപ്പിച്ചു.