പ്രതീകാത്മക ചിത്രം
പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായ കുളപ്പുള്ളി കനാൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെഐപി കാഞ്ഞിരപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
കമ്മീഷൻ ഉത്തരവിന്റെ പകർപ്പ് നബാർഡിന് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. നബാർഡിൽനിന്നും ഭരണാനുമതി ലഭ്യമായാൽ സമയബന്ധിതമായി കാലതാമസം കൂടാതെ പണികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കാലപ്പഴക്കം കാരണം കനാൽ നിലവിൽ ശോചനീയാവസ്ഥയിലാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഡിസംബറിൽ കൃഷിക്കും മാർച്ചിൽ കുടിവെള്ളത്തിനുമായി കുളപ്പുള്ളി കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോൾ വെള്ളം ചോരുന്നതായി മനസിലാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ വലിയതോതിലുള്ള അപകടങ്ങൾ ഉണ്ടാകാത്തതിനാൽ ജലവിതരണം തുടർന്നു. നബാർഡിൽനിന്നും സാന്പത്തികാനുമതിയും ഭരണാനുമതിയും ലഭ്യമായാലുടൻ നിർമാണം നടപ്പാക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ചളവറ പടിക്കലാത്ര വീട്ടിൽ രാമകൃഷ്ണന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ വീട് നിൽക്കുന്ന സ്ഥലത്ത് കനാലിലെ ദ്വാരങ്ങളിലൂടെ വെള്ളം ചോർന്ന് വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയാണെന്നു പരാതിയിൽ പറയുന്നു.