പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ പുനരുപയോഗിച്ച് ചെമ്മണ്ണാർ ടൗണിൽ ഒരുക്കിയ ഐ ലവ് ചെമ്മണ്ണാർ സെൽഫി പോയിന്റ്.
നെടുങ്കണ്ടം: വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ നാടിന്റെ സൗന്ദര്യമായി മാറുന്ന സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന ഐ ലവ് ചെമ്മണ്ണാർ പദ്ധതിയാണ് ശ്രദ്ധയാകർഷിക്കുന്നത്. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് വേറിട്ട ഈ നിർമിതി ഒരുക്കിയത്.
ചെമ്മണ്ണാർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സെൽഫി പോയിന്റിന് 12 അടി ഉയരവും 15 അടി വീതിയുമുണ്ട്. ഏകദേശം 6,500 പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. തകിടിൽ അക്ഷരങ്ങളുടെ രൂപം മുറിച്ചെടുത്ത് പശ ഉപയോഗിച്ച് കുപ്പിയടപ്പുകൾ ഒട്ടിച്ച് പെയിന്റ് ചെയ്തശേഷം ഇരുമ്പുകാലുകളിൽ ഉറപ്പിച്ചാണ് ഐ ലവ് ചെമ്മണ്ണാർ എന്ന മനോഹരമായ നിർമിതി ഒരുക്കിയത്.
നാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഒരുപോലെ ആകർഷകമായ ഈ സെൽഫി പോയിന്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു പകരം പുനരുപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ, പ്രിൻസിപ്പൽ എം.എ. അഗസ്റ്റിൻ, അധ്യാപകരായ റെനി ജോസഫ്, മനോജ് തോമസ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികളിൽ നിറച്ച് മനോഹരമായ ഇരിപ്പിടങ്ങളും മുന്പ് സ്കൂൾ കാമ്പസിൽ ഒരുക്കിയിരുന്നു. പാഴ്വസ്തുക്കളെ സർഗാത്മകതയിലൂടെ പ്രയോജനകരമായ നിർമിതികളാക്കി മാറ്റാമെന്ന സന്ദേശംകൂടിയാണ് ഈ കൂട്ടായ്മ പകരുന്നത്.
Tags : NattuVishesham DistrictNews