തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ
ചെന്നൈ: നടി തൃഷയ്ക്കെതിരായ അശ്ലീല ദ്വയാർത്ഥ പരാമർശത്തിൽ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ആശ്വാസം. അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച പോലീസിന് നിർദേശം നൽകി.
കേസിന്റെ തുടർന്നുള്ള അന്വേഷണവുമായി ഉദയനിധി പൂർണമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഉദയനിധിയെ കസ്റ്റഡിയിൽ വാങ്ങി റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാനാണ് തീരുമാനമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അശ്ലീല പദപ്രയോഗം നടത്തൽ, സ്ത്രീകളെ അധിക്ഷേപിക്കൽ, ലഹളയ്ക്ക് പ്രകോപനം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീപീഡന വിരുദ്ധ നിയമം തുടങ്ങി 9 ഗുരുതര വകുപ്പുകൾ പ്രകാരമാണ് തഞ്ചാവൂർ പോലീസ് കേസ് എടുത്തത്. ഉദയനിധിയുടെ പരാമർശത്തിനും വീഡിയോ പ്രചരിപ്പിച്ചതിനുമെതിരെ ടിവികെ തഞ്ചാവൂർ പോലീസിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു.
"മുഖ്യമന്ത്രിയുടേതല്ലാതെ മറ്റാരുടേയെങ്കിലും പേര് ഞാൻ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാണ് ഇതെല്ലാം എന്ന് ചിന്തിക്കൂ, ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ," എന്ന് പോലീസുകാർ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഉദയനിധി പ്രതികരിച്ചു. ഉദയനിധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം ഡിഎംകെ പ്രവർത്തകർ വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
Tags : MadrasHighCourt UdhayanidhiStalin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash