District News
കോട്ടയം: സൗത്ത് ഇന്ത്യന് ബാങ്കും കേരള ടൂറിസവും ചേര്ന്നു സംഘടിപ്പിക്കുന്ന ടൂര് ഓഫ് തേക്കടി സൈക്ലിംഗ് ഇവന്റിന്റെ അഞ്ചാം പതിപ്പ് 14നു നടക്കും. കോട്ടയം നഗരത്തില്നിന്ന് ആരംഭിച്ചു തേക്കടിയിലെ ഉയര്ന്ന മലനിരകളില് അവസാനിക്കുന്ന മത്സരം പുലര്ച്ചെ 5.30ന് നാഗമ്പടം സീസര് പാലസില്നിന്നു ഫ്ളാഗ് ഓഫ് ചെയ്യും. 293 സൈക്ലിസ്റ്റുകള് റേസ് വിഭാഗത്തിലും ടൂര് വിഭാഗത്തിലും പങ്കെടുക്കും.
ഇവരില് 19 പേർ വനിതാ സൈക്ലിസ്റ്റുകളാണ്. റൈഡ് പൂര്ത്തിയായതിനുശേഷം വൈകുന്നേരം 4.30ന് തേക്കടിയില് സമ്മാനദാനവും സമാപന സമ്മേളനവും നടക്കും. +91 85475 7879.
District News
കല്പ്പറ്റ: വയനാട്ടിലെ പൊഴുതനയില് നടന്ന സംസ്ഥാന മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില് ആതിഥേയ ജില്ലയ്ക്കു കിരീടം. തുടര്ച്ചയായി നാലം തവണയാണ് ചാമ്പ്യന്ഷിപ്പില് വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളില് ജില്ല 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര് കാതിരി, ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സലിം കടവന്, സൈക്ലിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സത്താര് വില്ട്ടന് എന്നിവര് സമ്മാന വിതരണം നിര്വഹിച്ചു.
District News
വടക്കാഞ്ചേരി: സൈക്കിളിൽ ലോകം ചുറ്റുന്ന യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പത്താംകല്ല് സ്വദേശി തെക്കേപുറത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് അഷറഫി(43)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഓട്ടുപാറ - വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപമുള്ള റെയിലിനോടു ചേർന്നുള്ള തോട്ടിലാണ് ഇന്നലെ രാവിലെ പത്തോടെ മൃതദേഹം കണ്ടെത്തിയത്.
പാലത്തിനു മുകളിൽ നിന്നു വീണതാവാമെന്നാണ് കണക്കുകൂട്ടൽ. മരിച്ച മുഹമ്മദ് അഷറഫ് സൈക്കിളിൽ ലഡാക്ക്, ഹിമാലയം യാത്രകളിൽ ശ്രദ്ധേയനാണ്.
സാഹിസികയാത്രകളിൽ ശ്രദ്ധേയനായ അഷറഫിന്റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണത്തിന്റെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം നടത്തും.
District News
കല്പ്പറ്റ: 22-ാമത് സംസ്ഥാന മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പ് വയനാട്ടിലെ പൊഴുതനയില് 20ന് നടത്തുമെന്നു സംഘാടക സമിതി ചെയര്മാന് നാസര് കാതിരി, കണ്വീനര് സലിം കടവന്, സെക്രട്ടറി സുബൈര് ഇളംകുളം എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഹാരിസണ്സ് മലയാളം കമ്പനിയുടെ അച്ചൂര് എസ്റ്റേറ്റിലെ നാല് കിലോമീറ്റര് ട്രാക്കില് രാവിലെ ഏഴ് മുതല് വൈകുന്നേരം അഞ്ചുവരെയാണ് മത്സരം. പ്രായം തിരിച്ചുള്ള ഒമ്പത് വിഭാഗങ്ങളിലായി 250 ഓളം താരങ്ങള് പങ്കെടുക്കും. വയനാട്ടില്നിന്നു മാത്രം 36 പേര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനാണ് സമാപനച്ചടങ്ങ്. ചാമ്പ്യന്ഷിപ്പ് വിളംബര ജാഥ 18ന് വൈകുന്നേരം പൊഴുതനയില് നടത്തും.
ഫെബ്രുവരി 14 മുതല് 18 വരെ അരുണാചല് പ്രദേശിലെ റോയിംഗില് നടക്കുന്ന ദേശീയ മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പിനുള്ള കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്ഷിപ്പില്നിന്നു തെരഞ്ഞെടുക്കും. 2022 മുതല് വയനാടാണ് സംസ്ഥാന മൗണ്ടന് സൈക്ലിംഗ് ചാമ്പ്യന്മാര്. 2022ല് ജില്ലയിലെ പെരുന്തട്ടയാണ് ചാമ്പ്യന്ഷിപ്പിനു വേദിയായത്. സൈക്ലിംഗില് റോഡ്, ട്രാക്ക്, മൗണ്ടന് വിഭാഗങ്ങളില് വര്ഷങ്ങളായി ജില്ലയില്നിന്നുള്ള താരങ്ങള് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പില് വയനാടിനായിരുന്നു കിരീടം.
District News
കൊച്ചി: മൂന്നാറിലേക്ക് “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു. ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 18 മുകളിൽ പ്രായമുള്ളവരെ സൈക്കിൾ യാത്രയിലേക്ക് മടക്കി കൊണ്ടുവരിക എന്ന സന്ദേശവുമായാണ് പെഡൽ ഫോഴ്സ് മൂന്നാറിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്. വിവരങ്ങൾക്ക്: 98475 33898.
Sports
കൊച്ചി: ആയാസമുള്ളതിനെ അനായാസം കീഴടക്കുന്നതിലെ ത്രിൽ ഒന്നു വേറെ തന്നെ. ആ ത്രില്ലിനെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ഈ ഐആര്എസ് ഉദ്യോഗസ്ഥന്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിലൊന്നായ മലേഷ്യന് ട്രയാത്തലണ് നിശ്ചിതസമയത്തിനുള്ളില് പൂര്ത്തിയാക്കിയ ഇദ്ദേഹത്തിന് മലേഷ്യന് അയണ്മാന് പട്ടം സ്വന്തം. കൊച്ചിയിലെ ജിഎസ്ടി ആന്ഡ് കസ്റ്റംസ് അഡീ. കമ്മീഷണര് ജോമി ജേക്കബാണ് അപൂര്വനേട്ടം തന്റെ പേരിലാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് 607 പേര് പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
മലഞ്ചെരിവിലൂടെ സൈക്കിളിൽ
കടലിലും മലഞ്ചെരിവിലും റോഡിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ട്രയാത്തലണ് പൂര്ത്തിയാക്കിയത്. കടലില് 3.8 കിലോമീറ്റര് നീന്തല്, 180 കിലോമീറ്റര് മലഞ്ചെരുവിലൂടെ സൈക്കിളിംഗ്, 42.2 കിലോമീറ്റര് ഫുള് മാരത്തണ് എന്നിവയായിരുന്നു മലേഷ്യന് അയണ്മാന് കിരീടനേട്ടത്തിലേക്കുള്ള കഠിനവഴികള്. ഇത്രയും 17 മണിക്കൂറിനുള്ളിലാണ് പൂര്ത്തിയാക്കേണ്ടത്. എന്നാല്, ജോമിക്ക് ഇതിനു വേണ്ടിവന്നത് 14.19 മണിക്കൂര് മാത്രം. മലേഷ്യന് ട്രയാത്തലണ് കേരളത്തില്നിന്നുള്ള മത്സരാര്ഥി ജോമി മാത്രമായിരുന്നു. നിശ്ചിത സമയത്തിനുള്ളില് പൂര്ത്തിയാക്കിയത് 705ല് 35 പേരാണ്.
മൂന്നു മാസം പെരിയാറിൽ
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ലങ്കാവിയില് നടന്ന ട്രയാത്തലണിലേക്കെത്തിച്ചത്. നേരത്തെ ഡെന്മാര്ക്കില് നടന്ന ട്രയാത്തലണിലും മത്സരിച്ചു കോപ്പന്ഹേഗന് അയണ്മാന് പട്ടം നേടിയിട്ടുണ്ട്. മൂന്നു മാസത്തോളം പെരിയാറിലും പുതുവൈപ്പിലെ കടലിലും കൂടാതെ, സൈക്കിളിംഗിലും തീവ്രപരിശീലനം പൂര്ത്തിയാക്കിയാണ് മലേഷ്യയിലേക്കു തിരിച്ചത്. റാന്നി സ്വദേശിയായ ജോമി കൊച്ചി കാക്കനാടാണ് സ്ഥിരതാമസം. ഡോ. അനു ഉണ്ണിയാണു ഭാര്യ. ജോ ആനും ജോര്ദനും മക്കളാണ്.
യൂറോപ്പിലെ അയണ്മാന് മത്സരങ്ങളേക്കാള് കഠിനമാണ് മലേഷ്യയിലേതെന്നു ജോമി പറയുന്നു. കഠിനപരിശീലനവും നിശ്ചയദാര്ഢ്യവും ലക്ഷ്യബോധവും കൃത്യമെങ്കില് അസാധ്യമെന്നു കരുതുന്നതു പലതും നേടിയെടുക്കാമെന്നും അദ്ദേഹത്തിന്റെ ഓര്മപ്പെടുത്തല്.