District News
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ പാചകപ്പുരയ്ക്കു സമീപം പാമ്പിനെ കണ്ടെത്തിയത് ഭീതിപരത്തി. അരിയുന്നശേരി രണ്ടാലുംമൂട്ടിൽ സ്ഥിതി ചെയ്യുന്ന 49-ാം നമ്പർ അങ്കണവാടിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറ് കുട്ടികളും ഒരു ജീവനക്കാരിയുമാണ് ഇവിടെയുള്ളത്.
താത്കാലിക അധ്യാപികയായ സവിത കുട്ടികൾക്ക് ഭക്ഷണം വിളമ്പാനുള്ള പാത്രം കഴുകാനായി പാചകപ്പുരയിൽനിന്നും വെളിയിലേക് ഇറങ്ങാൻ തുടങ്ങിയപ്പോൾ വാതിൽക്കൽ പാമ്പ് പത്തിവിടർത്തി സവിതയ്ക്കുനേരേ ചീറ്റി. ഇത് കണ്ട അധ്യാപിക പേടിച്ച് നിലവിളിച്ചപ്പോൾ പാമ്പ് സമീപത്ത് ഷീറ്റിനടിയിൽ കയറി ഒളിച്ചു.
പരിഭ്രാന്തയായ ഇവർ ഉടൻ തന്നെ വാർഡ് മെംബർ സുമ സുരേഷിനെ വിവരം അറിയിക്കുകയും മെംബറും നാട്ടുകാരും എത്തി ഷീറ്റ് പൊക്കി നോക്കിയപ്പോൾ മുർഖൻ പാമ്പ് സമീപത്ത് പഴങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് കയറിപ്പോയി.
അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്വകാര്യ പുരയിടത്തിൽ കാട് വളർന്ന് പന്തലിച്ചു കിടക്കുന്നതാണ് പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ പ്രധാന കാരണം.
District News
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകാൻ അഞ്ച് കിലോമീറ്റർ താണ്ടണമെന്ന പരാതിയുമായി വാർഡ് അംഗം. നാലും അഞ്ചും വയസുള്ള 24 കുട്ടികളാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. അഞ്ച് കിലോമീറ്റർ അകലെ ഒഴക്കനാട് വാർഡിലെ അങ്കണവാടിയെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വാർഡിൽ പൊതു സ്ഥലം ലഭ്യമല്ലാത്തതിനാൽ അങ്കണവാടിയില്ല. ഉണ്ടായിരുന്ന ഏക സ്കൂൾ വർഷങ്ങൾക്ക് മുമ്പ് അടച്ചു പൂട്ടി. വർഷങ്ങൾക്ക് മുമ്പ് വരെ റോഡ് പൊതുമരാമത്ത് വകയായിരുന്നു. പിന്നീട് അത് മാറി എസ്റ്റേറ്റ് അധികൃതരുടെ നിയന്ത്രണത്തിലായി. ഇതോടെ തകർന്ന് കുണ്ടും കുഴികളുമായി മാറിയിരിക്കുകയാണ് റോഡ്.
വിഷയത്തിലും അങ്കണവാടി നിർമാണത്തിനും അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയ്ക്ക് നിവേദനം നൽകിയെന്ന് വാർഡ് അംഗം ഷീബ രമണൻ അറിയിച്ചു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മുക്കട - കാരിത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഈ റോഡിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും മുമ്പ് സർവീസ് നടത്തിയിരുന്നു. അത് പുനരാരംഭിക്കണമെന്നും മെംബർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സുപ്രീംകോടതിയുടെ നിർണായക വിധിയുടെ അടിസ്ഥാനത്തിൽ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യ ഉത്തരവ് കോട്ടയം ഡെപ്യൂട്ടി ലേബർ കമ്മീഷണർ മുഹമ്മദ് റഷീദ് പുറപ്പെടുവിച്ചു.
ഇടുക്കി ജില്ലയിലെ അടിമാലി ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 45 അങ്കണവാടി ടീച്ചർമാരും ഹെൽപ്പർമാരും സമർപ്പിച്ച ഗ്രാറ്റുവിറ്റി ഹർജികളിലാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ മണിബെൻ മഗൻബായ് ബാരിയ വിഎസ് ദാഹോദ് ജില്ലാ ഡെവലപ്മെന്റ് ഓഫീസർ (2022) എന്ന വിധിയിൽ അങ്കണവാടി കേന്ദ്രങ്ങൾ ഗ്രാറ്റുവിറ്റി നിയമത്തിന് ബാധകമായ സ്ഥാപനങ്ങളാണെന്നും അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി പ്രഖ്യാപിച്ച നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും അഥോറിറ്റികൾക്കും ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
കോട്ടയം: അങ്കണവാടി മുറ്റത്ത് മൂർഖൻ പാമ്പിനെ കണ്ടതോടെ പിഞ്ചുകുട്ടികളും രക്ഷിതാക്കളും ഭീതിയിൽ. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 62-ാം നമ്പർ അങ്കണവാടിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അങ്കണവാടി കെട്ടിടത്തിന്റെ തറയിലുള്ള മാളത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും മാളത്തിനുള്ളിലായതിനാൽ പാമ്പിനെ പിടികൂടാൻ സാധിച്ചില്ല.
പാമ്പ് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ അത് കയറിയ ഭാഗത്ത് വലയിടാൻ അധികൃതർ തീരുമാനിച്ചു. പിഞ്ചുകുട്ടികൾ എത്തുന്ന ഇടമായതിനാൽ പാമ്പിനെ എത്രയും വേഗം പിടികൂടി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: അങ്കണവാടിയില് മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില് പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്യും. ലൈംഗികാതിക്രമത്തെ കുറിച്ച് അധ്യാപികയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസിന്റെ സംശയം. അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസ്പെന്ഡ് ചെയ്തിരുന്നു.
അങ്കണവാടി ആയയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിന് ശേഷം ഒളിവില് പോയ പ്രതി കാശിനാഥനെ ആലുവയിലെ സുഹൃത്തിന്റെ വീട്ടില് നിന്ന് തിങ്കളാഴ്ച എളമക്കര പോലീസ് പിടികൂടിയിരുന്നു.
കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില് നാലു ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിക്ക് അസ്വസ്ഥതയുണ്ടായത് മാതാപിതാക്കള് ചോദിച്ചപ്പോഴാണ് നടന്ന സംഭവങ്ങള് കുട്ടി വെളിപ്പെടുത്തിയത്. തുടര്ന്ന് ശനിയാഴ്ച മാതാപിതാക്കള് പോലീസില് പരാതി നല്കുകയായിരുന്നു. ചൈല്ഡ് വെല്ഫയര് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്ദേശ പ്രകാരം വകുപ്പ് ജോയിന്റ് ഡറക്ടര്, നിര്ഭയ സെല് കോര്ഡിനേറ്റര്, ഐസിപിഎസ് പ്രോഗ്രാം കോര്ഡിനേറ്റര് എന്നിവര് ഇന്ന് അങ്കണവാടിയില് നേരിട്ടെത്തി തെളിവെടുക്കും.
District News
തൃശൂർ: കോർപറേഷൻ പൂങ്കുന്നം ഡിവിഷനിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാ ടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. \
കൗണ്സിലർ കൃഷ്ണമോഹൻ, ഡെപ്യൂ ട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ വില്ലി ജിജോ, ഷീന ചന്ദ്രൻ, കരോളി ജോ ഷ്വ, മേഫി ഡെൽസണ്, കൗണ്സിലർമാരായ രഘുനാഥ് സി. മേനോൻ, അഞ്ജലി യു. മനോൻ, സുനിത വിനു, മുംതാസ്, ശാരി കിഷോർ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: യുഡിഎഫ് സര്ക്കാരിന്റെ ആദ്യ പ്രഖ്യാപനം സ്വാഗതം ചെയ്ത് അംഗന്വാടി ജീവനക്കാരും. അംഗന്വാടി ജീവനക്കാര്, പാചക തൊഴിലാളികള്, പ്രീ പ്രൈമറി അധ്യാപകര് എന്നിവരുടെ വേതനത്തില് 1000 രൂപ വര്ധിപ്പിച്ചതായാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചതാണ്. ആശമാരുടെ സമരത്തോളം തങ്ങളുടെ സമരം ശ്രദ്ധിക്കപ്പെട്ടെങ്കിലും തങ്ങളെ അംഗീകരിച്ചതില് വളരെ സന്തോഷമുണ്ട് എന്നാണ് അംഗന്വാടി ജീവനക്കാര് ദീപിക ഓണ്ലൈനിനോട് പ്രതികരിച്ചത്.
ബീന - അംഗന്വാടി ടീച്ചര്
നമ്മളെ ഓര്ത്തതിലും അംഗീകരിച്ചതിലും വളരെ സന്തോഷം. ഒത്തിരി ജോലി തിരക്കുണ്ട്. ആശമാര് സമരം ചെയ്തു. ഞങ്ങളും സമരം ചെയ്യുന്നുണ്ടെങ്കിലും അവരുടെ അത്രയും ശ്രദ്ധ ലഭിച്ചില്ല. നിയമസഭയില് ഇതിന് മുമ്പും ഞങ്ങളുടെ കാര്യം ഉന്നയിച്ചിട്ടുള്ളതാണ്. അന്നത്തെ മന്ത്രിസഭ അത്രയും കാര്യമാക്കി എടുത്തില്ല. ഇപ്പോള് ലഭിച്ചതില് ഞങ്ങള്ക്ക് സന്തോഷം. 1998ല് ബാലവാടി ആയിരുന്നപ്പോഴാണ് ടീച്ചര് ആയി ജോലിക്ക് കയറിയത്. അന്ന് 800 രൂപയായിരുന്നു മാസ ശമ്പളം. ഇന്ന് ആയിരം രൂപ കൂട്ടിയതില് സന്തോഷമുണ്ട്.
ബിന്ദു പി.ഡി. - അംഗന്വാടി ടീച്ചര്
ഏറ്റവും സന്തോഷം. വി.ഡി. സതീശന് മുഖ്യമന്ത്രിയായി ആദ്യം തന്നെ ഞങ്ങളെ പരിഗണിച്ചതില് വളരെ സന്തോഷമുണ്ട്. ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് 102 സീറ്റോടെ വിജയിച്ചപ്പോള് തന്നെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല് ഇത്രയും പെട്ടെന്ന് ഞങ്ങളെ ഒക്കെ പരിഗണിക്കുമെന്ന് ഒട്ടും ഓര്ത്തില്ല.
ജിജി എന്.ആര്. - അംഗന്വാടി ആയ
സന്തോഷമുണ്ട്. കേറിയപ്പോള് തന്നെ ഞങ്ങള്ക്ക് ആയിരം രൂപ കൂട്ടിയല്ലോ. 1998ല് ആണ് ഞാന് ആയയായി കേറിയത്. അന്ന് 350 രൂപയായിരുന്നു ശമ്പളം കിട്ടിയത്. ഇപ്പോള് ആയിരം കൂട്ടിയതില് വളരെ സന്തോഷം.
അതേസമയം, ആശാ വര്ക്കര്മാരുടെ ഓണറേറിയം 3000 രൂപ വര്ധിപ്പിച്ചിട്ടുണ്ട്. മുഴുവന് ആവശ്യങ്ങളും ഒറ്റയടിക്ക് ചെയ്യാന് ആഗ്രഹമുണ്ടെങ്കിലും, വിരമിക്കല് ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള് പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില് 9000 രൂപയാണ് ഇവരുടെ ഓണറേറിയം. ഇനി 12,000 രൂപയാണ് ഇനി ആശമാര്ക്ക് ലഭിക്കുക.
Kerala
നിലമ്പൂർ: അങ്കണവാടിയിൽ എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പ്. അടുക്കളയിലെ പാത്രങ്ങൾക്കിടയിലായിരുന്നു പാമ്പ് പതിയിരുന്നത്. നിലമ്പൂർ റെയിൽവേ തൊണ്ടിയിൽ തോട്ട പൊയിൽ അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങൾക്ക് ഇടയിലാണു പാമ്പ് ഉണ്ടായിരുന്നത്.
കുട്ടികൾക്കു ഭക്ഷണം പാചകം ചെയ്യാനായി അധ്യാപിക പാത്രം എടുക്കുന്നതിനിടയിൽ പാമ്പ് ചാടി ചീറ്റി വരികയായിരുന്നു. ഭയന്നുപോയ അധ്യാപിക ഉടൻ തന്നെ കുട്ടികളെ അടുത്തുള്ള വീട്ടിലേക്കു മാറ്റി സുരക്ഷിതരാക്കി.
തുടർന്ന് അയൽവാസികളെയും എമർജൻസി റെസ്ക്യൂഫോഴ്സ് അംഗങ്ങളെയും വിവരം അറിയിക്കുകയും ചെയ്തു. ഇആർഎഫ് അംഗവും സ്നേകക് റെസ്ക്യൂവർമാരുമായ, മജീദ് , ജംഷീർ എന്നിവർ എത്തി ടൈലുകൾക്ക് ഇടയിൽ കയറി ഇരുന്ന മൂർഖനെ പിടികൂടി. പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു കൈമാറി. തലനാരിഴയ്ക്കു വലിയഅപകടം ഒഴിവായ ആശ്വാസത്തിലാണ് അധ്യാപികയും രക്ഷിതാക്കളും.
District News
മാവേലിക്കര: നഗരസഭയിലെ അങ്കണവാടികളുടെ കലോത്സവം ചെയര്പേഴ്സണ് ലളിത രവീന്രനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കോശി തുണ്ടുപറമ്പില് അധ്യക്ഷത വഹിച്ചു.
കെ. ഗോപന്, ചിത്ര ഗോപാലകൃഷ്ണന്, പ്രസന്ന ബാബു, ഉമാദേവി, ബീന, കൃഷ്ണകുമാരി, ശോഭമധു, സില്ജ, അംബിക ശിവന്, ബിനി വിപിന്, അഡ്വ. വിനയന് എന്നിവര് പ്രസംഗിച്ചു.
National
കേന്ദ്രപ്പാറ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ അങ്കണവാടിയിൽ ദളിത് സ്ത്രീയെ ഹെൽപ്പറായി നിയമിച്ചതിനെത്തുടർന്ന് ഇരുപതു കുട്ടികളും എത്തുന്നില്ല. മേൽജാതി വിഭാഗക്കാരാണ് മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. മാതാപിതാക്കളാണ് കുട്ടികളെ അയയ്ക്കാതിരിക്കുന്നത്.
ഘാലിമാല ഗ്രാമപഞ്ചായത്തിലെ നുവാഗാവ് ഗ്രാമത്തിലാണു സംഭവം. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചു. ജാതി വിവേചത്തിന് ഇരയാണു താനെന്ന് ശർമിഷ്ഠ സേത്തി പറഞ്ഞു.
ഹെൽപ്പർ സ്ഥാനത്തേക്ക് അപേക്ഷിച്ചതു ഞാൻ മാത്രമാണ്. 2025 നവംബറിൽ എന്നെ നിയമിച്ചു. നവംബർ 21 മുതൽ കുട്ടികൾ അങ്കണവാടിയിൽ വരുന്നില്ല. എന്നെ നിയമിച്ചത് കുട്ടികളുടെ മാതാപിതാക്കൾ എതിർക്കുന്നു”- ശർമിഷ്ഠ കൂട്ടിച്ചേർത്തു.
ശർമിഷ്ഠ ചുമതലയേൽക്കുന്നതിനു മുന്പ് എല്ലാ കുട്ടികളും ദിവസവും അങ്കണവാടിയിലെത്തിയിരുന്നു.
District News
കണ്ണൂര്: ജോലി ഭാരം കുറയ്ക്കുന്നതിനായി വർഷങ്ങൾക്കു മുന്പ് സര്ക്കാര് നല്കിയതും കാലഹരണപ്പെട്ടതുമായി ഫോണുകൾക്ക് പകരം പുതിയ ഫോണുകൾ നൽകുക, പോഷന് ട്രാക്കര് പ്രവര്ത്തനങ്ങള് ചെയ്യുന്നതിനുള്ള ഗുണമേന്മയുള്ള ഫോണ് അനുവദിക്കുക, ഫോണ്, വൈഫൈ കണക്ഷന് ലഭ്യമാകുന്നത് വരെ എഫ്ആര്എസ് ചെയ്യാതെ എല്ലാ ഗുണഭോക്താക്കള്ക്കും പോഷകാഹാര വിതരണം നടത്താന് അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ (ഐഎൻഎഇഎഫ്) ആഭിമുഖ്യത്തിൽ അങ്കണവാടി വർക്കർമാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. സ്മിത അധ്യക്ഷത വഹിച്ചു. മേയര് പി. ഇന്ദിര മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഒ. വിമല, ശ്രീജ മഠത്തിൽ, കെ. പ്രമോദ്, കൂക്കിരി രാജേഷ്, കെ. മോഹനന്, ജയിഷ, എം. സുമ, രേഖാ ജേക്കബ്, കെ.വി. ശ്യാമള എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: അങ്കണവാടി വർക്കർമാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നൽകിയ ഫോൺ ഭാരമാകുന്നതിനൊപ്പം അമിതജോലിക്കും ഇടയാക്കുന്നു.
2018ലായിരുന്നു കേന്ദ്ര സർക്കാരിന്റെ 60 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40 ശതമനം ഫണ്ടും ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർക്ക് ഫോണുകൾ നൽകിയത്. ക്സോളോ (Xolo) എന്ന കന്പനിയുടെ ഫോണുകളായിരുന്നു വിതരണം ചെയ്തത്. ഏഴു വർഷത്തോളം പഴക്കമുള്ള ഫോണുകൾ ഭൂരിപക്ഷവും ഇന്നു ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത നിലയിലാണെങ്കിലും പുതിയ ഫോണുകൾ നൽകിയിട്ടില്ല.
അങ്കണവാടികളിലെ കുട്ടികളുടെ ഹാജർനില, പ്രദേശത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആറുമാസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം എന്നിവയുടെ വിവരങ്ങൾ ഫോണിലെ സോഫ്റ്റ്വേർ ഉപയോഗിച്ചാണു മേഖലാ ഓഫീസുകളിലേക്കും ജില്ലാ ഓഫീസുകളിലേക്കും അയയ്ക്കേണ്ടത്. അങ്കണവാടികളിലെത്തി പോഷകാഹാരം വാങ്ങുന്നവരുടെ മുഖം ഫോട്ടോയെടുത്ത് അയയ്ക്കേണ്ടതുണ്ട്. എന്നാൽ, കാലഹരണപ്പെട്ട ഫോണിലൂടെ ഇത് സാധ്യമാകുന്നില്ലെന്ന് വർക്കർമാർ പറയുന്നു.
നെറ്റ് വർക്ക് ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. അങ്കണവാടി വർക്കർമാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നെറ്റ് ചാർജ് ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും ഫോൺ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഇത് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. പലരും തങ്ങളുടെ സ്വന്തം ഫോൺ ഉപയോഗപ്പെടുത്തിയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇത് സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.
പുതിയ ഫോൺ വിതരണം ചെയ്യുന്നതിനു കേന്ദ്ര സർക്കാർ 2024ൽ ഫണ്ട് അലോട്ട് ചെയ്യുകയും 2025ൽ പാസാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു നടപടികൾ സ്വീകരിച്ചിട്ടില്ല. ജോലി ഭാരം കുറയ്ക്കാനായി ഫോൺ ഉപയോഗപ്പെടുത്തി തുടങ്ങിയെങ്കിലും അതിനു മുന്പ് രജിസ്റ്ററിൽ വിവരങ്ങൾ എഴുതി ച്ചേര്ക്കുന്ന രീതി അവസാനിപ്പിച്ചിരുന്നില്ല. ഇതു കാരണം ഫോണിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം രജിസ്റ്ററിലും കാര്യങ്ങൾ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ജോലി ഭാരം കുറയ്ക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിലൂടെ ഒരു കാര്യം തന്നെ രണ്ടു പ്രാവശ്യം ചെയ്യേണ്ട അവസ്ഥയാണ് അങ്കണവാടിവർക്കർമാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പല അങ്കണവാടിവർക്കർമാരെയും ബിഎൽഒമാരായി നിയോഗിച്ചതും ജോലിഭാരം ഇരട്ടിപ്പിക്കുന്നുണ്ട്.
സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കർമാർക്ക് സാന്പത്തിക ബാധ്യതയും സഹിക്കേണ്ടി വരുന്നുണ്ട്. അങ്കണവാടികളുടെ സ്വന്തം കെട്ടിടങ്ങൾ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ പേരുകളിലാണു രജിസ്റ്റർ ചെയ്യുക.
എന്നാൽ ഇവിടങ്ങളിലെ വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ അങ്കണവാടി വർക്കർ തനിക്കു ലഭിക്കുന്ന ഓണറേറിയത്തിൽ നിന്നുമാണ് നൽകേണ്ടി വരുന്നത്. കൂടാതെ അങ്കണവാടികളിലെ കുട്ടികൾക്ക് വ്യത്യസ്തങ്ങളായ വിഭവങ്ങളുണ്ടാക്കാൻ അരി പൊടിക്കൽ ഉൾപ്പെടെയുള്ളവയുടെ ചെലവും ഇവർതന്നെ കണ്ടെത്തണം.
Kerala
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാചകത്തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കമുള്ള സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചത്.
കൂടാതെ, അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
District News
അഞ്ചല് : ഏരൂര് പഞ്ചായത്തിലെ തൃക്കോയിക്കല് വാര്ഡില് സ്മാര്ട്ട് അങ്കണവാടി എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് വാങ്ങി നല്കിയ പത്ത് സെന്റ് ഭൂമിയില് പുനലൂര് എംഎല്എയുടെ ആസ്തി വികസന ഫണ്ടില് നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില് സ്മാര്ട്ട് അങ്കണവാടി നിര്മിച്ചത്. വാര്ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങില് പി.എസ്. സുപാല് എംഎല്എ അങ്കണവാടി നാടിന് സമര്പ്പിച്ചു.
ഏരൂര് പഞ്ചായത്തില് മാത്രം 350 കോടിയിലധികം രൂപയുടെ വികസന പ്രവര്ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഏരൂര് ഹയര് സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പദ്ധതി ഉടന് നടപ്പിലാക്കുമെന്നും എംഎല്എ പറഞ്ഞു. എസി അടക്കമുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടികള് സ്മാര്ട്ട് ആകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന് ഡോണ് വി രാജ്, മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ആതിര നാരായണന്, ഗൗരിപ്രിയ തുടങ്ങി ജനപ്രതിനിധികള് പൊതുപ്രവര്ത്തകര്, വകുപ്പ്തല ഉദ്യോഗസ്ഥര് ഉള്പ്പടെയുള്ളവര് പ്രസംഗിച്ചു.
Kerala
ജെവിന് കോട്ടൂര്
കോട്ടയം: അങ്കണവാടികളിലെ കുരുന്നുകളുടെ വളര്ച്ചയും ബൗദ്ധിക വികാസവും അവലോകനം ചെയ്യുന്നതിനായി കുഞ്ഞൂസ് കാര്ഡ്. സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര വളര്ച്ച രക്ഷകര്ത്താവിന് അവലോകനം ചെയ്യുന്നതിന് ഏര്ലി ചൈല്ഡ്ഹുഡ് കെയര് ആന്ഡ് എഡ്യൂക്കേഷന് (ഇസിസിഇ) കരിക്കുലം അടിസ്ഥാനപ്പെടുത്തി വനിത-ശിശു വികസന വകുപ്പ് തയാറാക്കിയതാണ് കുഞ്ഞൂസ് കാര്ഡ്. അമ്മ അറിയാന് കാര്ഡിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
ജെന്ഡര് ന്യൂട്രല് കാര്ഡാണ് പുതിയതായി തയാറാക്കിയിരിക്കുന്നത്. കുടുംബത്തിലെ ഓരോ വ്യക്തിയും കുഞ്ഞിന്റെ മാറ്റങ്ങള് അറിയണം. അത് ഉള്ക്കൊണ്ടാണ് പുതിയ വിലയിരുത്തല് കാര്ഡ് തയാറാക്കിയത്.
കുട്ടിയുടെ സംസാരം, കേള്വി, കാഴ്ച, ചലനം, ശ്രദ്ധ, ദന്താരോഗ്യം തുടങ്ങിയവ കാര്ഡില് രേഖപ്പെടുത്താം. നാല് ക്വാര്ട്ടറുകളിലായി കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാല് ഉയരവും തൂക്കവും രേഖപ്പെടുത്താം. കുട്ടിക്ക് ഉണ്ടാകാന് സാധ്യതയുള്ള അലര്ജി, കുത്തിവയ്പ് വിവരങ്ങള്, ഹാജര് നിലവാരം, ജനനസമയത്തെ തൂക്കം, ഉയരം, തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര് നമ്പര് തുടങ്ങിയ വ്യക്തിഗത വിവരങ്ങള് അധികമായി ചേര്ത്തിട്ടുണ്ട്.
അങ്കണവാടി പ്രവര്ത്തകരുടെ വിലയിരുത്തല് മൂന്നു നിറങ്ങളിലാണ് രേഖപ്പെടുത്തുക. കുഞ്ഞിനു സ്വയം ചെയ്യാവുന്നവയാണ് പ്രവര്ത്തനങ്ങള് എങ്കില് പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില് മഞ്ഞ, സാധിക്കുന്നില്ലെങ്കില് ചുവപ്പ് എന്നിവയാണ് രേഖപ്പെടുത്തുക.
കുഞ്ഞിന് ഏതെങ്കിലും പ്രവര്ത്തനം സാധിക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോള് വിദഗ്ധ പരിശോധനയ്ക്കായി റഫറല് സേവനവും നല്കാമെന്നതാണ് കാര്ഡിന്റെ സവിശേഷത. നിരന്തര വിലയിരുത്തല് നടത്തുന്നതിലുടെ കുട്ടികളുടെ കാര്യത്തില് അങ്കണവാടി പ്രവര്ത്തകര്ക്കും രക്ഷാകര്ത്താക്കള്ക്കും ആവശ്യമായ ഇടപെടലുകള് മുന്കൂട്ടി നടത്താനാകും. ആരോഗ്യവകുപ്പിന്റെ ഇടപെടലിനും കാര്ഡ് സഹായിക്കും. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില് ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിലെ വിദഗ്ധരും ഉള്പ്പെടുന്ന സാങ്കേതിക കമ്മിറ്റിയാണ് കാര്ഡിന് രൂപം നല്കിയത്.