ഇന്ത്യ ടീം
കൊളംബോ: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണ് ഫൈനല്‍ ടിക്കറ്റിനായുള്ള പോയിന്റ് സമാഹരണം ലക്ഷ്യമിട്ട് ടീം ഇന്ത്യ ശ്രീലങ്കയില്‍. രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇന്നലെ ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്തു. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഈ വെള്ളിയാഴ്ച ശ്രീലങ്ക ഇലവനുമായി ഇന്ത്യന്‍ ടീം ത്രിദിന പരിശീലന മത്സരം കളിക്കും.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും നേതൃത്വത്തിലുള്ള ടീം ഇന്ത്യ അവസാനവട്ട മുന്നൊരുക്കത്തിനുശേഷമാണ് ശ്രീലങ്കയിലേക്കു പറന്നത്. സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കാല്‍മുട്ടിലെ പരിക്ക് ഭേദമാകാത്തതിനാല്‍ ഒഴിവാക്കി. പകരം കാഷ്മീരി മീഡിയം പേസര്‍ അഖിബ് നബിയെ ഉള്‍പ്പെടുത്തി.
സ്പിന്‍ പരിശീലനം @ ബാന്ദ്ര
ഇന്നലെ ശ്രീലങ്കയിലേക്കു പുറപ്പെടും മുമ്പ് ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ സ്പിന്നിനെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം നടത്തി. മുംബൈയിലെ ബാന്ദ്ര അക്കാഡമിയിലായിരുന്നു ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും യശസ്വി ജയ്സ്വാളും പ്രത്യേക പരിശീലനം നടത്തിയത്. തനുഷ് കൊടിയന്‍ അടക്കമുള്ള മുംബൈയിലെ മുന്‍നിര സ്പിന്നര്‍മാര്‍ ഇരുവര്‍ക്കും പന്ത് എറിഞ്ഞുനല്‍കി. ലെഫ്റ്റ്-ആം സ്പിന്നേഴ്സ്, ലെഗ് സ്പിന്നേഴ്സ്, ഓഫ് സ്പിന്നേഴ്സ് എന്നിങ്ങനെ എല്ലാത്തരം സ്പിന്നര്‍മാരെയും മണിക്കൂര്‍ നീണ്ട പ്രത്യേക പരിശീലനത്തിനിടെ രാഹുലും ജയ്സ്വാളും നേരിട്ടെന്നതാണ് ശ്രദ്ധേയം.ശ്രീലങ്കയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നതിനാലായിരുന്നു ഇത്തരമൊരു പരിശീലനം.ജയ്സ്വാള്‍ കഴിഞ്ഞ മൂന്നു ദിവസമായി ബാന്ദ്ര വെസ്റ്റിലുള്ള അക്കാദമിയിൽ എത്തിയിരുന്നു.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്‍മാരെ. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, സാരന്‍ഷ് ജെയിന് എന്നീ സ്പിന്നര്‍മാരാണ് ടീമിന്റെ ഭാഗമായി ലങ്കയില്‍ എത്തിയിരിക്കുന്നത്.
ബാക്ക് ടു ലോക ചാമ്പ്യന്‍ഷിപ്പ്
ടീം ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത് ജൂണ്‍ ആദ്യവാരം അഫ്ഗാനിസ്ഥാന് എതിരേ. മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 300 റണ്‍സിനും ജയിച്ചിരുന്നു. എന്നാല്‍, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരമായിരുന്നില്ല അത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കഴിഞ്ഞ നവംബറിലെ ഹോം പരമ്പരയായിരുന്നു 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീരീസിലെ ഇന്ത്യയുടെ അവസാന മത്സരങ്ങള്‍. ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനും തോറ്റ ഇന്ത്യ, പരമ്പര 2-0ന് അടിയറവച്ചിരുന്നു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനും (രണ്ട്), വെസ്റ്റ് ഇന്‍ഡീസിനും (രണ്ട്) എതിരേയായിരുന്നു ഈ ജയങ്ങള്‍. ലീഗ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
Tags : Indian team in Sri Lanka