Sports
ബെയ്ജിംഗ്: ആറാമത് ഏഷ്യന് ബീച്ച് ഗെയിംസിനുള്ള ഇന്ത്യന് പുരുഷ 3x3 ബാസ്കറ്റ്ബോള് ടീമില് മലയാളി താരം പ്രണവ് പ്രിന്സ് ഇടംപിടിച്ചു.
ചെന്നൈ ഇന്ത്യന് ബാങ്ക് ഉദ്യോഗസ്ഥനായ പ്രണവ്, ഈ ടൂര്ണമെന്റില് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക മലയാളിയാണ്. ഗ്രൂപ്പ് സിയിലാണ് ഇന്ത്യ. ഖത്തര്, ബെഹ്റിന്, കസാക്കിസ്ഥാന് ടീമുകളാണ് ഗ്രൂപ്പില് ഇന്ത്യക്കൊപ്പമുള്ളത്. 25ന് കസാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം.
Sports
മുംബൈ: ജൂണ് ഒന്ന് മുതല് ഒമ്പതുവരെ ലണ്ടനില് നടക്കാനിരിക്കുന്ന യൂണിറ്റി കപ്പ് ഫുട്ബോളില് ഇന്ത്യന് ടീം പങ്കെടുക്കുമെന്നു സൂചന.
നൈജീരിയ, ജമൈക്ക ടീമുകള് ടൂര്ണമെന്റില് ഉണ്ടായേക്കും. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന്) അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
നൈജീരിയയാണ് യൂണിറ്റി കപ്പില് നിലവിലെ ചാമ്പ്യന്മാര്. ഇന്ത്യ ഇതുവരെ ടൂര്ണമെന്റില് പങ്കെടുത്തിട്ടില്ല.
Sports
കൊച്ചി: ഏഷ്യന് കപ്പ് ഫുട്ബോളിലേക്കുള്ള യോഗ്യത നേരത്തേ നഷ്ടമായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ജയവുമായി പടിയിറങ്ങാന് കൊച്ചിയുടെ മണ്ണില് ഇന്ത്യന് ടീം ഇന്ന് ഇറങ്ങുന്നു.
വലിയ അവകാശവാദങ്ങളൊന്നും ഇല്ലെങ്കിലും ജയം മാത്രമാണ് മുന്നിലെന്ന് കോച്ച് ഖാലിദ് ജാമില് പറഞ്ഞു.
ഗ്രൂപ്പില് രണ്ടാം സ്ഥാനക്കാരായ ഹോങ്കോംഗ് വലിയ മാര്ജിനില് ജയിച്ച് യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുക.
റയാൻ വില്യംസ്
ഓസ്ട്രേലിയന് വംശജനായ മുന്നേറ്റനിരക്കാരന് റയാന് വില്യംസ് ഇന്ന് ഇറങ്ങിയേക്കും. മലയാളി പ്രതിരോധതാരം ബിജോയ് വര്ഗീസും ആദ്യ ഇലവണില് ഇടം ലഭിച്ചേക്കും.
ഇടക്കാല കോച്ച് റോബോര്ട്ടോ ലബാര്ട്ടയുടെ ശിക്ഷണത്തിലാണ് ഹോങ്കോംഗ് ടീം. അഞ്ച് മത്സരങ്ങളില് നിന്ന് എട്ട് പോയിന്റുമായി രണ്ടാമതാണ് ഹോങ്കോംഗ്.
മികച്ച മാര്ജിനില് ജയിക്കാനായാല് 11 പോയിന്റുമായി യോഗ്യത നേടാനായേക്കും. അഞ്ച് മത്സരങ്ങളില് നിന്നു രണ്ടു സമനില മാത്രമുള്ള ഇന്ത്യ ഗ്രൂപ്പില് ഏറ്റവും പിന്നിലാണ്. രാത്രി ഏഴിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
Sports
മുംബൈ: അണ്ടര് 20 ഏഷ്യന് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ 23 അംഗ ടീമില് മലയാളി താരം ഷില്ജി ഷാജിയും.
നേരത്തേ പ്രഖ്യാപിച്ച 24 അംഗ സംഘത്തിലും കോഴിക്കോട് കക്കയം സ്വദേശിയായ ഷില്ജി ഉള്പ്പെട്ടിരുന്നു. 19കാരിയായ ഷില്ജി 2023ല് ഇന്ത്യയുടെ അണ്ടര് 17 ടീമില് അരങ്ങേറി.
2023 സാഫ് കപ്പ് അണ്ടര് 17ല് ഗോള്ഡന് ബൂട്ട് ജേതാവായിരുന്നു ഈ ഫോര്വേഡ് താരം. നിലവില് ഗോകുലം കേരള എഫ്സിയുടെ താരമാണ്.നീണ്ട 20 വര്ഷത്തിനുശേഷമാണ് ഇന്ത്യ ടൂര്ണമെന്റിനു യോഗ്യത നേടുന്നത്.
ഏപ്രില് രണ്ടിന് ജപ്പാന് എതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പോരാട്ടം ആരംഭിക്കുക. തുടര്ന്ന് ഏപ്രില് അഞ്ചിന് ഓസ്ട്രേലിയയെയും എട്ടിന് ചൈനീസ് തായ് പേയിയെയും നേരിടും.
സെമിയില് പ്രവേശിച്ചാല് 2026 ഫിഫ അണ്ടര് 20 വനിതാ ലോകകപ്പില് മത്സരിക്കാനുള്ള ടിക്കറ്റ് സ്വന്തമാക്കാം.
Sports
സിംഗപുർ: സിംഗപുരിൽ നടക്കുന്ന ഫിബ 3ഃ3 ഏഷ്യ കപ്പ് 2026 ബാസ്കറ്റ്്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ രണ്ട് മലയാളി മലയാളി താരങ്ങളും.
ഇന്ത്യൻ ബാങ്ക് ചെന്നൈ താരമായ പ്രണവ് പ്രിൻസും കഐസ്ഇബി തിരുവനന്തപുരത്തിന്റെ വനിതാ താരമായ ആർ. ശ്രീകലയുമാണ് മലയാളി സാന്നിധ്യം. സിംഗപുരിലെ കല്ലാംഗിൽ തുടർച്ചയായ അഞ്ചാം വർഷം നടക്കുന്ന ടൂർണമെന്റ് ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെയാണ് നടക്കുക.
24 പുരുഷ ടീമുകളും 22 വനിതാ ടീമുകളും കിരീടത്തിനായി പോരാടും. ഇന്ത്യൻ പുരുഷ ടീം ക്വാളിഫയിംഗ് ഡ്രോയിലെ ഗ്രൂപ്പ് ഡിയിലാണ് ഇടംപിടിച്ചത്. ഖസാക്കിസ്ഥാൻ, ഹോങ്കോംഗ് (ചൈന) എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഇന്ത്യയുടെ ആദ്യ മത്സരം ഏപ്രിൽ ഒന്നിന് ഖസാക്കിസ്ഥാനെതിരേയാണ്. ഇന്ത്യൻ വനിതാ ടീം മലേഷ്യ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഏപ്രിൽ രണ്ടിന് മലേഷ്യക്കെതിരേയാണ് വനിതകളുടെ ആദ്യ പോരാട്ടം.
Sports
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വാതിലുകള് ഇന്ത്യന് ടീമിനുമുന്നിലും കൊട്ടിയടച്ച് ജിസിഡിഎ. ഈ മാസം 31ന് നടക്കുന്ന എഎഫ്സി ഏഷ്യന് കപ്പിന്റെ അവസാന റൗണ്ട് യോഗ്യതാമത്സരത്തിനു മുന്നോടിയായി ഇന്ത്യന് ടീമിന്റെ വാര്ത്താസമ്മേളനവും ടീമിന്റെ പരിശീലനവും സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താല് ജിസിഡിഎ തടഞ്ഞു.
കെഎഫ്എ ഉള്പ്പെടെ ഇടപെട്ടിട്ടും ജിസിഡിഎ വഴങ്ങാന് കൂട്ടാക്കിയില്ല. ഇതേത്തുടര്ന്ന് വാര്ത്താസമ്മേളനം നടത്താനാകാതെ ഇന്ത്യന് ടീം പരിശീലകന് ഖാലിദ് ജമീലും മലയാളികളായ ടീം അംഗങ്ങളും അവഹേളിതരായി മടങ്ങി.
ഇന്ത്യയും ഹോങ്കോംഗും തമ്മിലുള്ള അന്താരാഷ്ട്ര മത്സരമാണ് 31ന് കലൂര് സ്റ്റേഡിയത്തില് നിശ്ചയിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം ടീം മാനേജ്മെന്റു നടത്താന് നിശ്ചയിച്ച വാര്ത്താസമ്മേളനത്തിലേക്ക് മാധ്യമങ്ങളെയും ക്ഷണിച്ചിരുന്നു. ഇതുപ്രകാരം പത്രസമ്മേളനത്തിനെത്തിയ ഇന്ത്യന് ഫുട്ബോള് ടീം പരിശീലകന് ഖാലിദ് ജമീലിനെയും മാധ്യമപ്രവര്ത്തകരെയും ജിസിഡിഎ പ്രതിനിധികള് പുറത്താക്കി. ഗ്രൗണ്ടില് ഇന്ത്യന് ടീമിന്റെ പരിശീലനവും സുരക്ഷാജീവനക്കാര് തടഞ്ഞു. തുടര്ന്ന് പ്രധാനകവാടം താഴിട്ടുപൂട്ടുകയും ചെയ്തു.
മത്സരത്തിനു വാടകയായി മൂന്നു ലക്ഷം രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 25 ലക്ഷം രൂപയുമാണ് മത്സരത്തിന് ആതിഥ്യം വഹിക്കുന്ന കേരള ഫുട്ബോള് അസോസിയേഷനോടു സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ ആവശ്യപ്പെട്ടത്. ഈ തുക അടയ്ക്കാമെന്ന് കെഎഫ്എ സമ്മതിക്കുകയും ചെയ്തു. എന്നാല് ഇന്നലെ നിശ്ചയിച്ച പത്രസമ്മേളനവും പരിശീലനവും നടത്തണമെങ്കില് മുഴുവന് തുകയും അടച്ച് നടപടികള് പൂര്ത്തിയാക്കണമെന്ന പിടിവാശിയിലായിരുന്നു ജിസിഡിഎ. കെഎഫ്എ സാവകാശം ചോദിച്ചെങ്കിലും വഴങ്ങിയില്ല.
തര്ക്കത്തെത്തുടര്ന്ന് പരിശീലകന് ഖാലിദ് ജമീല് കെഎഫ്എ ഓഫീസില് ഏറെനേരം കാത്തിരുന്നു. ജിസിഡിഎ വഴങ്ങാതെ വന്നതോടെ തിരിച്ചുപോകുകയായിരുന്നു. അനിഷ്ടസംഭവങ്ങളെ തുടര്ന്ന് പത്രസമ്മേളനത്തില് പങ്കെടുക്കേണ്ട ഇന്ത്യന് ടീമിലെ മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്, സഹല് അബ്ദുസമദ്, ബിജോയ് വര്ഗീസ് എന്നിവരും സ്റ്റേഡിയത്തിലെത്താതെ പാതിവഴിയില് ഹോട്ടലിലേക്കു മടങ്ങി. അനുമതി നിഷേധിച്ചതിനെത്തുടര്ന്ന് തൃപ്പൂണിത്തുറയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിലാണു ടീം പരിശീലനം നടത്തിയത്.
നേരത്തേ വാടകയുടെ പേരില് കേരള ബ്ലാസ്റ്റേഴ്സിനെയും ഉടമകളെയും സ്റ്റേഡിയത്തില്നിന്ന് ഇറക്കിവിട്ടിരുന്നു. ഇന്ത്യന് പരിശീലകനെ അപമാനിച്ച സംഭവത്തില് ഫുട്ബോള് പ്രേമികള്ക്കിടയില് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് ജിസിഡിഎ അധികൃതര് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി ജൂണില് ഇന്ത്യന് ടീം അയര്ലന്ഡില് എത്തും. ജൂലൈ ഒന്ന് മുതല് 19വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇന്ത്യഅയര്ലന്ഡില് കളിക്കും.
ഇന്ത്യക്ക് എതിരായ പരമ്പരയില് അയര്ലന്ഡ് പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തില് ഇറങ്ങും. ട്വന്റി-20 ക്യാപ്റ്റന് സ്ഥാനത്തുനിന്ന് പോള് സ്റ്റിര്ലിംഗ് ഇന്നലെ പടിയിറങ്ങി.
Sports
ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില് എത്തിയപ്പോള് ഇന്ത്യന് പുരുഷ ബാസ്കറ്റ്ബോള് ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന് യോഗ്യതാ ഗ്രൂപ്പില് ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര് ഉള്പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
ഇറാനില് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്ന്ന് ഗള്ഫ് സ്തംഭിച്ചതോടെ ഇന്ത്യന് ടീം ലൂസൈലില് കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്.
തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്സായിരുന്നു ഇന്ത്യന് ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്കറ്റ്ബോള് അസോസിയേഷന് പ്രതിനിധി തൃശൂര് സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന് ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള് റദ്ദാക്കി. ഇന്ത്യന് ടീം ലൂസൈലില് അകപ്പെട്ടു.
ഒടുവിൽ ആശ്വാസം
“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള് ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില് തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്റേതായ സമ്മര്ദം ഉണ്ടായിരുന്നു. ഖത്തര് ബാസ്കറ്റ്ബോള് ഫെഡറേഷന് ഞങ്ങള്ക്കു താമസസൗകര്യം ഏര്പ്പെടുത്തി.’’ -പ്രണവ് പ്രിന്സ് ദീപികയോട് പറഞ്ഞു.
ഖത്തറില്നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള് ആദ്യം ലൂസൈലില്നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില് യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര് നീണ്ട ബസ്യാത്ര ആരംഭിച്ചത്.
തിങ്കള് പുലര്ച്ചെ മൂന്നോടെ ദമാമില് എത്തി. വിമാനലഭ്യത പരിമിതമായതിനാല് രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്നിന്ന് ലക്നോവിലേക്കു തിരിച്ചു. ഞങ്ങള് ദമാമില്നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്സ് പറഞ്ഞു. ഇന്ത്യന് ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്സ് ഉള്ളത്.
Sports
മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ് ഡോളര്(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്ക്ക് 380,000 ഡോളര്(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.
Sports
സാംസണ് വിശ്വനാഥന് എന്ന ഡല്ഹി മുന് പോലീസ് കോണ്സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന് ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.
അതിനായി അയാള് ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില് സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന് കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില് ബാസ്കറ്റ്ബോള് കോര്ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്ഹിപോലൊരിടത്തു ക്രിക്കറ്റില് അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല് ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ് ജോലിവരെ ഉപേക്ഷിച്ചു.
തങ്ങള്ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്ക്ക്... സാംസണിന്റെ മക്കളില് രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന് ടീം 2026 ഐസിസി ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്റെ താരമാരെന്ന ചോദ്യത്തില് രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്ക്കും സഞ്ജു നല്കിയില്ല...
അഞ്ച് ഇന്നിംഗ്സുകൾ
അതെ, ഡല്ഹിയിലെ മുറിക്കുള്ളില് സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര് ഹീറോയാണ്. ഏതൊരു സൂപ്പര് ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്സില് ആരാധകരെ ഇരിപ്പിടത്തില്നിന്നെഴുന്നേല്പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്. അതിനായി 2026 ലോകകപ്പില് സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്സ് മാത്രം. അതില് രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില് ഉള്പ്പെട്ടത്. ആദ്യം അഭിഷേക് ശര്മ ഉദരസംബന്ധ അസുഖത്തെത്തുടര്ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.
സൂപ്പര് എട്ടില് വെസ്റ്റ് ഇന്ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര് ഹീറോ ഷോ ആരംഭിച്ചത്. തുടര്ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില് 89, ന്യൂസിലന്ഡിന് എതിരായ ഫൈനലില് 89... അതോടെ അഞ്ച് ഇന്നിംഗ്സില് 321 റണ്സുമായി 2026 ലോകകപ്പിന്റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള് ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില് ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.
അച്ഛന്റെ സ്വപ്നം
2025 കേരള പ്രീമിയര് ലീഗ് ട്വന്റി-20യില് ചേട്ടന് സാലി സാംസണിന്റെ ക്യാപ്റ്റന്സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി. ഐപിഎല് ടീമായ രാജസ്ഥാന് റോയല്സിന്റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില് എത്തുന്നത്. പ്രഥമ കെപിഎല്ലില്നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില് കളിച്ചു.
ഇന്ത്യന് ടീമില് ശുഭ്മാന് ഗില് എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില് കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില് എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്വരെ സഞ്ജു തയാറായി.
കാലം കരുതിവച്ച നീതിപോലെ, ഗില് ലോകകപ്പ് ടീമില് ഉള്പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്ക്കുന്ന നായകന് തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്റി-20 ലോകകപ്പിലെ സഞ്ജു സാംസണ്. വിശ്വനാഥ് സാംസണിന്റ് സുവര്ണ സ്വപ്നം ചിറകുവിരിച്ച മുഹൂര്ത്തങ്ങള്...
Sports
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില് ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങള്ക്കായി ഇന്ത്യന് ടീമിനു യാത്ര ചെയ്യേണ്ടത് 5551 കിലോമീറ്റര് ദൂരം.
മുംബൈയില് അമേരിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്ന്ന് നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിനായി ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക്. അവിടെനിന്ന് പാക്കിസ്ഥാന് എതിരായ മൂന്നാം മത്സരത്തിനായി ശ്രീലങ്കയിലെ കൊളംബോയില്. ഗ്രൂപ്പിലെ അവസാന മത്സരത്തിനായി (നെതര്ലന്ഡ്സ്) ഇന്ത്യന് ടീമിന് ഇനി അഹമ്മദാബാദിലേക്ക് പറക്കണം.
അതേസമയം, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ്. നെതര്ലന്ഡ്സിനും അമേരിക്കയ്ക്കും എതിരായ മത്സരങ്ങള് സിംഹള സ്പോര്ട്സ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യക്ക് എതിരായ മത്സരത്തിനായി ആര്. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് എത്തിയ പാക് ടീം നമീബിയയ്ക്ക് എതിരായ ഗ്രൂപ്പിലെ തങ്ങളുടെ അവസാന പോരാട്ടത്തിനായി തിരികെ സിംഹള സ്റ്റേഡിയത്തിലേക്കു മടങ്ങും. ഇരുവേദികളും തമ്മിലുള്ള അകലെ അഞ്ച് കിലോമീറ്ററില് താഴെ മാത്രം...
ടീം ഇന്ത്യയുടെ യാത്ര
► മുംബൈ - ഡല്ഹി: 1167 കിലോമീറ്റര്
► ഡല്ഹി - കൊളംബോ: 2433 കിലോമീറ്റര്
► കൊളംബോ - അഹമ്മദാബാദ്: 1951 കിലോമീറ്റര്
അന്ന് ഇന്ത്യ, ഇന്ന് പാക്
ഈ ലോകകപ്പില് പാക്കിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്ക്കു വേദിയാകുന്നത് കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളാണ്, ആര്. പ്രേമദാസയും സിംഹള സ്പോര്ട്സ് ക്ലബ് ഗ്രൗണ്ടും. ഈ രണ്ടു വേദികളും തമ്മിലുള്ള അകലം ഏകദേശം അഞ്ച് കിലോമീറ്ററില് താഴെ മാത്രം. അതായത്, ഇന്ത്യന് ടീമിനെ പോലെ കിലോമീറ്ററുകള് നീണ്ട യാത്രയോ കടല്കടന്നുള്ള യാത്രയോ പാക് ടീമിനു ചെയ്യേണ്ടിവന്നില്ല.
പാക്കിസ്ഥാന് ആതിഥേയത്വം വഹിച്ച 2025 ഐസിസി ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യക്കായിരുന്നു ഈ ആനുകൂല്യം. പാക്കിസ്ഥാനിലേക്കില്ലെന്നു പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങള്ക്കു വേദിയായത് ദുബായ് ആയിരുന്നു.
Sports
മുംബൈ: ഐസിസി അണ്ടര് 19 പുരുഷ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമില് രണ്ട് മലയാളികള്. കോട്ടയത്തുവേരുള്ള ഹൈദരാബാദിനായി ആഭ്യന്തരം കളിക്കുന്ന ആരോണ് ജോര്ജും കേരളത്തിനായി ആഭ്യന്തരം കളിക്കുന്ന മുഹമ്മദ് ഇനാനുമാണ് ഇന്ത്യന് ടീമില് ഇടംനേടിയ മലയാളികള്.
ആയുഷ് മാത്രെ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന് വിഹാന് മല്ഹോത്രയാണ്. ജനുവരി 15 മുതല് ഫെബ്രുവരി ആറ് വരെ സിംബാബ്വെയിലും നമീബിയയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയില് ന്യൂസിലന്ഡ്, ബംഗ്ലാദേശ്, അമേരിക്ക ടീമുകള്ക്കൊപ്പമാണ്. ജനുവരി 15ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിനു മുമ്പ് ഇന്ത്യ അണ്ടര് 19 ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നു മത്സര ഏകദിനം കളിക്കും. വൈഭവ് സൂര്യവംശിയാണ് പരമ്പരയില് ഇന്ത്യയെ നയിക്കുക. ആയുഷ്, വിഹാന് എന്നിവര് പരിക്കിനുശേഷമുള്ള വിശ്രമത്തിലായതിനാല് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കളിക്കുന്നില്ല.
Sports
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി20 ക്രിക്കറ്റ് പരന്പരയ്ക്കായി ടീമുകൾ 24ന് തിരുവനന്തപുരത്തെത്തും. അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് നടക്കും. അവസാന മൂന്ന് മത്സരങ്ങൾക്കായാണ് വനിത ടീം കേരളത്തിലെത്തുന്നത്.
ഈ മാസം 26, 28, 30 തീയതികളിൽ കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. വൈകിട്ട് ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുക.
ഏകദിന ലോകകപ്പ് ചാന്പ്യന്മാരായ ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം ട്വന്റി20യിലും കളിക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായാണ് കേരളത്തിൽ രാജ്യാന്തര മത്സരത്തിനറങ്ങുന്നത്. 25ന് ഇരു ടീമുകളും പരിശീലനത്തിനിറങ്ങും.
ടിക്കറ്റ് നിരക്കുകൾ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. വനിതകൾക്കും വിദ്യാർഥികൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും.
Sports
സ്മൃതി മന്ദാന; സൗന്ദര്യവും ക്രിക്കറ്റ് വൈഭവവുംകൊണ്ട് ആരാധകരുടെ ഹൃദയത്തില് കൂടുകൂട്ടിയവള്. നിലവില് ഇന്ത്യന് വനിതാ ക്രിക്കറ്റിന്റെ ഗ്ലാമര് മുഖം. പലാഷ് മുഖലുമായുള്ള ഏറെനാളത്തെ പ്രണയത്തിനുശേഷം വിവാഹത്തിലേക്കു കടക്കാനൊരുങ്ങിയിരിക്കുന്നു. എന്നാല്, സ്മൃതിയുടെ പിതാവിന്റെ ഹൃദയസംബന്ധ പ്രശ്നങ്ങളെത്തുടര്ന്ന് വിവാഹച്ചടങ്ങ് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഈ സന്ദര്ഭത്തിന്റെ അപ്രതീക്ഷിത മാനസിക സമ്മര്ദങ്ങളെത്തുടര്ന്ന് പലാഷിനെയും സാങ്ഗ്ലിയിലെ ആശുപത്രിയില് പ്രവേശിപ്പിക്കേണ്ടിവന്നു.
മുംബൈയിലാണ് സ്മൃതി ജനിച്ചതെങ്കിലും വളര്ന്നത് മഹാരാഷ്ട്രയിലെ സാങ്ഗ്ലിയിലായിരുന്നു. മഞ്ഞളിന്റെ നാടെന്നാണ് സാങ്ഗ്ലി അറിയപ്പെടുന്നത്. മഞ്ഞളിന്റെ നാട്ടില് വളര്ന്ന സ്മൃതി എങ്ങനെ ഇന്ത്യന് ക്രിക്കറ്റിന്റെ മുഖമായിമാറി...
പഠിച്ചതും വളര്ന്നതും സാങ്ഗ്ലിയില്
1996 ജൂലൈയില് മുംബൈയിലായിരുന്നു സ്മൃതി മന്ദാനയുടെ ജനനം. എന്നാൽ, രണ്ടാം വയസിൽ സാങ്ഗ്ലി ജില്ലയിലെ മാധവ്നഗറിലേക്കു സ്മൃതിയുടെ കുടുംബം ചേക്കേറി. പ്രാദേശിക സ്കൂളില് വിദ്യാഭ്യാസം. തുടര്ന്ന് സാങ്ഗ്ലിയിലെ ചിന്താമണ് റാവു കൊമേഴ്സ് കോളജില്നിന്ന് ഡിഗ്രി.
എന്നാല്, വിദ്യാഭ്യാസത്തിനൊപ്പം ക്രിക്കറ്റും സ്മൃതി മന്ദാന വശത്താക്കി. കാരണം, സ്മൃതിയുടെ അച്ഛനും ചേട്ടന്മാരും പ്രാദേശികമായി ക്രിക്കറ്റ് കളിക്കുന്നവരായിരുന്നു. ചേട്ടന്മാര് സ്റ്റേറ്റ് ലെവല് ക്രിക്കറ്റ് കളിക്കുന്നതിനും സ്മൃതി സാക്ഷിയായി.
ഒമ്പതാം വയസില് അണ്ടര് 15 ടീമില്
ക്രിക്കറ്റ് വീട്ടിലെ വിഷയങ്ങളിലൊന്നായത് സ്മൃതിയുടെ കരിയറിനു ഗുണം ചെയ്തു. ഒമ്പതാം വയസില് മഹാരാഷ്ട്ര അണ്ടര് 15 ടീമിലേക്ക് സ്മൃതിക്കു ക്ഷണമെത്തി. 11-ാം വയസില് മഹാരാഷ്ട്ര അണ്ടര് 19 ടീമിലും സ്മൃതിക്ക് ഇടംലഭിച്ചു. ക്രിക്കറ്റ് അക്കാദമികളിലൂടെ അല്ലായിുന്നു സ്മൃതിയുടെ കരിയര് തുടങ്ങിയത്. സ്കൂള് മണിക്കൂറുകള്ക്ക് മുമ്പുംശേഷവും നടത്തിയ ഇടവിടാതെയുള്ള പ്രാദേശിക പരിശീലനമായിരുന്നു സ്മൃതിയുടെ കരുത്ത്.
കൗമാരത്തിലേ തരംഗം
16-ാം വയസില് ആഭ്യന്തര അണ്ടര് 19 ടൂര്ണമെന്റില് 224 നോട്ടൗട്ടുമായി ദേശീയ തലത്തില് ശ്രദ്ധപിടിച്ചുവാങ്ങി. ലിസ്റ്റ് എ ക്രിക്കറ്റില് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന് വനിതാ താരം എന്ന റിക്കാര്ഡായിരുന്നു അന്ന് സ്മൃതി കുറിച്ചത്. അതോടെ ദേശീയ ടീം സെലക്ടര്മാരുടെ കണ്ണ് സ്മൃതിയില് ഉടക്കി, ഇന്ത്യയുടെ ഭാവിതാരത്തെ അവര് സ്മൃതിയില് കണ്ടു.
17-ാം വയസില്
2013ല് തന്റെ 17-ാം വയസില് സ്മൃതി ഇന്ത്യന് ജഴ്സി അണിഞ്ഞു. 2013 ഏപ്രില് അഞ്ചിന് വഡോദരയില് ബംഗ്ലാദേശിനെതിരേ ആയിരുന്നു ട്വന്റി-20 അരങ്ങേറ്റം. ഏപ്രില് 10ന് അഹമ്മദാബാദില്വച്ച് ബംഗ്ലാദേശിനെതിരേതന്നെ ഏകദിനത്തിലും അരങ്ങേറി. അങ്ങേറ്റ ട്വന്റി-20 ഇന്നിംഗ്സില് 36 പന്തില് 39 റണ്സ്, ഏകദിനത്തില് 35 പന്തില് 25.
2016ല് ഓസ്ട്രേലിയന് പര്യടനത്തില് കന്നി രാജ്യാന്തര സെഞ്ചുറി നേടി. അതേവര്ഷം ഐസിസി വനിതാ ക്രിക്കറ്റര് ഓഫ് ദ ഇയര് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തില് 117 മത്സരങ്ങളില്നിന്ന് 14 സെഞ്ചുറിയും 34 അര്ധസെഞ്ചുറിയും ഉള്പ്പെടെ 5322 റണ്സ് നേടി. ഏഴ് ടെസ്റ്റില് രണ്ട് സെഞ്ചുറിയും മൂന്ന് അര്ധസെഞ്ചുറിയും ഉള്പ്പെടെ 629 റണ്സ്, 153 ട്വന്റി-20 കളിച്ച് ഒരു സെഞ്ചുറിയും 31 അര്ധസെഞ്ചുറിയും ഉള്പ്പെടെ 3982 റണ്സും സ്മൃതി ഇതുവരെ സ്വന്തമാക്കി.
ഇന്ത്യക്കായി ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ചുറി (14), ഏകദിനത്തില് ലോകത്തില് ഏറ്റവും കൂടുതല് സെഞ്ചുറിയില് (14) രണ്ടാം സ്ഥാനം, ഒരു ടൂര്ണമെന്റില് (ലോകകപ്പ്) ഏറ്റവും കൂടുതല് സെഞ്ചുറി (5), ഒരു കലണ്ടര് വര്ഷം ഏകദിനത്തില് ഏറ്റവും കൂടുതല് റണ്സ് (1362) തുടങ്ങി ഒരുപിടി റിക്കാര്ഡുകള് 29കാരിയായ സ്മൃതിയുടെ പേരില് നിലവിലുണ്ട്.
Sports
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടിയ ഓസ്ട്രേലിയൻ താരം റയാൻ വില്ല്യംസിന് ഇനി നീലക്കുപ്പായത്തിൽ കളിക്കാം.
ഓസ്ട്രേലിയൻ ഫെഡറേഷൻ നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഇനിയുള്ള മത്സരങ്ങളിൽ റയാന് ബൂട്ടണിയാം. മുപ്പത്തിരണ്ടുകാരനായ റയാൻ നേരത്തേ തന്നെ ഇന്ത്യൻ ക്യാംപിൽ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഫിഫ റയാന്റെ ടീം മാറ്റം ഒൗദ്യോഗികമായി അംഗീകരിച്ചത്. ഫിഫയുടെ അംഗീകാരം വൈകിയതിനാൽ എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ടിൽ ബംഗ്ലദേശിനെതിരായ മത്സരം റയാന് നഷ്ടമായിരുന്നു. നിലവിൽ ഐഎസ്എൽ ക്ലബ് ബംഗളൂരു എഫ്സി താരമാണ്.
Sports
ഹൊബാർട്ട്: വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിന് പിന്തുണയുമായി ഇന്ത്യയുടെ പുരുഷ ടീമംഗങ്ങൾ.
ഞായറാഴ്ച ഹൊബാർട്ടിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി-20ൽ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പുരുഷ ടീമംഗങ്ങൾ കളി കാണാനിരുന്നത്. ഇതിന്റെ ചിത്രം ബിസിസിഐ എക്സിൽ പങ്കുവെച്ചു. ‘വനിതാ ടീമിന് പിന്തുണ’ എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, സുനിൽ ഗാവസ്ക്കർ, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ഇന്ത്യയുടെ ഫൈനൽ മത്സരം കാണാൻ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Sports
ബംഗളൂരു: ഓസ്ട്രേലിയായിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ടി20 ടീമില് നിന്ന് സ്പിന്നര് കുല്ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തെ മൂന്നാം മത്സരത്തില് ഉള്പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കുല്ദീപിനോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്ദിന മത്സരത്തില് ഇന്ത്യ എ ടീമിൽ താരം കളിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം മത്സരത്തിലാകും കുല്ദീപ് ഇന്ത്യന് എ ടീമിനായി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിന് റെഡ്ബോളിൽ കൂടുതൽ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ബിസിസിഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര് 14ന് കോല്ക്കത്ത ഈഡന് ഗാര്ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര് 22 ഗുവാഹത്തിയില് നടക്കും.