പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: കാപ്പുന്തല സര്‍വീസ് സഹകരണ ബാങ്കില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ബോര്‍ഡിനെ തെറ്റിധരിപ്പിച്ചു നടത്തിയ മൂന്ന് നിയമനങ്ങളില്‍ വന്‍ സാമ്പത്തിക അഴിമതി നടത്തിയതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആരോപിച്ചു.
യുഡിഎഫിലെയും എല്‍ഡിഎഫിലെയും ചില മെംബർമാർ സംയുക്തമായാണ് മറ്റു ബോര്‍ഡ് അംഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തി 50 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങി ഈ മൂന്ന് നിയമനങ്ങള്‍ നടത്തിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സാമ്പത്തികമായി ബാധ്യതയില്‍ നില്ക്കുന്ന ബാങ്കിന് ഒരു നിയമനം താങ്ങാന്‍ കരുത്തില്ലെന്ന് അറിയാവുന്ന ആളുകള്‍ തന്നെയാണ് നിയമനം നടത്തിയതെന്നും കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ആരോപിക്കുന്നു.
ഇനി ഈ ബാങ്കില്‍ നടക്കേണ്ട ആദ്യ നിയമനം വികലാംഗ നിയമനം ആണെന്നിരിക്കേ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു ബാങ്കിന്റെ നാശത്തിനായിട്ടാണ് ഈ നിയമനങ്ങള്‍ നടത്തിയതന്നും അദ്ദേഹം ആരോപിക്കുന്നു. നിരവധി ഉദ്യോഗാര്‍ഥികളോട് ബോര്‍ഡ് മെംബർമാരിൽ ചിലര്‍ നേരിട്ട് പണം ചോദിച്ചതിന് തെളിവുണ്ടെന്നും ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട അഴിമതിക്കെതിരേ സഹകരണ മന്ത്രിക്കും വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാർക്കും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. അഴിമതിയിലൂടെ നടത്തിയ ഈ നിയമനം റദ്ദാക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
Tags : Investigated