ഖത്തറിലെ അൽ ജസീറ ആസ്ഥാനം
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കും തെരഞ്ഞെടുപ്പിനുമെതിരെയുള്ള ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രമുഖ ഖത്തറി വാർത്താ മാധ്യമമായ 'അൽ ജസീറ'യ്ക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പാകിസ്ഥാനിലുടനീളം അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.
അൽ ജസീറയുടേത് നിലവാരം കുറഞ്ഞ "മഞ്ഞപ്പത്രപ്രവർത്തനം" ആണെന്ന് ആരോപിച്ച പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രാലയം, തെരഞ്ഞെടുപ്പ് പ്രക്രിയയെ അൽ ജസീറ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. സർക്കാരിനെതിരായ അരാജകത്വ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത തകർക്കാനും ചില വിദേശ ശക്തികളുടെ അജണ്ടയ്ക്കനുസരിച്ചാണ് അൽ ജസീറ വാർത്തകൾ നൽകുതെന്നാണ് ഇസ്ലാമാബാദിന്റെ വാദം.
അൽ ജസീറയ്ക്കെതിരായ നടപടിയെയും മാധ്യമപ്രവർത്തകരെ കാണാതാകുന്നതിനെയും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ) ശക്തമായി അപലപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ മാധ്യമപ്രവർത്തകരായ റാസി താഹിർ, മുഹമ്മദ് സെയ്ഫ് എന്നിവരെ കാണാനില്ലെന്നും ഇവരെ പോലീസ് യൂണിഫോമിലെത്തിയവർ കസ്റ്റഡിയിലെടുത്തതാണെന്നും സിപിജെ ആരോപിച്ചു.
ജമ്മു കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ അവിടെ അനധികൃതമായി കടന്നുകയറി ഭരണം നടത്തുകയാണെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.
Tags : Pakistan AlJazeera Qatar DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash