തിരുവനന്തപുരം: നാലു ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിൽ തൊടാതെ സംസ്ഥാന നേതൃത്വം. മറ്റു 10 ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ഏറെക്കുറെ പൂർത്തിയാക്കി. ഇതിൽ ആദ്യഘട്ടത്തിൽ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം കൈമാറിയ 50 സീറ്റിലും ഒറ്റപ്പേരാണുള്ളത്.
തെക്കൻ ജില്ലകളിൽ ഏറെ വിജയസാധ്യത കുറവെന്നു സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന തിരുവനന്തപുരത്ത് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് നിശ്ചയിച്ചത്. വട്ടിയൂർക്കാവിൽ മുതിർന്ന നേതാവ് കെ. മുരളീധരനും കോവളത്ത് സിറ്റിംഗ് എംഎൽഎയായ എം. വിൻസെന്റും മാത്രമാണ് തിരുവനന്തപുരം ജില്ലയിലെ പട്ടികയിലുള്ളത്. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും. കോട്ടയത്ത് സിറ്റിംഗ് എംഎൽഎമാർ മാത്രമാണ് ഇടം നേടിയത്. പത്തനംതിട്ടയിൽ ഒരു സീറ്റിലും സ്ഥാനാർഥിയായില്ല.
ഇവിടങ്ങളിൽ ജയസാധ്യതയുള്ള മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകളും കൂടിയാലോചനകളും ഇനിയും വേണ്ട സാഹചര്യത്തിലാണ് പ്രധാനമായി സ്ഥാനാർഥി നിർണയം പൂർത്തിയാകാൻ തടസമാകുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതും മറ്റൊരു പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയിട്ടില്ല. ജയം ലക്ഷ്യമാക്കി പല സീറ്റുകളും കേരള കോണ്‍ഗ്രസുമായി വച്ചുമാറുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നു. കോണ്‍ഗ്രസിന്റെ ആറൻമുള സീറ്റ് കേരള കോണ്‍ഗ്രസിനു നൽകി, പകരം തിരുവല്ല സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കുന്നത് സജീവമായി ആലോചനയിലുണ്ട്. ഇതുപോലെ കോട്ടയം ജില്ലയിലെ ചില സീറ്റുകളും വച്ചുമാറുന്നത് ആലോചനയുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫുമായുള്ള ചർച്ചകൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിയൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഇവിടങ്ങളിൽ മത്സര രംഗത്ത് എത്തും.
വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിച്ച ശേഷം മാത്രമേ ഇനി ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഇടയുള്ളൂവെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ രണ്ടാഘട്ട പട്ടികയും ഇതിനു ശേഷമേ തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുകയുള്ളൂ. പുതുയുഗ യാത്രയുടെ സമാപന ദിവസങ്ങളുമായി ബന്ധപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഉണ്ടാകും. രാഹുൽ ഗാന്ധിയുമായും കൂടിയാലോചന നടത്തിയാകും രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക.
എന്നാൽ, മറ്റ് 10 ജില്ലകളിലെയും 90 ശതമാനം സീറ്റുകളിലും സ്ഥാനാർഥി പട്ടിക തയാറാക്കിയിട്ടുണ്ട്. പലയിടത്തും ഒരാൾ വീതമാണ് പട്ടികയിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു വനിതകളും കോണ്‍ഗ്രസ് പട്ടികയിൽ ഇതുവരെ ഇടം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നാല് സംസ്ഥാന നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.
Tags : Congress candidate list left four districts complete Kerala Niyama Sabha Election Kerala Assembly election