നാരായണന് ജില്ലാ പഞ്ചായത്തംഗം ഇര്‍ഫാന ഇക്ബാല്‍ ചിതയൊരുക്കുന്നു.
മഞ്ചേശ്വരം: കാന്‍സര്‍ ബാധിച്ച് മരിച്ച ആദ്യകാല ബിജെപി പ്രവര്ത്തകന് മീഞ്ച ചിഗ്റുപദവ് സ്വദേശിയായ നാരായണന് (64) ചിതയൊരുക്കി ജില്ലാ പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഫാന ഇക്ബാല്‍.
ഒരുമാസം മുന്‍പാണ് നാട്ടിലെ കടവരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാര്‍ഡ് മെംബര്‍ ഷെരീഫ് ചിനാല ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാലിനെ അറിയിക്കുന്നത്.
സ്ഥലത്ത് എത്തിയ അവര്‍ ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും കാര്യങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് സായിദ് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ നാരായണന് വ്യാഴാഴ്ചയാണു മരിച്ചത്. മരിച്ച വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തയാറായില്ല. രണ്ടു ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാന്‍ ഇര്ഫാനയ്ക്കു സമ്മതപത്രം നല്കി. ചെറുഗോളി പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹത്തിനു ഹൈന്ദവ ആചാരപ്രകാരം ചിതയൊരുക്കി തീകൊളുത്തി ഇര്‍ഫാന അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
സാമൂഹ്യപ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മഹമൂദ് കൈക്കമ്പ എന്നിവരും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. ഉറ്റവര്‍ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെട്ട 50 വയോജനങ്ങളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വയോജന മന്ദിരം സ്ഥാപകയുമാണ് ഇര്‍ഫാന.
Tags : Muslim League district panchayat member BJP worker gathers