ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാനേജര്‍
ഫിഫ ലോകകപ്പിന്റെ ഹൈപ്പ് അവസാനിച്ചതിനു പിന്നാലെ ഫുട്ബോള്‍ ലോകം ക്ലബ് പോരാട്ടത്തിന്റെ തിളക്കത്തിലേക്ക്. 2026-27 സീസണ് ക്ലബ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കുള്ളത് ദിനങ്ങളുടെ അകലം മാത്രം. ക്ലബ് ലോകത്തിലെ ഗ്ലാമര്‍ വേദിയായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2026-27 സീസണിനു മുമ്പുതന്നെ റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടി.
ഏറ്റവും കൂടുതല്‍ പുതിയ മാനേജര്‍മാരുള്ള സീസണ് എന്ന റിക്കാര്‍ഡാണ് ഇപിഎല്‍ ഇതിനോടകം കുറിച്ചത്. 2026-27 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒമ്പത് പുതിയ മാനേജര്‍മാര്‍ എത്തും. ചെല്‍സിയുടെ സാബി അലോണ്‍സോ മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എന്‍സൊ മരെസ്ക അടക്കമുള്ള കണക്കാണിത്. 2016-17 സീസണില്‍ എട്ട് പുതിയ മാനേജര്‍മാര്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഈവര്‍ഷം 11 മാനേജര്‍മാര്‍ പ്രീമിയര്‍ ലീഗില്‍ എത്തി എന്നതും ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൈക്കല്‍ കാരിക്കും (2026 ജനുവരി) ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ റോബര്‍ട്ടോ ഡിസെര്ബിയും (2026 മാര്‍ച്ച്) ഉള്‍പ്പെടെയുള്ള കണക്ക്.
ഇപിഎല്‍ 2026-27 സീസണിന്റെ കിക്കോഫ് ഈ മാസം 22നാണ്. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ ഏറ്റവും ആദ്യം ആരംഭിക്കുന്നത് സ്പാനിഷ് ലാ ലിഗയാണ് (15ന്). ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ സീസണുകളും 22ന് ആരംഭിക്കും.
പെപ്പിനുശേഷം മരേസ്ക
പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിവിട്ടതിനും അര്‍നെ സ്ലോട്ടിനെ ലിവര്‍പൂള്‍ പുറത്താക്കിയതിനും ശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് സീസണ് ആണ് നടക്കാനിരിക്കുന്നത്. സ്പാനിഷ് കോച്ചായ അന്തോണി ഇരാവോല ബേണ്മത്തില്നിന്ന് ലിവര്‍പൂളിലേക്ക് എത്തി. ചെല്‍സിയുടെ മാനേജരായിരുന്ന എന്‍സോ മരേസ്കയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ്പിന്റെ പിന്മുറക്കാരന്. പെപ്പിന്റെ ചെറിയ ഛായയുണ്ട് മരേസ്കയ്ക്കെന്നതും രസകരം.
സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍നിന്നു പുറത്താക്കപ്പെട്ട സാബി അലോണ്‍സോ ചെല്‍സിയുടെ മാനേജര്‍ സ്ഥാനത്ത് എത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. പെപ്പിനുശേഷം 2026-27 സീസണിലെ ഏറ്റവും ഗ്ലാമര്‍ പരിശീലകരില്‍ ഒരാളാണ് സാബി.
ആര്‍ടെറ്റ സീനിയര്‍
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ മാനേജര്‍മാരില്‍ നിലവില്‍ ഏറ്റവും സീനിയര്‍ (ഏഴ് വര്‍ഷം) ആഴ്സണല്‍ എഫ്സിയുടെ മൈക്കല്‍ ആര്‍ടെറ്റ. ആഴ്സണലിനെ നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രീമിയര്‍ ലീഗ് കിരീടത്തില്‍ എത്തിച്ചവനാണ് (2025-26) ആര്‍ടെറ്റ എന്നതും ശ്രദ്ധേയം. 2019 ഡിസംബറിലാണ് ആര്‍ടെറ്റ ആഴ്സണലിന്റെ മുഖ്യപരിശീലകനാകുന്നത്. ആസ്റ്റണ്‍ വില്ലയുടെ ഉനായ് എമറി (2022 നവംബര്‍ മുതല്‍), ലീഡ്സ് യുണൈറ്റഡിന്റെ ഡാനിയല്‍ ഫാര്‍ക്കെ (2023 ജൂലൈ മുതല്‍) എന്നിവരാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
ഇപിഎല്‍ പുതിയ മാനേജര്‍മാര്‍
സാബി അലോണ്‍സോ ചെല്‍സി
മാര്‍ക്കോ റോസ് ബേണ്മത്ത്
അന്തോണി ഇരാവോല ലിവര്‍പൂള്‍
എന്‍സോ മരേസ്ക മാഞ്ചസ്റ്റര്‍ സിറ്റി
പിയറി സേജ് ക്രിസ്റ്റല്‍ പാലസ്
ഗാരി ഓനീല്‍ ഇപ്സ്വിച്ച് ടൗണ്‍
ഒലിവര്‍ ഗ്ലാസ്നര്‍ നോട്ടിംഗ്ഹാം
അല്‍വാരൊ അര്‍ബെലോവ ഫുള്‍ഹാം
മത്തിയാസ് ജെയ്സ്ലെ ന്യൂകാസില്‍
Tags : Premier League Managers