പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിനു നേരെ ആക്രമണം. ഇന്ത്യൻ പതാക വഹിക്കുന്ന ‘എംഎസ്വി ഫൈസ് നൂറെ ഒലിയ’യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പൽ പൂർണമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവരിൽ യെമൻ സ്വദേശിയായ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് യെമന്റെ നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് ആരോപിച്ചു. അതേസമയം ഹൂത്തികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജീവനക്കാരെ രക്ഷിച്ചതിന് യെമൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
പ്രകോപനമില്ലാതെയാണ് ‘എംഎസ്വി ഫൈസ് നൂർ ഒലിയ’യ്ക്കുനേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ എക്സിൽ കുറിച്ചു. ആക്രമണത്തെ തുടർന്ന് കപ്പൽ തലകീഴായി മറിഞ്ഞ് മുങ്ങുകയായിരുന്നു. യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്ത കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.
Tags : Indian cargo ship attacked Red Sea rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash