Kerala
ആലുവ: എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ അഞ്ചു ജില്ലകളാകും യുഡിഎഫിന് സംസ്ഥാനത്തു മികച്ച ഭൂരിപക്ഷം നൽകുന്നത് . 43 സീറ്റുകൾ ഈ ജില്ലകളിൽനിന്നു പ്രതീക്ഷിക്കുന്നു.
മികച്ച വോട്ടിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാണ്. ഗൾഫ് മേഖലയിൽ നിന്നുകൂടി ആളുകൾ എത്തിയിരുന്നെങ്കിൽ വോട്ടിംഗ് ഇതിനും മുകളിലാകുമായിരുന്നു. മികച്ച ടീംവർക്കായിരുന്നു യുഡിഎഫിന്റേത്.
35 വർഷത്തിനിടയിലെ താൻ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പു പ്രവർത്തനവും ഏകോപനവുമാണ് ഇക്കുറിയുണ്ടായത്. യുഡിഎഫിൽനിന്ന് അകന്നുപോയവർ ശക്തമായി തിരിച്ചുവന്നു.
മുഖ്യമന്ത്രിയുടെ മുഖം ഉൾപ്പെടുത്തിയ പരസ്യ പ്രചാരണബോർഡുകൾ തെരുവോരങ്ങളിൽ കൂടുതൽ വച്ചത് യുഡിഎഫിന് ഗുണമായെന്നാണു പ്രതീക്ഷിക്കുന്നത്.
അമിതമായ പ്രചാരണം സർക്കാർ ചെലവിൽ നടത്തി എന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും വി.ഡി. സതീശൻ ആലുവയിൽ പറഞ്ഞു.
Sports
മുംബൈ: നാളെ ആരംഭിക്കുന്ന 2026 സീസണ് ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ പൂര്ണ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ഈ മാസം 11ന് ഏപ്രില് 12വരെയുള്ള ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചര് പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് സീസണിലെ ഫിക്സ്ചര് ബിസിസിഐ പൂര്ത്തിയാക്കിയത്.
ശേഷിച്ച 50 മത്സരങ്ങളുടെ ഫിക്സ്ചര് രണ്ടാം ഘട്ടത്തില് ഇന്നലെ പുറത്തിറങ്ങി. 19-ാം സീസണ് ഐപിഎല്ലില് 12 വേദികളാണുള്ളത്.
മേയ് 24ന് ഉച്ചകഴിഞ്ഞ് 3.30ന് മുംബൈ ഇന്ത്യന്സ് x രാജസ്ഥാന് റോയല്സ്, രാത്രി 7.30ന് കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്ഹി ക്യാപ്പിറ്റല്സ് പോരാട്ടങ്ങളോടെ 2026 സീസണിലെ ലീഗ് റൗണ്ട് പൂര്ത്തിയാകും.
Sports
ബംഗളൂരു: ഐപിഎല് ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൈമാറ്റത്തിലൂടെ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വില്പ്പന നടന്നു. 2025 ഐപിഎല് ചാമ്പ്യന്മാരായ ആര്സിബിയെ 1.78 ബില്യണ് ഡോളറിനാണ് (ഏകദേശം 16,711 കോടി രൂപ) വില്പ്പന നടത്തിയത്.
ഇതോടെ ആര്സിബിയില് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്) കാലം കഴിഞ്ഞു. ഓള് കാഷ് ഡീലിലൂടെയാണ് ആര്സിബിയുടെ പുരുഷ-വനിതാ ടീമിനെ ആദിത്യ ബിര്ല, ബിഎക്സ്പിഇ എന്നിവയുടെ നേതൃത്വത്തിലുള്ള കണ്സോര്ഷ്യം സ്വന്തമാക്കിയത്.
2021ല് ഐപിഎല്ലില് ലക്നോ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്ക്കായി ബിസിസിഐ നേടിയത് 12,715 കോടി രൂപയായിരുന്നു. അതിലും ഉയര്ന്ന തുകയ്ക്കാണ് ആര്സിബിയുടെ ഡീല്.
പണം മുടക്കിയത് ഇവര്
ആദിത്യ ബിര്ല, ടൈംസ് ഓഫ് ഇന്ത്യ, ബോള്ട്ട് വെഞ്ചേഴ്സ്, ബ്ലാക്സ്റ്റോണ്സ് പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജീസ് (ബിഎക്സ്പിഇ) എന്നിവരുടെ കണ്സോര്ഷ്യമാണ് റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കിയത്.
രാജസ്ഥാന് റോയല്സിനെ ടെക് വ്യവസായിയായ കല് സോമാനിയുടെ നേതൃത്വത്തിലുള്ള അമേരിക്കന് കണ്സോര്ഷ്യം സ്വന്തമാക്കിയതിന്റെ പിന്നാലെ ബുധനാഴ്ച അര്ധരാത്രിയോടെയായിരുന്നു റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൈമാറ്റം പുറത്തുവന്നത്.
ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്യണ് ഡോളര്) രാജസ്ഥാന് റോയല്സിന്റെ കൈമാറ്റം. റോയല്സിന്റെ റിക്കാര്ഡ് പിന്തള്ളിയായിരുന്നു ആര്സിബിയുടെ വ്യാപാരം നടന്നത്.
റോബ് വാള്ട്ടണ് (വാള്മാര്ട്ട് കുടുംബം), ഷീല ഫോര്ഡ് ഹാംപ് (ഫോര്ഡ് കുടുംബം) എന്നിവരാണ് കല് സോമാനിയുടെ കര്സോര്ഷ്യത്തിലെ പ്രമുഖര്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിനു സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. 26-ാം തീയതിവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. തുടർന്ന് അന്തിമ ചിത്രം തെളിയും. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കാൻ വിധിയെഴുതുന്നത്. പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ, പാലയിലെ എൽഡിഎഫ് സ്ഥാനാര്ഥി ജോസ് കെ. മാണി, ഒറ്റപ്പാലത്തെ എൻഡിഎ സ്ഥാനാർഥി മേജർ രവി തുടങ്ങിയവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.
Kerala
തിരുവനന്തപുരം: നാലു ജില്ലകളിലെ കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയിൽ തൊടാതെ സംസ്ഥാന നേതൃത്വം. മറ്റു 10 ജില്ലകളിലെ കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ഏറെക്കുറെ പൂർത്തിയാക്കി. ഇതിൽ ആദ്യഘട്ടത്തിൽ കോണ്ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം കൈമാറിയ 50 സീറ്റിലും ഒറ്റപ്പേരാണുള്ളത്.
തെക്കൻ ജില്ലകളിൽ ഏറെ വിജയസാധ്യത കുറവെന്നു സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന തിരുവനന്തപുരത്ത് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് നിശ്ചയിച്ചത്. വട്ടിയൂർക്കാവിൽ മുതിർന്ന നേതാവ് കെ. മുരളീധരനും കോവളത്ത് സിറ്റിംഗ് എംഎൽഎയായ എം. വിൻസെന്റും മാത്രമാണ് തിരുവനന്തപുരം ജില്ലയിലെ പട്ടികയിലുള്ളത്. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിൽ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും. കോട്ടയത്ത് സിറ്റിംഗ് എംഎൽഎമാർ മാത്രമാണ് ഇടം നേടിയത്. പത്തനംതിട്ടയിൽ ഒരു സീറ്റിലും സ്ഥാനാർഥിയായില്ല.
ഇവിടങ്ങളിൽ ജയസാധ്യതയുള്ള മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകളും കൂടിയാലോചനകളും ഇനിയും വേണ്ട സാഹചര്യത്തിലാണ് പ്രധാനമായി സ്ഥാനാർഥി നിർണയം പൂർത്തിയാകാൻ തടസമാകുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതും മറ്റൊരു പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കേരള കോണ്ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയിട്ടില്ല. ജയം ലക്ഷ്യമാക്കി പല സീറ്റുകളും കേരള കോണ്ഗ്രസുമായി വച്ചുമാറുന്നതും കോണ്ഗ്രസ് ആലോചിക്കുന്നു. കോണ്ഗ്രസിന്റെ ആറൻമുള സീറ്റ് കേരള കോണ്ഗ്രസിനു നൽകി, പകരം തിരുവല്ല സീറ്റിൽ കോണ്ഗ്രസ് മത്സരിക്കുന്നത് സജീവമായി ആലോചനയിലുണ്ട്. ഇതുപോലെ കോട്ടയം ജില്ലയിലെ ചില സീറ്റുകളും വച്ചുമാറുന്നത് ആലോചനയുണ്ട്. കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫുമായുള്ള ചർച്ചകൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിയൂവെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഇവിടങ്ങളിൽ മത്സര രംഗത്ത് എത്തും.
വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിച്ച ശേഷം മാത്രമേ ഇനി ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഇടയുള്ളൂവെന്നാണ് സൂചന. കോണ്ഗ്രസ് സ്ഥാനാർഥികളുടെ രണ്ടാഘട്ട പട്ടികയും ഇതിനു ശേഷമേ തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുകയുള്ളൂ. പുതുയുഗ യാത്രയുടെ സമാപന ദിവസങ്ങളുമായി ബന്ധപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഉണ്ടാകും. രാഹുൽ ഗാന്ധിയുമായും കൂടിയാലോചന നടത്തിയാകും രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക.
എന്നാൽ, മറ്റ് 10 ജില്ലകളിലെയും 90 ശതമാനം സീറ്റുകളിലും സ്ഥാനാർഥി പട്ടിക തയാറാക്കിയിട്ടുണ്ട്. പലയിടത്തും ഒരാൾ വീതമാണ് പട്ടികയിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു വനിതകളും കോണ്ഗ്രസ് പട്ടികയിൽ ഇതുവരെ ഇടം നേടിയിട്ടുണ്ട്. യൂത്ത് കോണ്ഗ്രസിന്റെ നാല് സംസ്ഥാന നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില് സൂപ്പര് എട്ട് പട്ടിക പൂര്ത്തിയായി. ഗ്രൂപ്പ് എയില്നിന്ന് മൂന്നാം ജയത്തോടെ പാക്കിസ്ഥാനും സൂപ്പര് എട്ട് ടിക്കറ്റ് എടുത്തതോടെയാണിത്. ബി, സി, ഡി ഗ്രൂപ്പുകളില് ആദ്യ രണ്ടു സ്ഥാനക്കാരായി സൂപ്പര് എട്ടില് ഇടംപിടിച്ച ടീമുകളുടെ പട്ടിക നേരത്തേ പൂര്ത്തിയായിരുന്നു.
ഇവര് സൂപ്പര്
ഗ്രൂപ്പ് എയില്നിന്ന് ഇന്ത്യ, പാക്കിസ്ഥാന്, ഗ്രൂപ്പ് ബിയില്നിന്ന് ശ്രീലങ്ക, സിംബാബ്വെ, ഗ്രൂപ്പ് സിയില്നിന്ന് വെസ്റ്റ് ഇന്ഡീസ്, ഇംഗ്ലണ്ട്, ഗ്രൂപ്പ് ഡിയില്നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലന്ഡ് ടീമുകളാണ് സൂപ്പര് എട്ടിലേക്ക് എത്തിയത്.
സിംബാബ്വെ മാത്രം
സൂപ്പര് എട്ടില് രണ്ട് ഗ്രൂപ്പുകളിലായാണ് എട്ടു ടീമുകളും മത്സരിക്കുന്നത്. സൂപ്പര് എട്ട് ഗ്രൂപ്പ് ഒന്നില് ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് രണ്ടില് പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില് ഗ്രൂപ്പില് എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര് സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്ഡീസ് ടീമുകള് പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര് എട്ടില് എത്തിയാല് ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകള് ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗിലൂടെ നിശ്ചയിക്കപ്പെട്ടു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള് സൂപ്പര് എട്ടില് എത്തിയാല് പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര് എട്ട് കാണാതെ പുറത്തായപ്പോള് സിംബാബ്വെ ഗ്രൂപ്പ് ഒന്നില് ഉള്പ്പെട്ടത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.
കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കുള്ള സയ്യിദ് അബ്ദുറഹ്മാൻബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്പീക് അപ്' പ്രസംഗ മത്സരം, വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചി മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളന വേദിയിൽ വച്ച് നടക്കും.
പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സമർഥരായ കുട്ടികളെ കണ്ടെത്തി, അവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാർ സർവീസുകളിലേക്ക് എത്തുന്നതിനാവശ്യമായ മാർഗനിർദേശം, പരിശീലനം, പഠന സഹായം എന്നിവ നൽകുന്ന "ബ്രെയിൻസ്പയർ' എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി സമ്മേളനത്തിൽ അവതരിപ്പിക്കും.
സാമൂഹ്യനീതിയും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിടുന്ന ഈ പദ്ധതി കെഎംസിസിയുടെ ഭാവി പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
വിപുലമായ ജനപങ്കാളിത്തത്തോടെ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിവിധ ഉപസമിതികൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നു സമ്മേളന വേദിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.