തലശേരി: അന്തർസംസ്ഥാന രാസലഹരി വിപണന സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്കു ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്ന റാക്കറ്റ് രംഗത്ത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഏതു സംസ്ഥാനത്തും ബാങ്ക് അക്കൗണ്ടുകളെടുത്ത് വിൽക്കുന്ന വൻ ശൃംഖല ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഹരിയാന, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ സംഘം എടുത്ത നിരവധി ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും പ്രഫഷണൽസും ചെറുകിട വ്യാപാരികളും തെരുവു കച്ചവടക്കാരും ഉൾപ്പെടെ ഇതിൽ കണ്ണികളാണ്.
ബാങ്ക് അക്കൗണ്ടുകൾക്കു വില പറഞ്ഞ് ഉറപ്പിച്ചാൽ പിൻനമ്പറുകൾ കൈമാറും. പിന്നീട് ലഹരിസംഘമായിരിക്കും അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുക. പലരും ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്നറിയാതെയാണ് അക്കൗണ്ടുകൾ വിൽക്കുന്നത്. അക്കൗണ്ടുകൾ വഴി കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഇതിനകം നടന്നിട്ടുള്ളത്. സംഘത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
അതിനിടെ, തലശേരി പോലീസ് കർണാടക കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ രാസലഹരി വിൽപന സംഘത്തിലെ പ്രധാനകണ്ണിയെ അറസ്റ്റ് ചെയ്തു. തലശേരി ചിറക്കരയിലെ പുതിയ കുറുക്കൻകണ്ടി മുജിതാബയാണ് (28) പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് തലശേരി പോലീസ് പിടികൂടിയത്. തലശേരി മേഖലയിൽ എംഡിഎംഎ വിതരണം നടത്തുന്ന മാഫിയയുടെ മുഖ്യകണ്ണിയാണു മുജിതാബയെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ, തലശേരി ഡാൻസാഫ് ടീമുകളും തലശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags : Racket selling bank accounts