കോട്ടയം: കേരള കോണ്‍ഗ്രസ് -എം ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സംപൂജ്യരായി. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ഉള്‍പ്പെടെ ഉള്‍പ്പെടെ 12 സീറ്റിലും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിച്ച മാണി ഗ്രൂപ്പിനാണ് ഇത്തവണ ദയനീയ പരാജയം ഏല്‍ക്കേണ്ടി വന്നത്.
ഏക മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കിയില്‍ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി.അവസാന ലാപ്പിലെങ്കിലും പാലായില്‍ ജോസ് കെ.മാണി ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മാണി സി കാപ്പനോട് 2991 വോട്ടിനു പരാജയപ്പെട്ടു.
കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ് സിറ്റിംഗ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നേരിട്ടത്.
റാന്നി മണ്ഡലത്തില്‍ പ്രമോദ് നാരായണനും തോല്‍വി ഏറ്റുവാങ്ങി. കേരള കോണ്‍ഗ്രസ് -എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.
Tags : Kerala Congress-M suffers complete defeat Kerala Assembly election Kerala Niyamasabha Election