പാലം ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ഉദയനാപുരം മാടവനയിൽ നാട്ടുകാർ പായസം വിതരണം ചെയ്യുന്നു.
വൈക്കം: വേമ്പനാട്ട് കായൽ കടക്കാൻ നേരേകടവ്, മാക്കേക്കടവ് നിവാസികൾ തണ്ണീർമുക്കം ബണ്ട് വഴി കിലോമീറ്റർ ചുറ്റിയിരുന്നതെല്ലാം ഇനി പഴങ്കഥ. കായലിന് കുറകെ 800 മീറ്റർ നീളത്തിൽ ഉയർന്ന പാലം ഇരുകരകളിലെ മനസുകളെ മാത്രമല്ല, രണ്ട് ജില്ലകളെയാണ് ബന്ധിപ്പിക്കുന്നത്.
തുറവൂർ-പമ്പ പാത പദ്ധതിയിലെ രണ്ടാമത്തെ പാലമാണിത്. തൈക്കാട്ടുശേരി-തുറവൂർ ആദ്യപാലം 2015-ൽ നാടിന് സമർപ്പിക്കപ്പെട്ടിരുന്നു. 2017 ജനുവരിയിലാണ് നേരേകടവ്-മാക്കേക്കടവ് പാലത്തിന് കല്ലിട്ടത്. നിർമാണം വേഗം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പ് തർക്കത്തിലായി. പിന്നീട് വിഷയം കോടതി കയറാൻ തുടങ്ങിയതോടെ നിർമാണം നിലച്ചു. പിന്നീട് തർക്കങ്ങളെല്ലാം പരിഹരിച്ച് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്.
800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതകളുമായി 11 മീറ്റർ വീതിയിലും നിർമിച്ചിരിക്കുന്ന പാലത്തിന് ചെലവ് 98.09 കോടിയാണ്. പാലം പൂർത്തിയായെങ്കിലും അനുബന്ധ റോഡുകളുടെ വികസനം കൂടി പൂർത്തിയായെങ്കിലേ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകൂ. ഉദയനാപുരം ഭാഗത്തേക്കുള്ള റോഡ് വീതികുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതും ആയതിനാൽ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയില്ല. അനുബന്ധ റോഡ് വികസനം കൂടി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews