നെട്ടൂർ സരസ്വതി വിലാസം യുപി സ്കൂളിലെ തന്റെ പ്രിയ അധ്യാപികയായിരുന്ന സതി ടീച്ചറുടെ സുഖവിവരം അന്വേഷിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വ
കുലശേഖരമംഗലം: യുപി ക്ലാസുകളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന പ്രിയ അധ്യാപികയെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വൈക്കം കൊച്ചങ്ങാടി ആഞ്ജനേയ മഠത്തിലെത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് മുഖ്യമന്ത്രി നെട്ടൂർ സരസ്വതി വിലാസം യുപി സ്കൂളിൽ തന്നെ ഹിന്ദി പഠിപ്പിച്ച സതി ടീച്ചറുടെ സുഖവിവരം അന്വേഷിക്കാൻ ആഞ്ജനേയ മഠത്തിലെത്തിയത്.
ടീച്ചർക്കൊപ്പം സ്കൂൾ കാലത്തെ പഴയ കാര്യങ്ങളും സുഹൃത്തുക്കളെയും കുടുംബത്തെക്കുറിച്ചുമൊക്കെ അര മണിക്കൂറോളം സംസാരിച്ച് ടീച്ചർക്കൊപ്പം ലഘുഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിമടങ്ങിയത്. പനങ്ങാട് സ്വദേശിയായ സതി ടീച്ചർ 33 വർഷം നെട്ടൂർ സ്കൂളിൽ അധ്യാപികയായിരുന്നു.
അതേ സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന ഭർത്താവ് ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഏക മകളും അസുഖ ബാധിതയായി മരിച്ചു. കഴിഞ്ഞ ആറു വർഷമായി ആഞ്ജനേയ മഠത്തിലെ വയോജന മന്ദിരത്തിലെ താമസക്കാരിയാണ് ടീച്ചർ.
നേരേകടവ്- മക്കേകടവ് പാലം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ ടീച്ചർ ശിഷ്യനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആഞ്ജനേയമഠം അധികൃതർ സതി ടീച്ചർ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് കെ. ബിനിമോൻ എംഎൽഎ മുഖേന മുഖ്യമന്ത്രിക്ക് നൽകിയതിനെത്തുടർന്നാണ് മുഖ്യമന്ത്രി പാലത്തിന്റെ ഉദ്ഘാടന ശേഷം പ്രിയ അധ്യാപികയെ കാണാൻ മഠത്തിലെത്തിയത്.
Tags : NattuVishesham DistrictNews