ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും പ്രതിഷേധിക്കാനുള്ള അവകാശം കവരാനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും നേഹ വ്യക്തമാക്കി. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്.
വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും കവർന്നെടുക്കുകയാണ്. വോട്ടവകാശം തട്ടിയെടുക്കപ്പെട്ടപ്പോഴാണ് തെരുവിലിറങ്ങേണ്ടിവന്നതെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങൾ സമാധാനപരമായാണ് നടന്നതെന്നും നേഹ ബോറ അവകാശപ്പെട്ടു. എന്നാൽ പ്രതിഷേധത്തിനിടെ പൊലിസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും അവർ ആരോപിച്ചു.
അതേസമയം പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ട് ഒപ്പിടേണ്ടതിന്റെ ആവശ്യം എന്താണെന്ന് നേഹ ബോറ ചോദിച്ചു. സമാധാനം തകർത്തുവെന്നാണോ തങ്ങൾക്കെതിരായ ആരോപണമെന്നും അവർ ചോദിച്ചു. ജനാധിപത്യത്തിൽ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും നേഹ വ്യക്തമാക്കി.