District News
പരപ്പ: തലശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കിനാനൂർ-കരിന്തളം പഞ്ചായത്തംഗം വി.കെ. ശ്യാമളയ്ക്ക് ചികിത്സാസഹായമെത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ചെയർമാനും മുൻ വാർഡ് അംഗം മനോജ് തോമസ് കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഇമ്യൂണോ തെറാപ്പി ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടുള്ളത്. വിധവയും ആശ്രയ കുടുംബാംഗവുമായ ശ്യാമളയുടെ കുടുംബത്തിന് ഇത്രയും തുക ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് സുമനസുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12-ാം വാർഡ് പെരിയങ്ങാനത്തു നിന്ന് 566 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് അംഗമായ ശ്യാമള തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമേറ്റ് ആഴ്ചകൾ കഴിയുന്നതിനു മുമ്പാണ് രോഗബാധിതയായത്. സഹായങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഗ്രാമീൺ ബാങ്ക് പരപ്പ ശാഖയിലെ 40438101063468 എന്ന അക്കൗണ്ട് നമ്പറിലേക്കോ (ഐഎഫ്എസ് സി കോഡ് കെഎൽജിബി0040438) 7510162393 എന്ന ഗൂഗിൾ പേ നമ്പറിലേക്കോ പണമയക്കാവുന്നതാണ്.
National
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, മാർച്ച് 30 ന് നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചിരുന്നു.
നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനാൽ, ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു.
District News
നെടുങ്കണ്ടം: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അടക്കം രണ്ടു പേര് അറസ്റ്റില്‍. ചേമ്പളം വട്ടപ്പാറ കൊച്ചുപുരയ്ക്കല്‍ ജോസി മാത്യു(52), കവുന്തി കോഴികുന്നേല്‍ കെ.കെ. സിബിന് (31) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്.
സിപിഐ പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയംഗമാണ് ജോസി . വെള്ളിയാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി ആശുപത്രിയിലെത്തിയ പ്രതികള്‍ ജീവനക്കാരോട് മദ്യപിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇത് നിരസിച്ച ജീവനക്കാരെ അസഭ്യം പറയുകയും അന്‍പത്തഞ്ചുകാരിയായ വനിതാ ശുചീകരണ ജീവനക്കാരിയെ മര്‍ദിക്കുകയുമായിരുന്നു. ജീവനക്കാരെ ഉള്ളിലാക്കി കുടുംബാരോഗ്യകേന്ദ്രം പുറത്തുനിന്നു പൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഉടുമ്പന്‍ചോല എസ്എച്ച്ഒ. ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ജോസിക്കെതിരേ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മര്‍ദനത്തില്‍ പരിക്കേറ്റ ശുചീകരണ ജീവനക്കാരി ചികിത്സയിലാണ്.
District News
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബാബു ചിങ്ങാരത്ത് (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. എടതിരിഞ്ഞി ചിങ്ങാരത്ത് പരേതനായ കറുപ്പന്റെ മകനാണ്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി ഡിവിഷനില്‍ നിന്നും 1457 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, എഐഡിആര്‍എം ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ട്രഷറര്‍, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയന് ഭാരവാഹിയാണ്.
എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ക്ലാര്‍ക്കുമായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: ഷെര്‍മിള (കേരള ബാങ്ക് വെള്ളാങ്കല്ലൂര്‍ ബ്രാഞ്ച് മാനേജര്‍). മകന്: നന്ദകിഷോര്‍ ചിങ്ങാരത്ത്.
Kerala
പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂരമർദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്.
കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി.
കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്നാണ് സംശയം.
Kerala
കോഴിക്കോട്: തദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും ബിജെപിയിൽ ചേർന്നു.
കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു.
ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്.