ഹോങ്കോംഗ്: കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധമായ വിപ്ലവഗാനത്തെ വേദിയിൽ പരിഹസിച്ച് അവതരിപ്പിച്ചതിനെത്തുടർന്ന് ചൈനയിലെ പ്രശസ്ത ഹാസ്യനടൻ ഗുവോ ഡെഗാംഗിനെതിരേ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ആരോപണത്തിനു പിന്നാലെ രാജ്യവ്യാപകമായി നടക്കാനിരുന്ന അദ്ദേഹത്തിന്റെ കോമഡി ഷോകൾ അധികൃതർ റദ്ദാക്കി.
ജൂലൈ അവസാനത്തോടെ വുഹാനിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. 1950കളിലെ പ്രശസ്തമായ ‘റെയിൽറോഡ് ഗറില്ലാസ്’ എന്ന സിനിമയിലെ വിപ്ലവഗാനത്തിന്റെ വരികൾ ഗുവോ സ്വന്തംനിലയിൽ തിരുത്തി പാടുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സേനയ്ക്കെതിരേ പോരാടിയ കമ്യൂണിസ്റ്റ് ഗറില്ലകളുടെ വീരഗാഥ പറയുന്ന ഈ ഗാനം ചൈനയിലെ ഏറ്റവും വലിയ ദേശീയ ഗാനങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്.
""സൂര്യൻ അസ്തമിക്കുന്നു, വെയ്ഷാൻ തടാകത്തിൽ എല്ലാം ശാന്തമാണ്'' എന്ന യഥാർഥ വരികൾക്കു പകരം ""ഫോർബിഡൻ സിറ്റിയിൽ എല്ലാം ശാന്തമാണ്'' എന്ന് ഗുവോ തമാശരൂപേണ തിരുത്തി പാടുകയായിരുന്നു. ഭരണാധികാരികളുടെ പ്രധാന കേന്ദ്രമായി ചരിത്രത്തിൽ അറിയപ്പെടുന്ന "ഫോർബിഡൻ സിറ്റി' (വിലക്കപ്പെട്ട നഗരം) യെക്കുറിച്ച് പരാമർശിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
നൂറ്റാണ്ടുകളായി ചൈനീസ് ചക്രവർത്തിമാരുടെ ഭരണകേന്ദ്രമായിരുന്ന ബെയ്ജിംഗിന്റെ ഹൃദയഭാഗത്തുള്ള കൂറ്റൻ കൊട്ടാരസമുച്ചയമായ "ഫോർബിഡൻ സിറ്റി' യെക്കുറിച്ചുള്ള മോശം പരാമർശം ചൈനയിൽ പൊറുക്കാനാകാത്ത തെറ്റാണ്. അധികാരം കൈയാളുന്നവരുമായി ഈ ചരിത്രകേന്ദ്രത്തിനുള്ള അടുത്ത ബന്ധമാണ് ഇതിനു കാരണം.
സംഭവത്തെത്തുടർന്ന് വിപ്ലവസംസ്കാരത്തെ വികലമാക്കുകയും പൊതുധാർമികത ലംഘിക്കുകയും ചെയ്തെന്ന പരാതിയിൽ വുഹാൻ കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോ ഗുവോയ്ക്കെതിരേ അന്വേഷണം ആരംഭിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയ തിരക്കഥയിൽ മാറ്റം വരുത്തി അവതരിപ്പിച്ചത് ചൈനീസ് നിയമപ്രകാരം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുവോയുടെ പരിപാടികൾ നിശ്ചയിച്ചിരുന്ന തിയറ്ററുകൾ പരിപാടി റദ്ദാക്കുകയും പ്രേക്ഷകർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയും ചെയ്തിട്ടുണ്ട്.
ചൈനയിൽ കലാകാരന്മാർക്കുമേൽ ഭരണകൂടം ചുമത്തുന്ന കർശനമായ സെൻസർഷിപ്പിന്റെ പുതിയ ഉദാഹരണമായാണ് രാജ്യാന്തരമാധ്യമങ്ങൾ ഈ സംഭവത്തെ വിലയിരുത്തുന്നത്. 2023ൽ ചൈനീസ് സൈന്യത്തെ കളിയാക്കി തമാശ പറഞ്ഞതിന് മറ്റൊരു പ്രമുഖ ഹാസ്യനടൻ ലി ഹാ ഷിക്ക് 14.7 ദശലക്ഷം യുവാന്റെ പിഴ ചുമത്തുകയും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Chinese comedian investigated