മലങ്കര ജലാശയത്തിന്റെ കുടയത്തൂരില്നിന്നുള്ള ദൃശ്യം.
തൊടുപുഴ: മലങ്കരയില് അഞ്ചു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് സമഗ്ര ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ബോട്ട് സര്വീസും ട്രെക്കിംഗും ഉള്പ്പടെ ഇവിടെ ഒരുക്കി വര്ഷങ്ങളായി നാട്ടുകാര് കാത്തിരിക്കുന്ന വികസനപദ്ധതിക്ക് സര്ക്കാര്തലത്തില് അടിയന്തര പരിഗണന നല്കി നടപ്പാക്കണമെന്നാണ് ആവശ്യം. മുട്ടം, കുടയത്തൂര്, ആലക്കോട്, വെള്ളിയാമറ്റം, അറക്കുളം ഉള്പ്പടെയുള്ള പഞ്ചായത്തുകള്ക്ക് മലങ്കരയുടെ വികസനം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലങ്കര ജലാശയത്തിന്റെ പ്രകൃതിഭംഗിയും വര്ഷം മുഴുവന് നിലനില്ക്കുന്ന ജലസാന്നിധ്യവും സമീപത്തെ മലനിരകളും ഗ്രാമീണ ഭംഗിയും പ്രയോജനപ്പെടുത്തി വലിയൊരു ടൂറിസം പാക്കേജ് ഇവിടെ വികസിപ്പിക്കാന് കഴിയുമെന്നാണ് വിലയിരുത്തല്. കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയാല് ഇടുക്കിയുടെ ടൂറിസം ഭൂപടത്തില് മലങ്കരയ്ക്കു സുപ്രധാന സ്ഥാനം നേടാനാകുമെന്ന് നാട്ടുകാരും ടൂറിസം പ്രവര്ത്തകരും വിവിധ സംഘടനകളും പറയുന്നു.
ജലാശയത്തിലൂടെ ബോട്ട് സര്വീസ്
റോഡുകളെ മാത്രം ആശ്രയിക്കാതെ മലങ്കരയില്നിന്ന് ജലാശയത്തിലൂടെ വിനോദസഞ്ചാരത്തിനായി ബോട്ട് സര്വീസ് ആരംഭിക്കണമെന്നതാണ് കാലങ്ങളായുള്ള പ്രധാന നിര്ദേശം. ശങ്കരപ്പിള്ളി, കോളപ്ര, ആനക്കയം, കുടയത്തൂര്, കാഞ്ഞാര് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബോട്ട് സര്വീസ് ആരംഭിച്ചാല് യാത്രയും വിനോദവും ഒരുമിക്കുന്ന പുതിയ ടൂറിസം അനുഭവം സൃഷ്ടിക്കാനാകും.
പ്രധാന കേന്ദ്രങ്ങളില് ബോട്ട് ജെട്ടികള് സ്ഥാപിക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന സൗരോര്ജ ബോട്ടുകള്ക്ക് മുന്ഗണന നല്കുകയും ചെയ്യാം. ജലാശയത്തിന്റെ സുരക്ഷയും ജലവിതരണ ആവശ്യങ്ങളും പരിഗണിച്ച് ആവശ്യമായ പഠനങ്ങളും അനുമതികളും ഉറപ്പാക്കിയാല് പദ്ധതി പ്രാദേശിക വികസനത്തിന് വഴി തുറക്കും.
മുതിയാമലയും ഇലവീഴാപൂഞ്ചിറയും
മലങ്കര ജലാശയത്തോടൊപ്പം മുതിയാമല, ഇലവീഴാപൂഞ്ചിറ തുടങ്ങിയ മലനിരകളെയും ബന്ധിപ്പിച്ചുള്ള ടൂറിസം പാക്കേജുകള്ക്കും വലിയ സാധ്യതയുണ്ട്. നിയന്ത്രിത ട്രെക്കിംഗ്, പ്രകൃതിനിരീക്ഷണം, വ്യൂ പോയിന്റുകള്, സുരക്ഷിതമായ നടപ്പാതകള്, മലമുകളിലേക്കുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള് എന്നിവ വികസിപ്പിക്കാന് കഴിയും.
ജലവിനോദം, മലകയറ്റം, പ്രകൃതിഭംഗി ആസ്വദിക്കല്, ഗ്രാമീണ ജീവിതാനുഭവങ്ങള് എന്നിവ ഒരുമിപ്പിക്കുന്ന സമഗ്ര പദ്ധതിയിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളെയും ഇതരസംസ്ഥാനങ്ങളില്നിന്നുള്ള സഞ്ചാരികളെയും ആകര്ഷിക്കാനും സാധിക്കും.
ഫ്ളോട്ടിംഗ് ജെട്ടികള്
ജലനിരപ്പിലെ വ്യതിയാനങ്ങള്ക്കനുസരിച്ച് ഉപയോഗിക്കാവുന്ന ഫ്ളോട്ടിംഗ് ജെട്ടികള്, സുരക്ഷിതമായ ബോട്ടിംഗ് കേന്ദ്രങ്ങള്, വിശ്രമകേന്ദ്രങ്ങള്, ശുചിമുറികള്, കുടിവെള്ളസൗകര്യങ്ങള്, പ്രാദേശിക ഭക്ഷണശാലകള്, ടൂറിസം ഇന്ഫര്മേഷന് സെന്ററുകള് എന്നിവയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കാന് കഴിയും. ഇതിനു പുറമേ കയാക്കിംഗ്, പെഡല് ബോട്ടിംഗ് തുടങ്ങിയ ജലവിനോദങ്ങളും ആരംഭിക്കാം.
പ്രാദേശിക വികസനം
മലങ്കര കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി വിനോദസഞ്ചാര വികസനത്തില് മാത്രം ഒതുങ്ങുന്നതല്ല. ഹോട്ടലുകള്, ഹോംസ്റ്റേകള്, ചെറുകിട വ്യാപാരങ്ങള്, കുടുംബശ്രീ സംരംഭങ്ങള്, ഗതാഗത സേവനങ്ങള്, പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയിലൂടെ നിരവധി തൊഴില് അവസരങ്ങള് സൃഷ്ടിക്കാനാകും.
യുവാക്കള്ക്കു സ്വന്തം നാട്ടില് തൊഴില് കണ്ടെത്താനും ചെറുകിട സംരംഭകര്ക്ക് വരുമാനം വര്ധിപ്പിക്കാനും ഇതു സഹായകമാകും.
പഞ്ചായത്തുകളെ ഏകോപിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളും ടൂറിസം വകുപ്പും ജനപ്രതിനിധികളും സര്ക്കാർ വകുപ്പുകളും ചേര്ന്ന് ഇതിനായി സമഗ്ര മാസ്റ്റര് പ്ലാന് തയാറാക്കണമെന്ന് നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു.
Tags : NattuVishesham DistrictNews