ബർക: ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഒരാളെ കാണാതായി. ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം.
തൃത്താല സ്വദേശികളായ ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷാമില (32), യൂസഫ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടി തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററോളം അപ്പുറത്തുനിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.
ലുബിഷാദും മക്കളും അടക്കം ആറുപേർ രക്ഷപ്പെട്ടു. ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചുവരുന്ന വഴി സൂക്കിന്റെ ഉൾഭാഗത്തുള്ള കനാലിൽ വാഹനം അകപ്പെടുകയായിരുന്നു.
മസ്കറ്റിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്.മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
അതേസമയം, ബര്ക്കയോടു ചേര്‍ന്നുള്ള മബേല വിലായത്തില്‍ ഒരു വാഹനം വാദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍കൂടി മരിച്ചു. പ്രളയബാധിതപ്രദേശങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റിയുടെയും റോയല്‍ ഒമാന്‍ പോലീസിന്റെയും നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കനത്ത മഴയെത്തുടര്‍ന്ന് മസ്കറ്റിലെ പ്രധാന വാണിജ്യകേന്ദ്രമായ ഖുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ മസ്കറ്റിലെ അമറാത്ത്ബൗഷര് മലമ്പാത താത്കാലികമായി അടച്ചു.
ശനിയാഴ്ച രാത്രിയില്‍ ഒമാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി ഒഴുക്കില്‍പ്പെട്ട 35 പേരെയും വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി പേരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Tags : Flash Floods Two Keralites Yusuf Shamla Oman