ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ
സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ രാജിക്കായുള്ള മുറവിളി ഉയര്‍ന്നു. ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്കു വില്‍ക്കാനുള്ള വിവാദ പദ്ധതി യുവേഫ അടക്കമുള്ള സംഘടനകള്‍ കൂട്ടായ ശ്രമത്തിലൂടെ തകര്‍ത്തതിനു പിന്നാലെയാണ് ഇന്‍ഫാന്റീനോയുടെ രാജിക്കായുള്ള ആവശ്യം ശക്തമായത്. ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഇന്റഫാന്റീനോയോട് യുവേഫ ആവശ്യപ്പെട്ടു. പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബെര്ണാമും രാജിയാവശ്യം ഉന്നയിച്ചു. ഫിഫയ്ക്ക് പുതിയ നേതൃത്വം ആവശ്യമാണെന്നാണ് ബെര്‍ണാം അഭിപ്രായപ്പെട്ടത്.
ഇന്‍ഫാന്റീനോയുടെ രാജിക്കായുള്ള ആവശ്യം ഉന്നയിച്ചതില്‍ ഫിഫ മുന്‍പ്രസിഡന്റ് സെപ് ബ്ലാറ്ററുമുണ്ട്. ബ്ലാറ്റര്‍ ഒരുപടികൂടി കടന്ന് അടുത്ത ഫിഫ പ്രസിഡന്റ് ആരായിരിക്കണമെന്ന നിര്ദേശംവച്ചെന്നതും ശ്രദ്ധേയം. ""ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫിഫ ലോകകപ്പ് സമാപിച്ചു. യഥാര്‍ഥ ചാമ്പ്യനെയും ലോകത്തിനു ലഭിച്ചു. എന്നാല്‍, മറുവശത്ത് ടൂര്‍ണമെന്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. രാഷ്ട്രീയം കളിക്കളത്തില്‍ പാടില്ല.
പുതിയ നേതൃത്വത്തിന്റെ കീഴില്‍ ഫുട്ബോളിനെ അതിന്റെ യഥാര്‍ഥ സ്വത്വത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള ഉത്തരവാദിത്വം ആരാധകര്‍ക്കും കളിക്കാര്‍ക്കും ദേശീയ അസോസിയേഷനുകള്‍ക്കുമാണ്. ലിസ് ക്ലാവെനെസ് ആദരവ് അര്‍ഹിക്കുന്നു. മുഖ്യധാരയ്ക്കൊപ്പം ഒന്നിച്ച് സഞ്ചരിക്കാതെ, എപ്പോഴും കൃത്യമായ നിലപാട് സ്വീകരിച്ചവളാണ് ലിസ്. ഫിഫയ്ക്ക് ഒരു വനിതാ നേതൃത്വം വരേണ്ട സമയമായി''- സെപ് ബ്ലാറ്റര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇതോടെ ഫിഫയുടെ ആദ്യ വനിതാ പ്രസിഡന്റായി ലിസ് എത്തുമോ എന്ന ചൂടേറിയ ചര്‍ച്ചയ്ക്കു തുടക്കമായി. നോര്‍വെയുടെ മുന്‍ ഫോര്‍വേഡാണ് ലിസ് ക്ലാവെനെസ്. നിലവില്‍ നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്.