കരുണാലയം സ്ഥാപിക്കുന്നതിനായി കപ്പുച്ചിൻ സഭയ്ക്ക് കൈമാറിയ കാരിവേലിൽ വീടും പുരയിടവും.
അതിരമ്പുഴ: മക്കളില്ലാത്ത വൃദ്ധദമ്പതികളുടെ വീടും രണ്ട് ഏക്കറിലധികം വരുന്ന പുരയിടവും കരുണാലയത്തിനായി സംഭാവന ചെയ്ത് കുടുംബാംഗങ്ങൾ. പരേതരായ കടപ്ലാമറ്റം കാരിവേലിൽ കെ.ടി. ജോസഫ്, അതിരമ്പുഴ ചാമക്കാലായിൽ സി.എം. ത്രേസ്യാമ്മ ദമ്പതികളുടെ അതിരമ്പുഴ പാറോലിക്കലിലെ വീടും സ്ഥലവുമാണ് കരുണാലയം സ്ഥാപിക്കുന്നതിനു വേണ്ടി കട്ടപ്പന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ഒഎഫ്എം സഭയ്ക്ക് വിട്ടുനൽകിയത്.
വിമുക്തഭടനും വയർലസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനുമായിരുന്നു കെ.ടി. ജോസഫ്. സി.എം. ത്രേസ്യാമ്മ അതിരമ്പുഴ സെന്റ് മേരീസ് സ്കൂൾ അധ്യാപികയായിരുന്നു. ദമ്പതികളുടെ മരണശേഷം സി.എം. ത്രേസ്യാമ്മയുടെ സഹോദര പുത്രൻ റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി.ജെ. മാത്യുവിന്റെയും കെ.ടി. ജോസഫിന്റെ സഹോദരൻ റിട്ടയേർഡ് എസ്പി കെ.ടി. മൈക്കിളിന്റെയും മേൽനോട്ടത്തിലായിരുന്നു വീടും സ്ഥലവും.
സന്താനങ്ങൾ ഇല്ലാത്തതിനാൽ മരണശേഷം വീടും സ്ഥലവും അനാഥാലയങ്ങൾക്കോ വൃദ്ധ സദനങ്ങൾക്കോ നൽകണമെന്നതായിരുന്നു ദമ്പതികളുടെ ആഗ്രഹം. അതനുസരിച്ച് തയാറാക്കിയ വിൽപത്രം സി.ജെ. മാത്യു ചാമക്കാലായെ ഏൽപിച്ചിരുന്നു.
ഫ്രാൻസിസ്കൻ ഒഎഫ്എം കപ്പുച്ചിൻ സഭയ്ക്ക് ഫാ. ഫ്രാൻസിസ് ഒഎഫ്എം സ്ഥാപക ഡയറക്ടറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കരുണാലയങ്ങളും സ്നേഹാശ്രമങ്ങളുമുണ്ട്. വൃദ്ധദമ്പതികളുടെ ആഗ്രഹ സഫലീകരണത്തിനായി സഹോദര പുത്രൻ സി.ജെ. മാത്യു ചാമക്കാല ഭവനവും സ്ഥാവര ജംഗമ വസ്തുക്കളും കപ്പുച്ചിൻ സഭയ്ക്ക് കൈമാറി.
Tags : NattuVishesham DistrictNews