പ്രതീകാത്മക ചിത്രം
കോട്ടയം: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ഥികളും ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ പരീക്ഷാ റദ്ദാക്കലുകളും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് മാനസികമായി തളര്‍ത്തിയത്. സ്വപ്നങ്ങള്‍ തകര്‍ന്ന് ആത്മഹത്യ ചെയ്ത പിഞ്ചുമക്കളും അവരുടെ കണ്ണീരണിഞ്ഞ കുടുംബങ്ങളും നമ്മുടെ മനഃസാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. അറിവിന്റെ പുസ്തകത്താളുകളില്‍ അഴിമതിയുടെ കറപുരളുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. വിദ്യാഭ്യാസമേഖല പൂര്‍ണമായും സുതാര്യവും അഴിമതിരഹിതവുമാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തെ കേള്‍ക്കാനും അനുഭാവപൂര്‍വം പരിഗണിക്കാനും അധികൃതര്‍ അടിയന്തരമായി തയാറാകേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിഷപ് ഡോ. മലയില്‍ സാബു
കോട്ടയം: രാജ്യത്തെ ദേശീയ പ്രവേശനപരീക്ഷാ ക്രമക്കേടുകളില്‍ വേദനയുണെന്നും യുവജനങ്ങളും വിദ്യാര്‍ഥികളും നടത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്. വിദ്യാഭ്യാസ സംവിധാനത്തിന്റെ സുതാര്യതയും നീതിയും തകര്‍ക്കുന്ന പ്രവേശനപരീക്ഷാ ക്രമക്കേടുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിക്കുന്നതായും യുവജനങ്ങളുടെ ആത്മവിശ്വാസത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പരീക്ഷാ ക്രമക്കേടുകളെ ശക്തമായി അപലപിക്കുന്നതായും ബിഷപ് പറഞ്ഞു.
പ്രവേശനപരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ചുയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി തെറ്റുകള്‍ക്ക് ഉത്തരവാദികളായവരെ നീയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഭരണപരമായ വീഴ്ചകളുടെയും അനാസ്ഥകളുടെയും ഇരകളായി യുവജനങ്ങളുടെ ഭാവി തകര്‍ക്കപ്പെടരുതെന്നും ബിഷപ് പറഞ്ഞു.
Tags : Entrance Exam NattuVishasham DistrictNews