അങ്കണവാടിയിൽ പാമ്പിനെ കണ്ടപ്പോൾ.
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ പാചകപ്പുരയ്ക്കു സമീപം പാമ്പിനെ കണ്ടെത്തിയത് ഭീതിപരത്തി. അരിയുന്നശേരി രണ്ടാലുംമൂട്ടിൽ സ്ഥിതി ചെയ്യുന്ന 49-ാം നമ്പർ അങ്കണവാടിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറ് കുട്ടികളും ഒരു ജീവനക്കാരിയുമാണ് ഇവിടെയുള്ളത്.
താത്കാലിക അധ്യാപികയായ സവിത കുട്ടികൾക്ക് ഭക്ഷണം വിളമ്പാനുള്ള പാത്രം കഴുകാനായി പാചകപ്പുരയിൽനിന്നും വെളിയിലേക് ഇറങ്ങാൻ തുടങ്ങിയപ്പോൾ വാതിൽക്കൽ പാമ്പ് പത്തിവിടർത്തി സവിതയ്ക്കുനേരേ ചീറ്റി. ഇത് കണ്ട അധ്യാപിക പേടിച്ച് നിലവിളിച്ചപ്പോൾ പാമ്പ് സമീപത്ത് ഷീറ്റിനടിയിൽ കയറി ഒളിച്ചു.
പരിഭ്രാന്തയായ ഇവർ ഉടൻ തന്നെ വാർഡ് മെംബർ സുമ സുരേഷിനെ വിവരം അറിയിക്കുകയും മെംബറും നാട്ടുകാരും എത്തി ഷീറ്റ് പൊക്കി നോക്കിയപ്പോൾ മുർഖൻ പാമ്പ് സമീപത്ത് പഴങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് കയറിപ്പോയി.
അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്വകാര്യ പുരയിടത്തിൽ കാട് വളർന്ന് പന്തലിച്ചു കിടക്കുന്നതാണ് പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ പ്രധാന കാരണം.