District News
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബോസ് ജിത്തു എന്ന വിഷ്ണു (22) പിടിയിൽ. ചെങ്ങന്നൂരിനടുത്ത് കുളനടയിലാണ് ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പ്രതിയെ സാഹസികമായി പിടികൂടിയത്.
മാസം നാലിന് ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിൽ അമൃത എക്സ്പ്രസിൽ നടന്ന മോഷണത്തെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു ആർപിഎഫ് സംഘം. പ്രതിയിൽനിന്നും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കണ്ടെടുത്തത്. ഒൻപത് പവൻ സ്വർണഭരണങ്ങൾ, ഒരു ലാപ്ടോപ്പ്, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയാണ് കണ്ടെടുത്തത്.
രാത്രികാലങ്ങളിൽ ട്രെയിനുകളിൽനിന്നും സ്റ്റേഷനുകളിൽനിന്നും മാസ്ക് ധരിച്ചെത്തി ബാഗുകൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. ബാഗിലെ വിലപിടിപ്പുള്ള സാധനങ്ങൾ എടുത്തശേഷം ബാഗ് ഉപേക്ഷിക്കും.
മോഷ്ടിക്കുന്ന സാധനങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കും. പകൽ സമയങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി അവിടെ ഒളിച്ചിരിക്കും. രാത്രിയിൽ മോഷണത്തിനായി പുറത്തിറങ്ങും.
മദ്യത്തിനും രാസലഹരിക്കും അടിമയായ പ്രതി, മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. ഇയാൾക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ല.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആർപിഎഫ് ഡിവിഷണൽ കമ്മീഷണർമാരായ മുഹമ്മദ് ഹനീഫ, നവീൺ പ്രശാന്ത് എന്നിവരുടെ നിർദേശപ്രകാരം തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ, ജിപിആർഎസ്ഐ കെ.ജെ. പ്രവീൺ, സബ് ഇൻസ്പെക്ടർമാരായ പ്രെയ്സ് മാത്യു ദീപക്, ഫിലിപ്സ് ജോൺ, ജ്ഞാനാനന്ദ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ്.വി. ജോസ്, ജി. വിപിൻ, സവിൻ, ബാബു, പ്രവീൺ, ശ്രീഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
പന്തളം: സ്ത്രീകളെ ക്രൂരമായി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുളനട മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രഞ്ജിത്ത് (41) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ്ആക്രമണമെന്നു പറയുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പോലീസ് സാഹസികമായാണ് പിടികൂടിയത്. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്എച്ച്ഒ ടി. ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ യു. വി. വിഷ്ണു, എഎസ് ഐ വൈ. ജയന് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
District News
ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിനിന്നും വാട്സ്ആപ് നമ്പറിൽനിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയയ്ച്ചയാൾ പിടിയിൽ. വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ഇയാൾക്കെതിരേ കേസുണ്ട്.
മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ, സുനിൽകുമാർ, എഎസ്ഐ മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.