National
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎൽഎമാരുടെ പരാതിയെത്തുടർന്നാണിത്. സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനോ പാർട്ടിക്ക് കഴിയില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസമുണ്ടാവില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിൽ കടുത്ത അധികാര തർക്കം നിലനിൽക്കുന്നുണ്ട്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്.
ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി. സ്വാധീനം ദുരുപയോഗം ചെയ്തും അഴിമതിയിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച പണമാണോ ഇതെന്നും പൊതുപണം വകമാറ്റിയതാണോ എന്നും അന്വേഷിക്കണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അരൂപ് ബിശ്വാസിന് ഇപ്പോൾ പാർട്ടി ട്രഷറർ സ്ഥാനമില്ലെന്നും പാർട്ടി കാര്യങ്ങൾ സംസാരിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും മമതാ ബാനർജി പക്ഷത്തെ എംഎൽഎയായ കുനാൽ ഘോഷ് പ്രതികരിച്ചു. ജൂൺ അഞ്ചിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഐകകണ്ഠേന തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി. നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു.
ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്റെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി, എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയത്.
Kerala
കൊല്ലം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്ണയത്തിലെ ഗുരുതരമായ പിഴവ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും എന്.കെ പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
വ്യക്തമായി വായിക്കാന് കഴിയാത്ത ഉത്തരക്കടലാസുകള് മൂല്യനിര്ണയം ചെയ്തുവെന്ന വാദം യുക്തിസഹമല്ല. ലക്ഷക്കണക്കിന് വിദ്യാര്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്ണയത്തിലെ വീഴ്ച നിസരവത്കരിക്കുന്ന കേന്ദ്രസര്ക്കാരിന്റെ സമീപനം പ്രതിഷേധാര്ഹമാണ്. പുനര്നിര്ണയത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറയ്ക്കാന് കൊണ്ടുവന്ന ഓണ് സ്ക്രീന് മാര്ക്കിംഗ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നുവെന്നും എന്.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല മണ്ഡല- മകരവിളക്ക് കാലത്ത് താത്കാലിക ജീവനക്കാര് നടത്തിയ സംശയാസ്പദമായ പണമിടപാടുകളില് വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ചീഫ് വിജിലന്സ് ആന്ഡ് സെക്യൂരിറ്റി ഓഫീസര് 2025-26 സീസണിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താനാണു നിര്ദേശം.
സന്നിധാനത്തെ താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷല് കമ്മീഷണറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നവംബര് 17 മുതല് സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലന്സ് വിഭാഗം രഹസ്യ അന്വേഷണം നടത്തിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് ആരു കുറ്റം ചെയ്താലും നിയമത്തിനു മുന്നില് കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കുറ്റവാളികള് ശിക്ഷിക്കപ്പെടണമെന്ന നിലപാടാണു പ്രതിപക്ഷത്തിനുള്ളത്.
എന്നാല്, ഈ കേസില് എസ്ഐടിക്കുമേല് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്ദം ചെലുത്തുകയാണെന്നും തന്ത്രി ഉള്പ്പെടെയുള്ളവരെ പ്രതികളാക്കിയതില് കൃത്യമായ വിശദീകരണം നല്കാന് അന്വേഷണസംഘത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്നു പറയണം. മുന് ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള് അതു പറഞ്ഞിട്ടുണ്ട്. നാളെ മുന് മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കണം.
അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്റെ വഴിക്കു പോകണമെന്നും സതീശന് പറഞ്ഞു. കൊച്ചി മേയര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീന് സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാര്ത്തകള് അടിസ്ഥാനരഹിതമാണ്. ലത്തീന് സഭ ഒരിക്കലും അത്തരം ആവശ്യങ്ങള് ഉന്നയിച്ചിട്ടില്ല. കെപിസിസി കൃത്യമായ നടപടിക്രമങ്ങള് പാലിച്ചാണ് മേയറെ കണ്ടെത്തിയത്. ഇത്തരം വിഷയങ്ങളില് സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്. മേയര് ആ സമുദായാംഗമല്ലെന്നും ഈ വിവാദത്തിന്റെ ആവശ്യം ഇല്ലെന്നും സതീശന് പറഞ്ഞു