പ്രതീകാത്മക ചിത്രം
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ കെയി പന്യോർ ജില്ലയിൽ മിന്നൽപ്രളയത്തിൽ കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച പെയ്ത കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വ്യോമസേനയുടെയും സംസ്ഥാന സിവിൽ ഏവിയേഷൻ വകുപ്പിന്റെയും ഹെലികോപ്റ്ററുകൾ വഴി കൂടുതൽ ജീവനക്കാരെയും സാമഗ്രികളും എത്തിച്ചിട്ടുണ്ട്.
പ്രാഥമിക കണക്കു പ്രകാരം നീപ്കോ കോളനിയിൽ 30 വീടുകൾ പൂർണമായി ഒലിച്ചുപോയി. പൊസ, പിറ്റാപ്പുൽ മേഖലകളിൽ 10 വീടുകൾ പൂർണമായും 14 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 128 കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. നീപ്കോ കാന്പസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ നിലവിൽ 60 പേർ കഴിയുന്നുണ്ട്. ദുരന്തദിവസം മുപ്പത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച വൈകുന്നേരം കെയി പന്യോർ കവാടത്തിനു സമീപമുള്ള ക്രഷർ യൂണിറ്റിനടുത്ത് മണ്ണടിച്ചിലിൽ നാലു തൊഴിലാളികൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ഇവരുടെ ക്യാന്പിനുമേൽ മണ്ണടിച്ചിൽ ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടെ ഭാഗികമായി കുടുങ്ങിയ ഇവരെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് ആദ്യം രക്ഷപ്പെടുത്തിയത്. പ്രദേശത്ത് മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ വിവരങ്ങൾ ലഭിക്കാൻ വൈകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തിൽ മുഖ്യമന്ത്രി പേമ ഖണ്ഡു ദുഃഖം രേഖപ്പെടുത്തി.
Tags : Flash floods Arunachal Pradesh missing Search