ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
ന്യൂഡൽഹി: ബംഗ്ലാദേശിലെ തന്ത്രപ്രധാന തുറമുഖമായ മോംഗ്ലയിൽ പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കാനുള്ള കരാറിൽ ചൈനയുമായി കൈകോർത്ത് ബംഗ്ലാദേശ്. നേരത്തേ ഇന്ത്യക്കു നീക്കിവച്ചിരുന്ന പദ്ധതിയാണ് ബംഗ്ലാദേശ് പുതിയ കരാറിലൂടെ ചൈനയിലെ ഒരു പൊതുമേഖലാ കമ്പനിക്കു നൽകുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനിടെയുള്ള കരാർ പ്രഖ്യാപനം നയതന്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കു തിരിച്ചടിയാണ്.
കോൽക്കത്തയിൽനിന്ന് 188 കിലോമീറ്റർ മാത്രം അകലെയായുള്ള മോംഗ്ല തുറമുഖത്തിൽ ഇന്ത്യൻ സാമ്പത്തികമേഖല വികസിപ്പിക്കാൻ ബംഗ്ലാദേശുമായി ഇന്ത്യ 2015ൽ ധാരണയായതാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി കടൽമാർഗം ബന്ധപ്പെടാൻ സഹായിക്കുന്ന മോംഗ്ല തുറമുഖത്തിൽ സാമ്പത്തികമേഖല വികസിപ്പിക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ സാമ്പത്തികസഹായത്താൽ മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ പ്രധാന നഗരമായ ഖുൽനയ്ക്കുമിടയിൽ ഒരു പുതിയ റെയിൽവേ ലൈനും ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ചിരുന്നു. ഇന്ത്യയുടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗം നിലവിൽ സിലിഗുരി ഇടനാഴി മാത്രമായതിനാൽ ബംഗ്ലാദേശിലെ സുപ്രധാന തുറമുഖത്തിൽ സാന്നിധ്യമുണ്ടാക്കുന്നത് ഇന്ത്യക്ക് നേട്ടമാകുമായിരുന്നു.
മോംഗ്ലയിലെ ഭൂമി വികസിപ്പിക്കാൻ 2018ൽ ഹീരാനന്ദാനി ഗ്രൂപ്പിനെ മോദിസർക്കാർ തെരഞ്ഞെടുത്ത് 2022ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടു വർഷത്തിനുള്ളിൽ പണി ആരംഭിക്കാൻ ഇന്ത്യൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ 2025ൽ ഇന്ത്യയെ കരാറിൽനിന്ന് ഡീ ലിസ്റ്റ് ചെയ്തിരുന്നു. 2024ൽ ബംഗ്ലാദേശ് ഭരണകൂടത്തിനെ അട്ടിമറിച്ച ആഭ്യന്തരവിപ്ലവത്തിനും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും ഇടയിലായിരുന്നു ഇത്.
താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷവും ഇന്ത്യയുമായി അവർക്ക് അത്ര നല്ല ബന്ധമല്ലെന്ന സൂചനകൾ നൽകുന്നതാണ് ചൈന ബംഗ്ലാദേശുമായി കൂടുതൽ അടുക്കുകയാണെന്ന വസ്തുത. റിപ്പോർട്ടുകളനുസരിച്ച് മോംഗ്ല തുറമുഖത്തിൽ ടെലികമ്യൂണിക്കേഷൻസും ഇലക്ട്രോണിക്സും ഉൾപ്പെടെയുള്ള മേഖലകളിലെ ഉത്പാദനകേന്ദ്രങ്ങൾ നിർമിക്കാനാണു ചൈന പദ്ധതിയിടുന്നത്.
ഫലത്തിൽ, ബംഗാൾ കടലിടുക്കിനടുത്ത തന്ത്രപ്രധാന മേഖലയിൽ ചൈന വാണിജ്യപരമായും നയതന്ത്രപരമായും സ്വാധീനമുറപ്പിക്കുന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മോംഗ്ല തുറമുഖത്തിലെ പുതിയ കരാറും ഊർജമാകും.
താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിൽ ബംഗ്ലാദേശിനെയും മ്യാന്മറിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയും ചൈന നിർദേശിച്ചിട്ടുണ്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി സംരംഭത്തിനു കീഴിൽ മൂന്നു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി വികസിപ്പിക്കുന്നതാണ് ചൈന മുന്നോട്ടുവച്ചിട്ടുളള നിർദേശം.
ഇന്ത്യയെ ചുറ്റി ചൈന മ്യാന്മറിലൂടെ ബംഗ്ലാദേശുമായി വ്യാപാര ഇടനാഴി നിർമിച്ചെടുക്കുന്നതും ബംഗ്ലാദേശ് ചൈനയുമായി കൂടുതൽ അടുക്കുന്നതിന്റെ സന്ദേശമാണ്. ഇന്ത്യക്കു വെല്ലുവിളിയുയർത്തി വർഷങ്ങളായി മരവിച്ചു കിടന്നിരുന്ന ടീസ്റ്റ നദീ പദ്ധതി ചൈനയുടെ സഹകരണത്തോടെ മുന്നോട്ടു കൊണ്ടുപോകാനും ബംഗ്ലാദേശ് തീരുമാനിച്ചിരുന്നു.
Tags : Bangladesh port setback India setback China