കൊല്ലം-തേനി ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വെട്ടിയാർ പാറക്കുളങ്ങരയിലെ വഴിയോരക്കച്ചവടം.
മാങ്കാംകുഴി: റോഡ് കൈയേറിയുള്ള അനധികൃത വഴിയോരക്കച്ചവടം വ്യാപകമായിട്ടും നടപടിയില്ല. സ്ഥിരം അപകടമേഖലയായ കൊല്ലം-തേനി ദേശീയപാതയിലെ വെട്ടിയാർ പറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷനു സമീപവും അനധികൃത വഴിയോരക്കച്ചവടം ഇപ്പോൾ വ്യാപകമാണ്. വഴിയോരക്കച്ചവടം കാണുമ്പോൾ പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നതും സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുന്നതും ഗതാഗതക്കുരുക്കും അപകട സാധ്യതയും വർധിപ്പിക്കുന്നു.
ബ്ലാക്ക് സ്പോട്ടായ പറക്കുളങ്ങരയിൽ നിരവധി അപകടങ്ങളാണ് മുമ്പുണ്ടായിട്ടുള്ളത്. കുത്തനെയുള്ള ഇറക്കവും കൊടുംവളവും റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങൾക്ക് പ്രധാനകാരണമാണ്. നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരുകിലെ താഴ്ചയിലേക്കു മറിയുന്നതും ഇവിടെ നിത്യസംഭവമാണ്. കൂടാതെ നിരവധിപ്പേരുടെ ജീവനും ഇവിടത്തെ അപകടമേഖലയിൽ പൊലിഞ്ഞിട്ടുണ്ട്. അപകടം നിയന്ത്രിക്കാൻ ശക്തമായ സംവിധാനം ഏർപ്പെടുത്താത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് റോഡിനു സമീപം സംരക്ഷണവേലി സ്ഥാപിക്കുകയും വേഗത കുറച്ചു പോകണമെന്ന മുന്നറിയിപ്പുമായി റെഡ് സിഗ്നൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡരുകിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം പതിവായിരുന്നു.
കുത്തനെ ഇറക്കം ഇറങ്ങി വരുന്ന കൊടുംവളവിൽ റോഡിന് വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം. കൊല്ലം -തേനി ദേശീയപാത നാലുവരി പാതയായി വികസിക്കുമ്പോൾ ഇവിടെ അപകടം ഒഴിവാക്കാൻ റോഡിലെ കൊടും വളവും കുത്തനെയുള്ള ഇറക്കവും ഒഴിവാക്കി റോഡ് വീതികൂട്ടി നിർമിക്കുമെന്നാണ് അധികൃതർ പറയുന്നത്. അപകടമേഖലയിലെ വഴിയോരക്കച്ചവടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നടപടിവേണം
പാതയോരങ്ങളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരേ ശക്തമായ നടപടിവേണം. ലൈസൻസും വാടകയും നൽകി വ്യാപാരികൾ വ്യാപാരം നടത്തുമ്പോൾ ഇതൊന്നും പാലിക്കാതെ വഴിയോരങ്ങളിൽ അനധികൃത കച്ചവടം യാതൊരു നിയന്ത്രണവും ഇല്ലാതെ വ്യാപകമാവുകയാണ്. തഴക്കര പഞ്ചായത്തിലെ വഴിയോരക്കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നിവേദനം നൽകിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിർദേശപ്രകാരം കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി പാതയോരങ്ങളിലെയും ഫുട്പാത്തുകളിലെയും അനധികൃത കച്ചവടങ്ങൾ കർശനമായി നിരധിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകളിൽ വഴിയോരക്കച്ചവടം നടത്തുന്നത് റോഡ് സുരക്ഷാ നിയമപ്രകാരം ശിക്ഷാർഹവുമാണ്. റോഡ് കൈയേറിയുള്ള വഴിയോര ക്കച്ചവടങ്ങൾക്കെതിരേ ശക്തമായ നടപടിവേണം.
ശിവജി അറ്റ്ലസ് (ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി
ഏകോപനസമിതി,
മാങ്കാംകുഴി യൂണിറ്റ് )
Tags : NattuVishesham DistrictNews