തങ്കി റെയിൽവേക്രോസിൽ മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് തങ്കിപള്ളിയില് കൂടിയ ഇടവക യോഗത്തില് വികാരി ഫാ.ഡോ. മരിയാൻ അറയ്ക്കൽ പ്രസംഗിക്കുന്നു.
ചേർത്തല: തീരദേശപാതയിൽ തങ്കി റെയിൽവേ ഗേറ്റിൽ അനുവദിച്ച മേൽപാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് തീർഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ കൂടിയ ഇടവകയിലെ 47 കുടുംബയൂണിറ്റുകളുടെയും സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജഭരണകാലത്ത് നിർമിച്ചതും തങ്കിപ്പള്ളിയിലേക്കും കണ്ടമംഗലം ക്ഷേത്രത്തിലേക്കും അനുദിനം വരുന്ന വാഹനങ്ങളുടെ തിരക്കും പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം ഇവിടെ മേൽപ്പാലം അനുവദിച്ചത്.
എന്നാൽ, ചിലരുടെ വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കാനായി ഇത് മാറ്റിസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് 25ന് കണ്ടമംഗലം ആരാധന കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനകീയ കൺവൻഷൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ വികാരി ഫാ.ഡോ. മരിയാൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ജോസഫ് കരിത്തോടത്ത്, ഫാ. ഷാർവിൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പട്ടാണംശേരി, സാലി മച്ചുങ്കൽ, ജോഷി പാല്യത്ത്പറമ്പിൽ, ഫ്രാൻസിസ് പൊക്കത്തെ, കെ.സി.ജോബ്, കെ.എക്സ്. ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews