International
ഹാനോയി: വിയറ്റ്നാമിന്റെ മധ്യമേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒന്പതു പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയാണു ദുരന്തത്തിനു കാരണം.
തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ നൂറു സെന്റിമീറ്റർ വരെ മഴ ലഭിച്ചു.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹുവേ, ഹോയി ആൻ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.
National
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ വൻനാശംവിതച്ച മിന്നല് പ്രളയത്തില് കാണാതായ 67 പേര് മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി.
നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള് മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. എന്നാൽ, ഏഴു വര്ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷന് നടത്താന് രജിസ്ട്രാര് ജനറല് ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്കുകയായിരുന്നു.
ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്. ബന്ധുക്കളുടെ കൂടി അഭ്യർഥനയിലാണ് നടപടി. ഇതോടെ ധരാളിയിലെ പ്രളയത്തില് കാണാതായവരുടെ കുടുംബങ്ങള് സംസ്ഥാന ദുരിതാശ്വാസ നിധിയില് നിന്നും ധനസഹായം ലഭിക്കാന് അര്ഹരാവും.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വീണ്ടും മേഘവിസ്ഫോടനം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. തപോവൻ മേഖലയിൽ നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്.
സഹസ്ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്രപ്രസിദ്ധമായ തപ്കേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ പരിസരം വെള്ളത്തിനടിയിലായി. ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിയുകയാണ്. പുഴയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെറാഡൂണിൽ 12-ാംക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂൺ, ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. നിരവധിപേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. പ്രദേശത്തുനിന്ന് തീർഥാടകരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര് അറിയിച്ചു. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല് പ്രളയത്തില് കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഉത്തരകാശിയിലെ അപകട സ്ഥലത്തു നിന്നും നാല് കിലോമീറ്റർ അകലെയാണ് സംഘാംഗങ്ങൾ ഉള്ളത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില് നിന്നുള്ളവരാണ് സംഘത്തിലുള്പ്പെട്ടതെന്നാണ് റിപ്പോര്ട്ട്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ടൂര് പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില് നിന്നും പോയ നാരായണന് നായര്, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള് അറിയിച്ചിരുന്നു. ഹരിദ്വാറില് നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്.
ഇതിനിടെ, ഉത്തരാഖണ്ഡില് രക്ഷാപ്രവര്ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്ന് വീട്ടുകാര് പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര് കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ് ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള് പറഞ്ഞു. പ്രളയത്തില് തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര് സൂചിപ്പിച്ചു.
Kerala
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല് പ്രളയത്തില് മലയാളികളെയും കാണാതായതായി റിപ്പോര്ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില് നിന്നുള്ളവരാണ് സംഘത്തിലുള്പ്പെട്ടതെന്നാണ് റിപ്പോര്ട്ട്.
ടൂര് പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില് നിന്നും പോയ നാരായണന് നായര്, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള് പറയുന്നു. ഹരിദ്വാറില് നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.
ഇതിനിടെ, ഉത്തരാഖണ്ഡില് രക്ഷാപ്രവര്ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്ന് വീട്ടുകാര് പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര് കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ് ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള് പറഞ്ഞു. പ്രളയത്തില് തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര് സൂചിപ്പിച്ചു.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 78 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 40ലേറെപ്പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഹിമാചലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംമണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. വൻനാശമാണു സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഹിമാചലിൽ ഇതുവരെ 23 മിന്നൽപ്രളയവും 19 മേഘവിസ്ഫോടനവും 16 ഇടത്ത് മണ്ണിടിച്ചിലും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഹിമാചലിലെ കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉന, ബിലാസ്പുർ, ഹാമിർപുർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലും ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ചന്പ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിൽ 240ലേറെ റോഡുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധിപ്പേർ ഭവനരഹിതരായി.
ഇന്നുരാവിലെ ഡൽഹിയിലും സമീപ മേഖലകളിലും തുടർച്ചയായി മഴ പെയ്തു. വരുംമണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മിന്നലുമുണ്ടായി. ഡൽഹി-എൻസിആറിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
National
ഷിംല: ഹിമാചല് പ്രദേശിലെ കുളു ജില്ലയില് മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല്പ്രളയത്തില് രണ്ട് പേര് മരിച്ചു. 20ല് അധികം പേരെയാണ് ഒഴുക്കില്പ്പെട്ട് കാണാതായത്. ഇതില് രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.
ഇന്ദിരാ പ്രിയദര്ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഇവിടെ താത്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി വീടുകൾ സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ അഞ്ച് ജില്ലകളിൽ റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.