ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള ഒപി ബ്ലോക്കും ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഉദ്ഘാടനം ചെയ്തുവെങ്കിലും പൊതുജനങ്ങൾക്കായി തുറന്നു നൽകാനാകുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് കെട്ടിടങ്ങൾ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തത്.
കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടു നൽകിയിരുന്ന കരാർ കാലാവധി ഏറെക്കുറെ പൂർത്തിയായെങ്കിലും പണികൾ പൂർത്തീകരിച്ചിട്ടില്ല. പണികൾ പൂർത്തിയാക്കാത്ത കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. ക്രിട്ടിക്കൽകെയർ ബ്ലോക്കിന്റെ 65 ശതമാനം ജോലികളാണ് പൂർത്തിയായത്. ആരോഗ്യവകുപ്പ് നേരിട്ടു നിർമിക്കുന്ന കെട്ടിടത്തിന് ആറു നിലയുടെ പ്ലാനാണുണ്ടായിരുന്നത്. നിലവിൽ മൂന്നു നിലകളാണ് പണിതിരിക്കുന്നത്. പ്ലാനിൽ നിന്നു മാറി കെട്ടിടം നിർമാണം നടത്തിയതു തന്നെ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് ഫയർ എൻഒസി ഇതേവരെ വാങ്ങിയിട്ടുമില്ല. നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവുകൾ പലതും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്പായി കെട്ടിടം പൂർത്തിയാക്കണമെന്ന അന്നത്തെ സർക്കാർ നൽകിയ നിർദേശപ്രകാരം പണികളുടെ സാങ്കേതിക വശങ്ങൾ പൂർണമായി പരിശോധിച്ചിട്ടില്ലെന്ന് എൻജിനിയറിംഗ് വിഭാഗം ഇതിനോടകം പരസ്യമായി സമ്മതിക്കുകയും ചെയ്തു.
നബാർഡിന്റെ കൂടി സഹായത്തോടെയുള്ള ഒപി ബ്ലോക്ക് നിർമാണം 80 ശതമാനത്തിലധികം പൂർത്തിയായി. ഓഗസ്റ്റ് 31നകം കെട്ടിടം പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസം കൂടി കരാറുകാരൻ അധികമായി ആവശ്യപ്പെട്ടിരുന്നു.
സ്ഥലസൗകര്യം പരിമിതം
കെട്ടിട നിർമാണം അനിശ്ചിതമായി നീളുന്നതോടെ ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയിലെത്തുന്നവർ നന്നേ ബുദ്ധിമുട്ടുകയാണ്. പരിമിതമായ സൗകര്യത്തിലാണ് അത്യാഹിത വിഭാഗവും ഒപിയും പ്രവർത്തിക്കുന്നത്. കിടക്കകളുടെ എണ്ണവും കുറഞ്ഞു. അടിയന്തര സാഹചര്യത്തിൽ രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഒപി .ടിക്കറ്റ് എടുക്കാൻ പോലും വെയിലും, മഴയും നനഞ്ഞ് ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൺസൾട്ടന്റ്് ജനറൽ മെഡിസിൻ , രണ്ട് സീനിയർ കൺസൾട്ടന്റ്, രണ്ട് ഓർത്തോ പീഡിക്, രണ്ട് നേത്രരോഗ വിദഗ്ധർ, പീഡിയാട്രീഷൻ, സീനിയർ ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ ആളില്ല.
ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളുമായി 50 ലേറെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനുണ്ട്.
ചികിത്സകളും പരിമിതപ്പെടുത്തി
സ്ഥലസൗകര്യമില്ലാത്തതും ഡോക്ടർമാരുടെ അഭാവവും കാരണം ജനറൽ ആശുപത്രിയിലെ ചികിത്സകളും പരിമിതപ്പെടുത്തി. ശസ്ത്രക്രിയ ഉപകരണങ്ങൾ അടക്കം പുതുതായി ലഭിച്ചത് പലതും ഉപയോഗിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ട്.
സാധാരണക്കാർക്ക് ഭാരിച്ച ചെലവില്ലാതെ മുട്ടുമാറ്റിവയ്ക്കൽ, കാലിലെ പൊട്ടലിന് കമ്പിയിടൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ തുടങ്ങിയവ ചെയ്യുന്നതിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബുദ്ധിമുട്ടായിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള ഉപകരണങ്ങളും ശസ്ത്രക്രിയ സാധനങ്ങളും വിതരണം ചെയ്യുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിക്ക് കൊടുക്കാൻ ഉള്ളത് മൂന്ന് കോടിയിലധികം രൂപയാണ്. അതിനാൽ അവർ വിതരണം നിർത്താനുള്ള ആലോചനയിലാണെന്ന് അറിയുന്നു.വിതരണം നിലച്ചാൽ വലയുന്നത് വലിയ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ശേഷി ഇല്ലാത്ത സാധാരണക്കാരായിരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സൗജന്യമായിട്ടാണ് ഉത്തരം ചികിത്സകൾ ഇവിടെ നടന്നുവരുന്നത്. 2012 മുതൽ സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഈ ഉപകരണങ്ങൾ നൽകുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്സാണ്. കഴിഞ്ഞ നാല് വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രി ഇവർക്ക് നൽകാനുള്ളത് മൂന്ന് കോടി രൂപയിലധികമാണ്. കോന്നി മെഡിക്കൽ കോളജ് കൊടുക്കാനുള്ളത് ഒന്നരക്കോടി രൂപയാണ്
മറ്റു സ്ഥലങ്ങളിൽ നിന്നും യഥാസമയം തുക ലഭിക്കാറുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിൽ നിന്നാണ് ഏറ്റവും അധികം കുടിശികയുള്ളതെന്ന് പറയുന്നു.
ആരോഗ്യമന്ത്രി ഇടപെട്ടു; അടിയന്തരയോഗം 29ന്
പത്തനംതിട്ട: നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയുടെ വികസനം സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ 29ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് അബിൻ വർക്കി ഇന്നലെ മന്ത്രിയെ നേരിൽ കണ്ട് ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ എംഎൽഎ നിലവിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.
അതേസമയ യോഗത്തിൽ ആശുപത്രിയിൽ നടന്ന സിവിൽ വർക്കുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വർക്കി കോടിയാട്ട് എംഎൽഎ പറഞ്ഞു.